കൊല്ലം: ഹൃദയാഘാതമുണ്ടായി നിലത്തുവീണു കിടന്ന സുരക്ഷാ ജീവനക്കാരന്റെ ജീവന് രക്ഷിച്ച് നൈറ്റ് പട്രോളിംഗ് നടത്തിയ രണ്ടംഗ പോലീസ് സംഘം. മയ്യനാട് രേവതി ഹൗസില്‍ രാജശേഖരന്റെ (60) ജീവനാണ് കൊല്ലം പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ പോലീസ് പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ എ.സി. രാജേഷ് കുമാര്‍, സിപിഒ ദീപക് എന്നിവരുടെ അവസരോചിതമായ ഇടപെടലില്‍ തിരികെ ലഭിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ പള്ളിത്തോട്ടം സ്റ്റേഷന് പരിധിയിലെ സ്വകാര്യ സ്ഥാപനത്തിന്റെ മുന്നിലെത്തി ബീറ്റ് ബുക്കില്‍ ഒപ്പിടാന്‍ എത്തിയതായിരുന്നു പോലീസ് സംഘം. നല്ല മഴയായിരുന്നു. സുരക്ഷാ ജീവനക്കാരനെ സ്ഥിരം ഇരിക്കാറുള്ള സ്ഥാനത്ത് കണ്ടില്ല. പരിശോധിച്ചപ്പോള്‍ മഴയില്‍ തറയില്‍ വീണു കിടക്കുന്നതു കണ്ടു.
ഉടന്‍ തന്നെ പള്ളിത്തോട്ടം എസ്എച്ച്ഒ ഫയാസിനെ അറിയിച്ചു. കൊല്ലം കണ്ട്രോള് റൂമില്‍ അറിയിച്ച് ആംബുലന്‍സ് വിളിച്ചുവരുത്തി രാജശേഖരനെ ഉടന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഏഴര മണിക്ക് കുഴഞ്ഞുവീണ രാജശേഖരന്റെ ദൃശ്യങ്ങളാണ് കാണാന്‍ കഴിഞ്ഞത്. അഞ്ചു മണിക്കൂറോളം അവശനായി കിടക്കേണ്ടിവന്നു. പോലീസ് ഉദ്യോഗസ്ഥരെ നിരവധി പേര് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: