കൊച്ചി: കേരള സര്‍ക്കാരിന്റെ നല്കിയ ഗ്യാരണ്ടിയില്‍ വിശ്വസിച്ചാണ് കൊല്‍ക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷന് 130 കോടി രൂപ സര്‍ക്കാിന്റെ ഭാഗമായ കെടിഡിഎഫ് സിയില്‍ നിക്ഷേപിച്ചത്. നിക്ഷേപകാലാവധി അവസാനിച്ചിട്ടും തുക മടക്കിക്കൊടുക്കാത്തതിനാല്‍ കേരള ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ബാങ്കിംഗ് ഇതര സ്ഥാപനമാണ് കെടിഡിഎഫ് സി. റിസര്‍വ്വ് ബാങ്ക് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയിലാണ് ശ്രീരാമകൃഷ്ണ മിഷന് തുക നിക്ഷേപിച്ചിരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ മറുപടി സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നാണ്. അതായത് പണം ഇപ്പോള്‍ തിരികെ നല്‍കാനാവില്ലെന്ന് സാരം. കൊല്‍ക്കത്തയിലെ ലക്ഷ്മീനാഥ് ട്രേഡ് ലിങ്ക് ലിമിറ്റഡിന് 30 ലക്ഷം തിരിച്ചുകിട്ടാനുണ്ട്. ഇവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉറപ്പില്‍ നിക്ഷേപം നല്കി കാലാവധി തീര്‍ന്നപ്പോള്‍ മടക്കിക്കൊടുക്കാതിരിക്കുന്നത് നാണക്കേടാണെന്നാണ് കേസില്‍ വാദം കേട്ട ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ നിരീക്ഷണം. കേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.
വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 490 കോടി രൂപയോളം കെടിഡിഎഫ് സി എന്ന കേരളസര്‍ക്കാരിന്റെ കീഴിലുള്ള ബാങ്കിംഗ് ഇതരസ്ഥാപനം നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. കേരളബാങ്ക് നല്ലൊരു തുക കെടിഡിഎഫ് സിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപം സംബന്ധിച്ചും ആശങ്ക നിലനില്ക്കുന്നു. ഇത് കേരളബാങ്കിന്റെ സാമ്പത്തിക ആരോഗ്യത്തെ ഭാവിയില്‍ ബാധിക്കച്ചേക്കുമോ എന്ന ആശങ്കയും ഉണ്ട്. കെഎസ് ആര്‍ടിസി വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ നല്‍കാനായി രൂപീകരിച്ച സ്ഥാപനമാണ് കെടിഡിഎഫ് സി എന്ന് പറയുന്നു. അതിനാല്‍ നല്കിയ തുക കെഎസ്ആര്‍ടിസി
തിരിച്ചടച്ചാല്‍ പണം നല്‍കാമെന്ന നിലപാടും സര്‍ക്കാരിനുണ്ട്.
ഇതിന്റെ പേരില്‍ സര്‍ക്കാര്‍ വസ്തു പിടിച്ചെടുത്ത് വിറ്റ് പണം തിരിച്ചുകൊടുക്കാനാവുമോ? കെടിഡിഎഫ് സിയെ ലിക്വിഡേറ്റ് ചെയ്യാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടോ? എന്നീ കാര്യങ്ങള്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറിയാണ് സത്യവാങ് മൂലം ഫയല്‍ ചെയ്തത്. ഈ സത്യവാങ് മൂലത്തില്‍ നിക്ഷേപം വാങ്ങിയത് തിരിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വം കാണിക്കാത്തതിനാല്‍ മറ്റൊരു സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കോടതി.
റിസര്‍വ്വ് ബാങ്ക് കെടിഡിഎഫ് സിയുടെ ബാങ്കിംഗ് ഇതര ലൈസന്‍സ് റദ്ദാക്കിക്കഴിഞ്ഞു. കെടിഡിഎഫ് സിയില്‍ നല്ലൊരു തുക നിക്ഷേപിച്ചതിനാല്‍ കേരള ബാങ്കിനെയും റിസര്‍വ്വ് ബാങ്ക് അടുത്ത് നിരീക്ഷിക്കുന്നുണ്ട്.കുറച്ചുനാള്‍ മുന്‍പത്തെ ഒരു സിഎജി റിപ്പോര്‍ട്ടില്‍ ധനകാര്യ മാനേജ് മെന്റിലെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് സര്‍ക്കാര്‍ ധനപ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാടിയിരുന്നു.
എന്തായാലും ഈ സംഭവത്തോടെ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഗ്യാരണ്ടിയ്ക്ക് നിക്ഷേപകര്‍ക്കിടയില്‍ വില നഷ്ടപ്പെടുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: