യമുനാതീരത്ത് ചാത്ത് പൂജ നിരോധിച്ച ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ് മെന്റ് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ഹിന്ദു ഭക്തരുടെ രണ്ട് സൊസൈറ്റികള്‍ നല്കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. യമുനാനദിയുടെ തീരത്ത് സൂര്യഭഗവാനെ സ്ത്രീകള്‍ പ്രാര്ത്ഥിക്കുന്നതുള്പ്പെടെയുള്ളതാണ് ചാത്ത് പൂജ.
യമുനയുടെ തീരത്ത് തന്നെ പൂജ നടത്താന്‍ അര്ഹാരാണെന്ന് ഫലപ്രദമായി ചൂണ്ടിക്കാട്ടാന്‍ ഹിന്ദു ഭക്തരുടെ സൊസൈറ്റികള്‍ക്ക് സാധിച്ചില്ലെന്നാണ് ദല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ് മെന്റ് അതോറിറ്റി നേരത്തെ തന്നെ ചാത്ത് പൂജ നടത്തേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. അന്നൊന്നും യമുനാനദീതീരം ഉള്‍പ്പെടെ കൂടുതല്‍ ഇടങ്ങള്‍ പൂജയ്ക്ക് വേണമെന്ന് ആവശ്യപ്പെട്ട് എന്തുകൊണ്ടാണ് ആരും ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ് മെന്റ് അതോറിറ്റിയെ സമീപിക്കാതിരുന്നതെന്നും ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് രേഖാ പള്ളി ചോദിച്ചു.
ചാത്ത് പൂജ നേരത്തെ തുടങ്ങിക്കഴിഞ്ഞെന്ന ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ് മെന്റ് അതോറിറ്റിയുടെ വാദം ഖണ്ഡിക്കാന്‍ ഹിന്ദു ഭക്തരുടെ സൊസൈറ്റിക്ക് സാധിച്ചില്ല. അതിനാല്‍ ഇനി കൂടുതല്‍ പൂജാ ഇടങ്ങള്‍ ഇനി അനുവദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് കൂടിയുള്ള നിരീക്ഷണത്തോടെയാണ് ഹിന്ദു ഭക്തരുടെ സൈസൈറ്റികള്‍ നല്കിയ ഹര്‍ജികള്‍ തള്ളിയത്. എല്ലാ ഭക്തരുടെയും വികാരങ്ങളെ മാനിച്ചിട്ടുണ്ടെന്നും ഭക്തര്‍ക്ക് യാതൊരു തടസ്സവും വരാതെ ചാത്ത് പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ് മെന്റ് അതോറിറ്റിയുടെ അഭിഭാഷകന് വാദിച്ചു.
ചാത്ത് പൂജ
വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദു ഭക്തരുടെ ഇടയില്‍ നിലനില്‍ക്കുന്ന ഒരു ആചാരമാണ് ചാത്ത് പൂജ. ഈ നാളില്‍ നദീതീരത്തോ കടല്‍തീരത്തോ നിന്ന് സൂര്യഭഗവാനെയാണ് പ്രാര്‍ത്ഥിക്കുക. ജീവിതത്തില്‍ നല്കിയ ഔദാര്യങ്ങള്‍ക്ക് നന്ദി പറയുന്നതോടൊപ്പം ചില ആഗ്രഹങ്ങള്‍ നടത്തിത്തരണേ എന്നും പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുക. സ്ത്രീകളാണ് പൊതുവെ ജലത്തില്‍ ഇറങ്ങി നിന്ന് സൂര്യഭഗവാനെ നോക്കി പ്രാര്‍ത്ഥിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: