അബുദാബി: ഐക്യരാഷ്ട്ര സഭയുടെ ആഗോള ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് (സിഒപി-28) അബുദാബിയില്‍ സംഘടിപ്പിച്ച ആത്മീയാചാര്യന്മാരുടെ സമ്മേളനത്തില്‍ ഭാരതത്തിന്റെ പ്രതിനിധിയായി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപാനന്ദപുരി പങ്കെടുത്തു.
കാലാവസ്ഥാ പ്രതിസന്ധിയെ ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുന്നതില്‍ ആത്മീയ ആചാര്യന്മാരുടെ പങ്ക് വളരെ വലുതാണെന്ന് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ലോകത്തിന്റെയാകെ വീടായ ഈ ഭൂമിയെ വരും തലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുകയെന്നത് നമ്മള് ഓരോരുത്തരുടെയും കടമയാണ്.
ഭൂമിക്ക് ഇനി എത്രകാലം വാസയോഗ്യമായി നിലനില്‍ക്കാനാകുമെന്ന ചോദ്യമാണ് ഇപ്പോള്‍ പലരുടെയും മനസ്സിലുള്ളത്. ഇങ്ങനെയൊരു ചോദ്യം ഏറെ പ്രസക്തമായിട്ട് കഴിഞ്ഞ കുറച്ച് ദശകങ്ങളേ ആയിട്ടുള്ളൂ. നമ്മള് തന്നെ സൃഷ്ടിച്ച ഈ പ്രശ്നത്തിന്റെ പ്രത്യാഘാതം അടുത്തു തന്നെ നേരിടേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം നമ്മള് മനസ്സിലാക്കണമെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി കൂട്ടിച്ചേര്‍ത്തു.
യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്, വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ പിയട്രോ പരോലിന്, അല്‍-അസര്‍ മോസ്ക് ഇമാം പ്രൊഫ.മുഹമ്മദ് അല്‍ ദുവേനി, കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസ് ബാവ ബര്തോലോമേവ് ഒന്നാമന് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള അടിയന്തര നടപടികള്‍ക്ക് പിന്തുണ നല്കുന്ന പ്രസ്താവനയില്‍ പ്രതിനിധികള്‍ ഒപ്പുവച്ചു. മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ഉച്ചകോടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മതനേതാക്കളും അക്കാദമിക് വിദഗ്ധരും കാലാവസ്ഥാ ശാസ്ത്രജ്ഞരുമുള്‍പ്പെടെ ഇരുനൂറോളം പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: