ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ കരുത്തുറ്റ നേതൃത്വത്തിലും ദീര്‍ഘവീക്ഷണത്തിലും കേരളം അതിദ്രുതം വികസിക്കുകയും പുരോഗമിക്കുകയും ചെയ്യുകയാണെന്ന നുണ എത്രവട്ടം ആവര്‍ത്തിച്ചാലും സത്യമാവാന്‍ പോകുന്നില്ല. ഇതിനു തെളിവാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ പ്രവാസി വ്യവസായി ഷാലിമോന്‍ ജോര്‍ജ് 25 കോടി രൂപ മുടക്കി ആരംഭിച്ച സംരംഭത്തെ നശിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ സിപിഎം നേതാക്കളും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന ഹീനമായ ശ്രമങ്ങള്‍. യുവസംരംഭകന് തുടങ്ങിയ ഹോട്ടല്‍ കം സ്പോര്‍ട്സ് വില്ലേജ് എന്ന സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാതെയാണ് പഞ്ചായത്ത് അധികൃതര്‍ ദ്രോഹിക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ നാല് നില കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിച്ചെങ്കിലും ആറ് നിലയാക്കുന്നതിന് അപേക്ഷിച്ചപ്പോള്‍ പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതായി ഷാലിമോന്‍ വിജിലന്‍സില്‍ പരാതി നല്കി. ഇതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥന് അറസ്റ്റിലായെങ്കിലും പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് നമ്പര്‍ കൊടുക്കാന്‍ ഭരണസമിതി തയ്യാറായില്ല. വിജിലന്‍സില്‍ പരാതി കൊടുത്തതിന്റെ പ്രതികാരം വീട്ടുകയായിരുന്നു ഇവരെന്നാണ് പ്രവാസി വ്യവസായി പറഞ്ഞത്. കെട്ടിട നമ്പര്‍ നല്‍കണമെന്ന ആവശ്യവുമായി ഗ്രാമപഞ്ചായത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയെങ്കിലും ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പഞ്ചായത്ത് ഓഫീസിന് മുന്പില് കട്ടില് കൊണ്ടുവന്നിട്ട് സമരം തുടങ്ങിയ യുവസംരംഭകനെ പോലീസിനെ വിളിച്ചുവരുത്തി അവിടെനിന്ന് നീക്കുകയാണുണ്ടായത്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കെട്ടിട നമ്പര്‍ നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ സമരം അവസാനിപ്പിക്കുകയുണ്ടായി.
കേരളത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും വികസനം കൊണ്ടുവരാനും എന്നൊക്കെ കൊട്ടിഘോഷിച്ച് തലസ്ഥാനത്ത് നടത്തിയ കേരളീയം പരിപാടി അവസാനിക്കുന്ന ദിവസമാണ് ഒരു നാടിന്റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന യുവസംരംഭകനെ അധികാരത്തിന്റെ ഹുങ്കില്‍ കഠിനമായി പീഡിപ്പിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇടതുമുന്നണി ഭരണത്തില്‍ വികസനവിരുദ്ധമായ ഇത്തരം നിരവധി സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ അധ്യക്ഷയായ ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ നിര്‍മിച്ച ഓഡിറ്റോറിയത്തിന് അനുമതി നല്‍കാത്തതില്‍ മനംനൊന്ത് സാജന് എന്ന പ്രവാസി ആത്മഹത്യ ചെയ്യുകയുണ്ടായി. പുനലൂരില്‍ ഒരു വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുഗതന് ആചാരി എന്ന പ്രവാസിയും ആത്മഹത്യ ചെയ്തു. വൈപ്പിന്‍ കുഴുപ്പിള്ളിയില്‍ ഒരു വനിത നടത്തുന്ന പാചകവാതക ഏജന്‍സി പൂട്ടിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു. കോട്ടയം കുമരകത്ത് ഒരു വിമുക്തഭടനെ സിപിഎമ്മുകാര്‍ ബസ് സര്‍വീസ് നടത്താന്‍ അനുവദിക്കാതിരുന്നതും, പോലീസിന്റെ സംരക്ഷണമുണ്ടായിരിക്കെ മര്‍ദ്ദിച്ചതും വലിയ വിവാദമാവുകയുണ്ടായി. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുകളെത്തുടര്‍ന്നാണ് ഈ സംരംഭകന് നീതി ലഭിച്ചത്. നിയമം എന്തുതന്നെയായിരുന്നാലും സിപിഎമ്മിന്റെ അനുമതിയാണ് പ്രധാനം. അഴിമതിക്ക് വകുപ്പില്ലെങ്കില്‍ പാര്‍ട്ടി നേതാക്കള്‍ ഒന്നും അനുവദിക്കുന്ന പ്രശ്നമില്ല. വികസനമെന്നാല്‍ അവര്‍ക്ക് പാര്‍ട്ടിയുടെ വികസനമാണ്. നേതാക്കളുടെ കീശ വീര്‍പ്പിക്കലാണ്. ഇതിന് തടസ്സം നില്ക്കാന് ഒരാളെയും അനുവദിക്കില്ല. തടസ്സം സൃഷ്ടിക്കുന്നവര്‍ നീക്കം ചെയ്യപ്പെടും.
കേരളം വികസന പാതയില്‍ മുന്നേറണമെന്ന് സിപിഎം ഒരുകാലത്തും ആഗ്രഹിച്ചിട്ടില്ല. കേരള മോഡല്‍ വികസനത്തെക്കുറിച്ച് അവര്‍ വാചാലരാവും. പഠന കോണ്‍ഗ്രസുകള്‍ സംഘടിപ്പിക്കും. എന്നാല്‍ ട്രേഡ് യൂണിയന്‍കാരെയും പാര്‍ട്ടിക്കാരെയും കയറൂരിവിട്ട് വികസനവിരുദ്ധമായ അന്തരീക്ഷം സൃഷ്ടിക്കും. നിക്ഷേപം നടത്താനെത്തുന്നവരെ ആട്ടിയോടിക്കും. ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരെ സമരം ചെയ്ത് പുരോഗതിക്ക് വിലങ്ങുതടിയായി നില്ക്കും. ജനകീയാസൂത്രണം പോലെ പാര്‍ട്ടിക്ക് നേട്ടമുണ്ടാകുന്ന പരിപാടികളാണ് ഇവര്‍ വികസനമെന്ന പേരില്‍ നടപ്പാക്കുക. ഇതാകട്ടെ വികസനപാതയില്‍ നാടിനെ ഒരിഞ്ചുപോലും മുന്നോട്ടു നയിക്കില്ല. പിണറായി മോഡല്‍ വികസനമെന്നത് ഇതില്‍നിന്ന് കുറച്ചുകൂടി വ്യത്യസ്തമാണ്. അത് അഴിമതി മുന്‍നിര്‍ത്തിയുള്ള കരാറുകളും നിര്‍മിതികളുമാണ്. നിര്‍മാണം നടന്നാലും ഇല്ലെങ്കിലും പദ്ധതിത്തുകയുടെ വലിയൊരു ഭാഗം കമ്മീഷനായി കൈപ്പറ്റുകയെന്നതാണ് ഇതിന്റെ പ്രത്യേകത. സംസ്ഥാനത്ത് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയിട്ടുള്ള ചെറുതും വലുതുമായ പദ്ധതികള്‍ ഏതാണ്ടെല്ലാംതന്നെ ഇതിനുവേണ്ടിയുള്ളതാണ്. പിണറായി വിജയന് വാശിയോടെ നടപ്പാക്കാന്‍ ശ്രമിച്ച സില്‍വര്‍ലൈന്‍ പദ്ധതിക്കു പിന്നില്‍ സഹസ്രകോടികളുടെ അഴിമതി നടത്താനുള്ള വ്യഗ്രതയാണുണ്ടായിരുന്നത്. ജനരോഷത്താലും കേന്ദ്രസര്‍ക്കാരിന്റെ അനുവാദം ലഭിക്കാതെയും പിന്മാറേണ്ടിവന്ന ഈ പദ്ധതിക്കുവേണ്ടി പിണറായി ഇപ്പോഴും ശാഠ്യം പിടിക്കുന്നതിനു പിന്നില്‍ അഴിമതി ഒന്നുമാത്രമാണ്. വികസനം വരികയും നാട് പുരോഗമിക്കുകയും ജനങ്ങള്‍ സംതൃപ്തരാവുകയും ചെയ്താല്‍ പാര്‍ട്ടിയുടെ രാഷ്ട്രീയത്തിന് തിരിച്ചടിയാവുമെന്ന് ഉറപ്പുള്ളതിനാല്‍ സിപിഎമ്മും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഒരുകാലത്തും വികസനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി ഒന്നും ചെയ്യില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: