13-ാം ക്രിക്കറ്റ് ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. അവശേഷിക്കുന്നത് ഒമ്പത് മത്സരങ്ങള്‍. ഇന്നത്തെ കളി പുറത്തായ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും തമ്മിലുള്ളതാണ്. നാളെ മുതല്‍ നടക്കുന്ന ഓരോ മത്സരത്തിനും ഫൈനലിന്റെ പ്രതീതിയായിരിക്കും. ഇന്നലത്തെ വിജയത്തോടെ ഓസ്ട്രേലിയ സെമി ഉറപ്പിച്ചുകഴിഞ്ഞു. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആദ്യ നാല് സ്ഥാനക്കാരാണ് സെമിയിലെത്തുക. നിലവില്‍ ഭാരതവും ദക്ഷിണാഫ്രിക്കയും ഓസീസും മാത്രമാണ് സെമി ഉറപ്പിച്ചിട്ടുള്ളത്. ഇനിയുള്ള ഒരു സ്ഥാനത്തിന് വേണ്ടി മൂന്ന് ടീമുകളാണ് പോരടിക്കുന്നത്. അഫ്ഗാനിസ്ഥാന്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്. ഇവരുടെ പൊരിഞ്ഞ പോരാട്ടങ്ങളായിരിക്കും വരും ദിവസങ്ങളില്‍. ശനിയാഴ്ചയോടെ അന്തിമ പട്ടികയാകും.
നാളെ ന്യൂസിലന്‍ഡ് ശ്രീലങ്കയ്ക്കെതിരെ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ പോലുമാവില്ല. ടീമിന്റെ സെമിസാധ്യത ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ട്. പക്ഷെ വിജയം കൈവിട്ടാല്‍ തീര്‍ന്നു. ജയിച്ചാല്‍ പോലും മറ്റ് മത്സരഫലങ്ങളും റണ്‍നിരക്കും പരിഗണിച്ചേ കിവീസ് സെമിപ്രവേശം സാധ്യമാകൂ. ശ്രീലങ്കയ്ക്കാണെങ്കില്‍ വരുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടിക്കറ്റുറപ്പിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ യോഗ്യത കളിക്കേണ്ടിവരും. ഇത്തവണ ടീം ലോകകപ്പിനെത്തിയത് യോഗ്യതാ മത്സരത്തിലൂടെയാണ്.
വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് മത്സരം. അന്ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്ഥാനും സെമി സാധ്യതയുണ്ട്. ജയത്തിനൊപ്പം നാളത്തെ ന്യൂസിലാന്‍ഡിന്റെ മത്സരഫലവും ശനിയാഴ്ച നടക്കുന്ന പാകിസ്ഥാന്റെ മത്സരഫലവും പരിഗണിക്കേണ്ടിവരും.
ഓസ്ട്രേലിയ ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ താരതമ്യേന ദുര്‍ബലരോട് തോല്‍ക്കാതിരിക്കാനാരിയിക്കും ഓസീസ് ശ്രമിക്കുക. ചാമ്പ്യന്‍സ് ട്രോഫി യോഗ്യത നേടേണ്ട ആവശ്യം ബംഗ്ലാദേശിനും ഉണ്ട്. അതിനാല്‍ പോരാട്ടവീര്യം കുറയ്ക്കില്ലെന്ന് ഉറപ്പാണ്. പാകിസ്ഥാന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വമ്പന്‍ ജയം നേടാനായാല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. മറ്റ് മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും സെമി യോഗ്യത നിര്‍ണയിക്കപ്പെടുക. ഇംഗ്ലണ്ടിനെ പിടികൂടിയിരിക്കുന്ന ദൗര്‍ബല്യം മുതലെടുത്ത് പരമാവധി വലിയ വിജയം കണ്ടെത്തി സെമി സാധ്യത തേടാനായിരിക്കും ബാബര്‍ അസമും കൂട്ടരുടെയും പുറപ്പാട്. ലോക കിരീടം നേടിയിട്ടുള്ള ഇംഗ്ലണ്ടിന് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത പോലും വിദുരമെന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിലേക്കെങ്കിലും എത്തിപ്പെടാന്‍ ആവും വിധം പ്രയത്നിക്കുക ഒപ്പം തോല്‍വിയുടെ വക്കില്‍ വലിയ ആശ്വാസം കണ്ടെത്തുക, അവസാന സ്ഥാനക്കാരായി ലോകകപ്പ് അവസാനിപ്പിക്കാതെ കാക്കുക എന്നതെല്ലാം ജോസ് ബട്ട്ലരുടെയും സംഘത്തിന്റെയും അജണ്ടയിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: