കൊച്ചി: എല്‍എല്‍ബിക്കു പ്രവേശനം ലഭിച്ച രണ്ടു ജീവപര്യന്തം തടവുകാര്‍ക്ക് ഓണ്‍ലൈനിലൂടെ പഠനം തുടരാന്‍ ഹൈക്കോടതി അനുമതി നല്കി. നിയമപഠനം പൂര്‍ത്തിയാക്കാന്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്തു പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ചീമേനി തുറന്ന ജയിലിലെ പട്ടക്ക സുരേഷ് ബാബു, കണ്ണൂര്‍ ജയിലില്‍ കഴിയുന്ന വി. വിനോയ് എന്നിവര്‍ നല്കിയ ഹര്‍ജികളില്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്.
കൊലപാതക കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്ന ഇവര്‍ക്ക് ശിക്ഷ മരവിപ്പിച്ച് പരോള്‍ അനുവദിക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നു വിലയിരുത്തിയാണ് ഡിവിഷന് ബെഞ്ച് ഓണ്‍ലൈനിലൂടെ പഠനം തുടരാന്‍ അനുമതി നല്‍കിയത്. എന്നാല്‍ പരീക്ഷകള്‍ക്കും പ്രായോഗിക പരിശീലനത്തിനും ഇവര്‍ നേരിട്ട് എത്തേണ്ടി വരുമ്പോള്‍ ഒരു ലക്ഷം രൂപയുടെ ബോണ്ട് ഉള്‍പ്പെടെയുള്ള ഉപാധികളോടെ പോകാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ അനുമതി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യം ഒഴികെ ഭരണഘടനാപരമായ ഒരു അവകാശവും തടവുകാരന് നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഡിവിഷന് ബെഞ്ച് അന്തസോടെ ജീവിക്കാനുള്ള അവകാശം തടവുകാര്ക്കുണ്ടെന്ന സുപ്രീം കോടതിയുടെ ഉത്തരവുകളും ചൂണ്ടിക്കാട്ടി. സുരേഷ് ബാബുവിന് കുറ്റിപ്പുറം കെ.എം.സി.ടിയിലും വിനോയിക്ക് പൂത്തോട്ട എസ്.എന്‍ ലോ കോളജിലുമാണ് പഞ്ചവത്സര എല്‍എല്‍ബിക്കു പ്രവേശനം ലഭിച്ചത്. നവംബര്‍ ആറിന് ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് ഇവര്‍ ഹര്‍ജി നല്‍കിയത്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് റെഗുലര്‍ കോഴ്സ് പാസാവാതെ ഇവര്‍ക്ക് അഭിഭാഷകരായി എന്റോള്‍ ചെയ്യാനാവില്ലെന്ന് ബാര്‍ കൗണ്‍സില്‍ വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കി ഉത്തരവ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: