ഭോപാല്‍: രാജ്യത്തെ ആദ്യത്തെ ഗോത്രവര്‍ഗ രാഷ്ട്രപതിയായി ദ്രൗപദി മുര്‍മ്മുവിനെ തെരഞ്ഞെടുക്കുന്നതിനെ എതിര്‍ത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കോണ്‍ഗ്രസ് പട്ടികവര്‍ഗക്കാരുടെ വോട്ട് മാത്രം മതി, അവരുടെ ക്ഷേമത്തില്‍ താത്പര്യമില്ല. രാജ്യത്തെ ആദ്യത്തെ പട്ടികവര്‍ഗ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ സത്യപ്രതിജ്ഞയിലും അവര്‍ പങ്കെടുത്തില്ല. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേക മന്ത്രാലയം തന്നെ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചു.
ഗോത്രവിഭാഗത്തിന്റെ ക്ഷേമത്തിനായി ബജറ്റില്‍ കോടികള്‍ വകയിരുത്തുകയും ചെയ്തു. പാവപ്പെട്ടവര്‍, ദളിത്, ഒബിസി, വനവാസി എന്നീ വിഭാഗങ്ങളുടെ വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് ആവശ്യം. അവരുടെ ക്ഷേമത്തിനായി ഒന്നും ചെയ്തില്ലെന്നും മോദി പറഞ്ഞു.
അഴിമതി അവസാനിപ്പിച്ച് പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതികളാണ് ബിജെപി സര്‍ക്കാര്‍ ആവിഷ്കരിച്ചത്. പരമ്പരാഗത ആര്‍ട്ടിസാന്‍സ്, കരകൗശല തൊഴിലാളികള്‍ക്കായി പിഎം വിശ്വകര്‍മ്മ പദ്ധതി പ്രകാരം 13,000 കോടി രൂപ ചെലവഴിച്ചു. വിന്ധ്യാമേഖലയില് വലിയ സോളാര്‍ പവര്‍ സെന്ററുകള്‍ വികസിപ്പിച്ചതായും മോദി പറഞ്ഞു. വിശന്ന് വലയുന്ന ഒരു കുടുംബവും രാജ്യത്തുണ്ടാകില്ലെന്ന് ഉറപ്പു നല്കുന്നു. സൗജന്യ റേഷന്‍ വിതരണം അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയിരിക്കുകയാണ്.
നാല്-അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരുമാസം 700-800 രൂപ ലാഭിക്കാവുന്ന തരത്തിലാണ് സൗജന്യ റേഷന്‍ പദ്ധതി. ആയുഷ്മാന്‍ കാര്‍ഡിലൂടെ പാവങ്ങള്‍ക്ക് സൗജന്യ ചികിത്സ ഒരുക്കി. ബിജെപി സര്‍ക്കാര്‍ പതിനായിരം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിച്ചു. എണ്‍പത് ശതമാനം വിലക്കുറവിലാണ് മരുന്നുകള്‍ നല്‍കുന്നത്.
ഇതിലൂടെ പാവപ്പെട്ടവര്‍ക്ക് 25000 കോടി രൂപ ലാഭിക്കാനായി. പാവപ്പെട്ടവരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തെങ്കിലും നടപ്പാക്കിയില്ല. എന്നാല്‍ ബിജെപി നടപ്പിലാക്കി. കോണ്‍ഗ്രസ് ആവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: