കൊച്ചി: കെസിബിസി മീഡിയ കമ്മിഷന്റെ 2023ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെസിബിസി സംസ്കൃതി പുരസ്കാരം ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എം. തോമസ് മാത്യുവിന്. മലയാള ലിപി പാഠ്യപദ്ധതിയില്‍ തിരികെ എത്തിക്കുന്നതുള്‍പ്പെടെ, ഭാഷയ്ക്കു നല്കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി ഡോ. തോമസ് മൂലയിലിന് ദാര്‍ശനിക – വൈജ്ഞാനിക പുരസ്കാരം നല്‍കും. കോളജ് പ്രിന്‍സിപ്പലും സജീവ സാമൂഹ്യ, സാംസ്കാരിക, സഭാ പ്രവര്‍ത്തകനുമായ പ്രൊഫ. തോമസ് കൈമലയില്‍, അരനൂറ്റാണ്ടോളമായായുള്ള അരങ്ങിലെ മികവിന് സംസ്ഥാന, സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ നേടിയ ജോര്‍ജ് കണക്കശേരി എന്നിവര്‍ക്കാണു ഗുരുപൂജ പുരസ്കാരം.
‘വല്ലി’ എന്ന നോവലിലൂടെ സാഹിത്യ ലോകത്ത് മികവടയാളമെഴുതിയ ഷീല ടോമിക്കാണു സാഹിത്യ അവാര്‍ഡ്. നാടക, സിനിമാ മേഖലകളില്‍ അഭിനയമികവു പ്രകടിപ്പിച്ച നടി പൗളി വത്സനു മീഡിയ അവാര്‍ഡ് നല്‍കും.സംവിധാന രംഗത്ത് ആദ്യ സിനിമയിലൂടെ തന്നെ (ജോണ്‍ ലൂഥര്‍) ശ്രദ്ധിക്കപ്പെട്ട അഭിജിത്ത് ജോസഫിനാണു യുവ പ്രതിഭ പുരസ്കാരം. കെസിബിസി മീഡിയ കമ്മിഷന് ചെയര്മാന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അവാര്‍ഡ് പ്രഖ്യാപിച്ചു. ഡിസം. ആറിനു പാലാരിവട്ടം പിഒസിയില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്നു കമ്മിഷന് സെക്രട്ടറിഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: