പാലക്കാട്: നഗരസഭയും ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയും സഹകരിച്ച് അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട കല്പാത്തിയില് സ്ഥാപിച്ച പുഴയോര സോളാര്‍ തെരുവുവിളക്കുകള്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന് ഉദ്ഘാടനം ചെയ്തു. പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന മെട്രോമാന് ഇ. ശ്രീധരന് നേതൃത്വം നല്കുന്ന ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയാണ് തെരുവുവിളക്ക് സ്ഥാപിച്ചത്.
100 വാട്ട് എനര്‍ജിയുള്ള 4 ലൈറ്റുകളാണ് കുണ്ടമ്പലം കടവ് പരിസരത്ത് സ്ഥാപിച്ചത്. ഇതിന് 70,000 രൂപയാണ് ചെലവുവരുന്നത്. ആദ്യത്തെ രണ്ടുവര്‍ഷത്തേക്ക് സൗജന്യ പരിപാലനം കമ്പനിയുടേതായിരിക്കും. കുണ്ടമ്പലം മുതല്‍ ഗോവിന്ദരാജപുരം വരെയുള്ള പ്രദേശത്താണ് ലൈറ്റുകളും സ്ഥാപിച്ചത്. ശുചീകരണ പ്രവൃത്തികളും ഇതോടൊപ്പം നടക്കും. അതിനാല്‍ ലൈറ്റുകള്‍ തെളിഞ്ഞതോടെ ഇത്തവണ കല്പാത്തി രഥോത്സവത്തിനെത്തുന്ന ആയിരക്കണക്കിനാളുകള്‍ക്ക് സൗകര്യപ്രദമായിരിക്കും.
പ്രകൃതി വിഭവങ്ങള്‍ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി ജനോപകാരപ്രദമാക്കാന്‍ ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുടെ സഹകരണത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമായതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന് ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മെട്രോമാന് ഇ. ശ്രീധരന്റെ സഹകരണവും ഉപദേശവും അനുഗ്രഹമായി കരുതുന്നു. മാത്രമല്ല, കല്പാത്തി പുഴയുടെ സംരക്ഷണത്തില്‍ ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ നടത്തിവരുന്ന സേവനവും അഭിനന്ദനാര്‍ഹമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ജലം, ജലസ്രോതസുകളുടെ സംരക്ഷണം എന്നിവയില്‍ നഗരസഭ മുന്‍ഗണന നല്‍കുന്നുണ്ടെന്നും സ്വീകാര്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. വിശ്വനാഥന് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എസ്. മീനാക്ഷി, എഫ്ഒബി പാലക്കാട് ചാപ്റ്റര്‍ വി.എല്‍. നടരാജന്, കുണ്ടമ്പലം മാനേജിങ് ട്രസ്റ്റി വി.കെ. സുജിത്ത്, മന്തക്കര ഗണപതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.എസ്. കൃഷ്ണ, എഫ്ഒബി പാലക്കാട് ചാപ്റ്റര്‍ അംഗങ്ങളായ അനന്തലക്ഷ്മിറാം, മഹേഷ് കോവത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: