മേനി പറയുന്നതില്‍ മലയാളികള്‍ ആരേക്കാളും മുന്നിലാണല്ലോ. അങ്ങിനെയൊരു മേനിപറച്ചില്‍ സര്‍ക്കാര്‍ ചെലവിലായാലോ. അത് കെങ്കേമമായില്ലെങ്കിലല്ലേ അത്ഭുതം. നവംബര്‍ ഒന്നുമുതല്‍ 7വരെ ഒരു മേനിപറച്ചില്‍ മാമാങ്കം തന്നെയായിരുന്നു കേരളീയത്തിന്റെ പേരില്‍ തിരുവനന്തപുരത്ത്. കഴിഞ്ഞ 67 വര്‍ഷങ്ങളായി കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കയ്യും കണക്കുമില്ലത്രെ. ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയവയുമാണവയെല്ലാം.
കേരള മോഡല്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായെന്ന് പറയുന്നു. സാമൂഹിക വികസനത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യാരംഗത്തുമെല്ലാം സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കണമെന്ന് സര്‍ക്കാരിന് തോന്നണമെങ്കില്‍ കൊട്ടിഘോഷിക്കുന്ന നേട്ടങ്ങളില്‍ എന്തോ പന്തികേടില്ലെ? ലോകം ചര്‍ച്ച ചെയ്ത കേരള മോഡല്‍ കേരളത്തിന്റെ ഭാവി ആവശ്യങ്ങള്‍, ഭാവികേരളം എങ്ങനെ ആയിരിക്കണമെന്ന ആലോചനകള്‍, കേരളത്തെ അതിന്റെ സാംസ്കാരികവും തന്മയഭാവത്തോടും കൂടെ അവതരിപ്പിക്കല്‍ തുടങ്ങി വിവിധോദ്ദേശ്യങ്ങളോടെ അവതരിപ്പിക്കേണ്ടതുണ്ടോ? ഉണ്ടെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
കേരളം കൈവരിച്ച നേട്ടങ്ങളേയും വിവിധ മേഖലകള്‍ നേരിടുന്ന പ്രശ്നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങളും തനത് വിഭവങ്ങളെയും സാംസ്കാരിക പൈതൃകത്തെയും കാര്‍ഷിക വ്യാവസായിക പുരോഗതിയേയും നൂതന സാങ്കേതികവിദ്യാരംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദര്‍ശനങ്ങളുമാണ് കേരളീയത്തിന്റെ ഭാഗമായി നടത്തിയത്. ഈ നേട്ടങ്ങളെല്ലാം ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യുന്നതല്ലെ, പിന്നെന്തിനാണീ പ്രദര്‍ശനം എന്നൊന്നും ആരും ചോദിച്ചേക്കരുത്. കഥയില്‍ ചോദ്യമില്ല എന്നൊരു ചൊല്ലുതന്നെ ഉണ്ടല്ലൊ. ഇത് തുടക്കം മാത്രമാണ്. അടുത്തവര്‍ഷം മുതല്‍ ഇത് തുടര്‍ച്ചയാണ്. ചുരുക്കിപറഞ്ഞാല്‍ ഒരുമാസം മുമ്പു നടത്തേണ്ട ഓണാഘോഷം ഗോവിന്ദ! പകരമാകും ഈ മാമാങ്കം. ഒരാഴ്ചത്തെ ഒരു മാമാങ്കം.
നവംബര്‍ 1 മുതല്‍ 7 വരെ വ്യത്യസ്ത വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച സെമിനാറുകളായിരുന്നുവത്രെ. ദേശീയവും അന്തര്‍ദ്ദേശീയവുമായ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. അങ്ങിനെയൊരു പ്രഗത്ഭവ്യക്തിത്വങ്ങളെയൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. 200 പ്രതിഭകള്‍ 25 സെമിനാറുകള്‍ എന്നൊക്കെ കേട്ടു. പരിപാടികളുടെ ചെലവില്‍ ഒരു പിശുക്കും കാണിച്ചില്ല. ഏഴുദിവസത്തെ പരിപാടികള്‍ക്ക് 27 കോടി രൂപ നീക്കിയിരിപ്പ്. ഇതിന് പുറമെ സ്പോണ്‍സര്‍ഷിപ്പുമുണ്ട്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ചെണ്ടമേളവും കുറേ വിദ്വാന്മാരുടെ പരിപാടികളും സംഗീതനിശകളും പഴയകാലസിനിമകളും മാത്രമല്ല, കനകക്കുന്നുമുതല് കിഴക്കേകോട്ടവരെ വൈദ്യുതി ദീപാലങ്കാരുമെല്ലാമായാല് കേരളം മികച്ചതാണെന്ന് മാലോകര്‍ വിളിച്ചുപറയുമോ?
27 കോടി ധൂര്‍ത്തല്ല മുതല്മുടക്കാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. 28 വേദികളിലായി 400 ല്‍പ്പരം വൈവിധ്യമാര്‍ന്ന പരിപാടികളില്‍ 3000 ത്തില്പ്പരംപേര് പങ്കെടുത്തു എന്നുപറയുന്നു. അതില്‍പ്പെടുന്നതാണ് ‘ആദിമം’ എന്ന ആദിവാസി പ്രദര്‍ശനം. അത് വിവാദമായിരിക്കുന്നു. വിവിധ ആദിവാസി സംഘടനകളും മന്ത്രി രാധാകൃഷ്ണന് തന്നെയും അതിനെതിരെ രംഗത്തുവന്നു. ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കി വച്ചതിലാണ് അമര്‍ഷം. അവിടെ ഒരുക്കിയിരിക്കുന്നത് കലാപ്രകടനമാണ്. വ്യാജപ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് വിമര്‍ശിക്കരുത് എന്നും ഫോക്ലോര് അക്കാദമി ചെയര്മാന് വ്യക്തമാക്കി. ഫേയ്സ്ബുക്ക് പേജിലിട്ട വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഫോക്ലോര് അക്കാദമി ചെയര്മാന് രംഗത്തെത്തിയത്. പിഴവ് എന്തെന്ന് ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ തയ്യാറാണെന്നും പ്രദര്‍ശനം കാണാതെയും കാര്യമറിയാതെയും വിമര്‍ശിക്കരുതെന്നും പറയുന്നു.
ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കിയിട്ടില്ല. അവരുടെ കലാപ്രകടനങ്ങളുടെ അവതരണമാണ് നടത്തിയത്. ആദിവാസികളെ പ്രദര്‍ശനവസ്തു ആക്കരുതെന്ന് തന്നെയാണ് ഫോക്ലോര് അക്കാദമിയുടെയും അഭിപ്രായം. അവരുടെ ചരിത്രം ബോധ്യപ്പെടുത്താനും പണ്ട് ജീവിച്ചിരുന്ന സാഹചര്യം പരിചയപ്പെടുത്താനുമാണ് ഇത്തരമൊരു പരിപാടി നടത്തിയത്. തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്തും. ആരെങ്കിലും ഫോട്ടോയെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതുകണ്ട് വിമര്‍ശനം ഉന്നയിക്കരുത്. തെറ്റ് ബോധ്യപ്പെട്ടാല്‍ അംഗീകരിക്കുമെന്നും വേണ്ടിവന്നാല്‍ മാപ്പുപറയാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടയിലാണ് മാനവീയം വീഥിയില്‍ കൂട്ടത്തല്ല്.
മാനവീയം വീഥിയില്‍ രാത്രി നടന്ന കൂട്ടയടിയെ തുടര്‍ന്ന് നൈറ്റ് ലൈഫില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പൊലീസ് തീരുമാനം. നൈറ്റ് ലൈഫ് ആഘോഷത്തിന് കൂടുതല്‍ ജാഗ്രതയ്ക്കായി ഒറ്റയടിക്ക് 5 തീരുമാനങ്ങളാണ് പൊലീസ് കൈക്കൊണ്ടിരിക്കുന്നത്. മാനവീയം വീഥിയില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിലും പൊലിസിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടാകരുതെന്ന് കമ്മീഷണര്‍ പ്രത്യേക നിര്‍ദ്ദേശം നല്കിയിട്ടുണ്ടത്രെ.
നിയന്ത്രണവും പരിശോധനയും കടുപ്പിക്കുമെങ്കിലും പൊലീസിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്നാണ് കമ്മീഷണര്‍ നല്കുന്ന ഉറപ്പ്. ഇക്കാര്യം വ്യക്തമാക്കി പ്രത്യേക നിര്‍ദ്ദേശം കമ്മീഷണര്‍ നല്കിയിരിക്കുന്നതും അതുകൊണ്ടാണ്. ഡ്രഗ് കിറ്റ് കൊണ്ടുള്ള പരിശോധന എല്ലാവര്‍ക്കുമുണ്ടാകില്ലെന്നും സംശയമുളളവരെ മാത്രമാകും ഇത്തരത്തില്‍ പരിശോധിക്കുകയെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം മാനവീയം വീഥിയിലുണ്ടായ കൂട്ടത്തല്ലില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരം ഡിസിപി നിധിന് രാജ് നേരത്തെ രംഗത്തെത്തിയിരുന്നു. പരാതിയില്ലെങ്കിലും കൂട്ടയടിയില്‍ കേസെടുക്കുമെന്നാണ് ഡിസിപി വ്യക്തമാക്കിയത്. പൊതു സ്ഥലങ്ങളിലെ അക്രമങ്ങളില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ ഉടന്‍ തന്നെ കേസെടുക്കാമെന്നും ഡിസിപി വിവരിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാനവീയം വീഥിയില്‍ പൊലീസ് നിരീക്ഷണം കര്‍ശനമായി തുടരുമെന്നും പോലീസ് പറയുന്നു.
വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരം ചെയ്ത സംരംഭകനെ പൊലീസ് ബലമായി നീക്കിയതും ഒടുവില്‍ സമരം നിര്‍ത്തിയതും വാര്‍ത്തയായി. സംരംഭകന് ഷാജിമോന്‍ ജോര്‍ജിനെയാണ് മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍നിന്ന് നീക്കിയത്. തുടര്‍ന്ന് അദ്ദേഹം റോഡില്‍ കിടന്ന് സമരം തുടര്‍ന്നു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തിന് നാണക്കേടായി കോട്ടയം മാഞ്ഞൂരിലെ പ്രവാസിയുടെ ദുരനുഭവം. 25 കോടി മുടക്കിയ സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെയാണ് ഷാജിമോന്‍ ജോര്‍ജ് മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ സമരം തുടങ്ങിയത്. എന്നാല്‍ പൊലീസെത്തി ഷാജിമോനെ പഞ്ചായത്ത് കോംപൗണ്ടില്‍ നിന്ന് ബലമായി പുറത്തിറക്കുകയായിരുന്നു. ഷാജിമോന്‍ കിടന്ന കട്ടിലും പൊലീസ് നീക്കി. തുടര്‍ന്ന് ഷാജിമോന്‍ നടുറോഡില്‍ കിടന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് എംഎല്‍എയും മറ്റും ഇടപെട്ടു മന്ത്രിമാരും മിണ്ടാതിരുന്നില്ല. മൂന്നേമൂന്ന് കാര്യം തീര്‍ത്താല്‍ നമ്പരിടാമെന്നായി പഞ്ചായത്ത്. അങ്ങിനെ ആന്തൂരിലെ സാജന് ലഭിക്കാത്ത നീതി മാഞ്ഞൂരിലെ ഷാജുമോന്‍ ജോര്‍ജിന് കിട്ടി. സന്തോഷമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: