ശ്രീകൃഷ്ണപുരം: സാമ്പത്തിക ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് സിപിഎം ശ്രീകൃഷ്ണപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്. മധുവിനെ തരംതാഴ്ത്തി. പാര്‍ട്ടി പദവിയുപയോഗിച്ച് ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഞായറാഴ്ച ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് ശ്രീകൃഷ്ണപുരം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്.
2014ലാണ് മധു ആദ്യമായി ലോക്കല്‍ ലോക്കല്‍ സെക്രട്ടറിയായത്. രണ്ടാംതവണയും സെക്രട്ടറി ആയതിനെ തുടര്‍ന്നാണ് ഈ സ്ഥാനം ഉപയോഗിച്ച് വന്‍ അഴിമതി നടത്തിയതായി ആരോപണം ഉയര്‍ന്നത്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഭരണം സിപിഎമ്മിനാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ മറയാക്കി ഭരണത്തില്‍ അവിഹിതമായി ഇടപെടുന്നുവെന്ന് കക്ഷിരാഷ്ട്രീയത്തിനതീതമായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ബില്‍ഡിങ് പെര്‍മിറ്റ് ഉള്‍പ്പെടെ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞാണ് സ്ഥാനം ദുരുപയോഗം ചെയ്തത്.
ബില്‍ഡിങ് പെര്‍മിറ്റ് ശരിയാക്കി നല്കാന് ഇടപെടല്‍ നടത്തുന്ന മധു ഉടമസ്ഥനോട് അന്നത്തെ പഞ്ചായത്ത് ക്ലാര്‍ക്ക് സ്ഥലം മാറിയിട്ടുണ്ട് അയാള്‍ പോയാല്‍ ശരിയാക്കാമെന്ന് പറയുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നതും നേരത്തെ വിവാദമായിരുന്നു. കുറച്ചുകാലമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും മധു നേതൃത്വം നല്കി വന്നിരുന്നു. ശ്രീകൃഷ്ണപുരം ലോക്കല്‍ കമ്മിറ്റിയുടെ പേരിലുള്ള ആംബുലന്‍സ്, ഫ്രീസര്‍ എന്നിവ വില്പന നടത്തിയ ക്രമക്കേട്, മധു ഡയറക്ടറായ ശ്രീകൃഷ്ണപുരം സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ടുപേരുടെ ലോണില്‍ നടത്തിയ തട്ടിപ്പ് ഉള്‍പ്പടെ സാമ്പത്തിക ക്രമകേടുകളും അഴിമതിയുമാണ് മധുവിനെതിരെ ഉയര്‍ന്നത്.
പാര്‍ട്ടി അന്വേഷണം നടത്തിയശേഷമാണ് മധുവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. എന്നാല്‍ മറ്റു നടപടികളൊന്നും മധുവിനെതിരെ എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: