Categories: Special Article

തപിക്കുന്ന ഭൂമി ചതിക്കുന്ന കാലം

യോഗ തീരുമാനം കടലിനടിയില്‍ വെച്ചുതന്നെ വെള്ളം പിടിക്കാത്ത സ്‌ളേറ്റില്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇങ്ങനെ രേഖപ്പെടുത്തി. സേവ് അവര്‍ സോള്‍സ്. ഞങ്ങളുടെ ജീവന്‍ രക്ഷിക്കുക. ഈ അപേക്ഷ ലോക രാജ്യങ്ങളോടായിരുന്നു. ആഗോളതാപനത്തെ തുടര്‍ന്ന് മുങ്ങി തുടങ്ങുന്ന തങ്ങളുടെ ദ്വീപ് രാജ്യത്തെ പൗരന്മാര്‍ക്ക് വേണ്ടിയായിരുന്നു അഭ്യര്‍ത്ഥന.

Published by

ലോക മനസാക്ഷിയെ പിടിച്ചുലച്ച ഒരു മന്ത്രിസഭായോഗം ഓര്‍മ്മയില്‍ വരുന്നു 2009 ഒക്ടോബര്‍ 17ന് ആ യോഗം നടന്നത് കടലിനടിയില്‍ വച്ചാണ്. കൃത്യമായി പറഞ്ഞാല്‍ 3.8 മീറ്റര്‍ ആഴത്തില്‍. കടല്‍ത്തട്ടില്‍ ഉറപ്പിച്ച അധ്യക്ഷപീഠത്തില്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ്. തൊട്ടടുത്ത കസേരകളില്‍ മന്ത്രിസഭയിലെ 11 അംഗങ്ങള്‍. ഡൈവിംഗ് സ്യൂട്ടും ശ്വസനോപകരണങ്ങളും ധരിച്ച അവര്‍ക്ക് ചുറ്റും സുരക്ഷാ ഭടന്മാരും. ലൈവ് ടെലികാസ്റ്റ് നടത്താന്‍ എത്തിയ സര്‍ക്കാര്‍ ടെലിവിഷന്‍ സംഘവും. പവിഴപ്പുറ്റുകളുടെ പശ്ചാത്തലത്തില്‍ തത്തിക്കളിക്കുന്ന സുന്ദര മത്സ്യങ്ങള്‍ ആയിരുന്നു മന്ത്രിസഭാ യോഗത്തിന് സാക്ഷി.മന്ത്രിസഭാ യോഗം നീണ്ടത് കൃത്യം പത്ത് മിനിറ്റ് മാത്രം. യോഗ തീരുമാനം കടലിനടിയില്‍ വെച്ചുതന്നെ വെള്ളം പിടിക്കാത്ത സ്‌ളേറ്റില്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇങ്ങനെ രേഖപ്പെടുത്തി. സേവ് അവര്‍ സോള്‍സ്. ഞങ്ങളുടെ ജീവന്‍ രക്ഷിക്കുക. ഈ അപേക്ഷ ലോക രാജ്യങ്ങളോടായിരുന്നു. ആഗോളതാപനത്തെ തുടര്‍ന്ന് മുങ്ങി തുടങ്ങുന്ന തങ്ങളുടെ ദ്വീപ് രാജ്യത്തെ പൗരന്മാര്‍ക്ക് വേണ്ടിയായിരുന്നു അഭ്യര്‍ത്ഥന.

ഭൂഗോളത്തിലെ ചൂട് കുതിച്ചുയരുന്നതിനെ ചെറുക്കാന്‍ ലോകരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് പട പൊരുതണം. അത് നമ്മുടെ മൗലികാവകാശങ്ങളെ ധ്വംസിക്കുന്നു. സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നു. യോഗശേഷം നീന്തി കരയ്‌ക്ക് എത്തിയ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു ആഗോളതാപനത്തെ തുടര്‍ന്ന് കടല്‍നിരപ്പ് ഉയരുമ്പോള്‍ തങ്ങള്‍ക്കും കാലക്രമത്തില്‍ ലോകത്തെ പല രാജ്യങ്ങള്‍ക്കും സംഭവിച്ചേക്കാവുന്ന അത്യാപത്തിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്‌ട്രസഭയുടെ വിവിധ ഏജന്‍സികളുടെ പ്രവചനം കൃത്യമായാല്‍ സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ മാലിദ്വീപ് വലിയൊരു ഭാഗം 2100 ല്‍ കടലില്‍ മുങ്ങിമറയും.

മാല ദ്വീപുകളിലെ ഭീഷണി ഒറ്റപ്പെട്ടതല്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ കടലെടുത്ത് തുടങ്ങിക്കഴിഞ്ഞു. പസഫിക് സമുദ്രത്തിലെ പല ദ്വീപുകളിലും വെള്ളം കയറിത്തുടങ്ങി. അവിടെ സോളമന്‍ ദ്വീപില്‍ പൂമുഖത്ത് ബോട്ടുകള്‍ കെട്ടിയിട്ട ശേഷമാണത്രേ ഗ്രാമീണര്‍ ഉറങ്ങുന്നത.് നാട്ടുകാരില്‍ പലരും വീടുവിട്ട് വന്‍കരയെ അഭയം പ്രാപിച്ചു കഴിഞ്ഞു. ലോകത്തെവിടെയെങ്കിലും കുറെ സ്ഥലം വാങ്ങി തന്റെ ജനതയ്‌ക്കായി സൂക്ഷിക്കാന്‍ മാലദ്വീപ് പ്രസിഡന്റ് ഏറെ ശ്രമിച്ചതാണ്. പക്ഷേ തന്റെ രാജ്യത്തിന്റെ മോശമായ സാമ്പത്തിക സ്ഥിതി അദ്ദേഹത്തെ അതിന് അനുവദിച്ചില്ലെന്ന് മാത്രം.

കാലാവസ്ഥാ മാറ്റവും ആഗോളതാപനവും ഭൂഗോളത്തിനും അതിലെ നിവാസികള്‍ക്കും ചെറുതല്ലാത്ത ദുരിതങ്ങളാണ് വരുത്തിക്കൂട്ടുന്നത്. കാലാവസ്ഥാ മാറ്റത്തില്‍ ചൂടിനും കടല്‍നിരപ്പ് ഉയരുന്നതിനും മാത്രമല്ല സ്ഥാനം. കൊടുങ്കാറ്റും പേമാരിയും മാറാരോഗങ്ങളും പകര്‍ച്ചവ്യാധികളും അതിന്റെ സംഭാവനകളാണ്. കൊടും വരള്‍ച്ചയും തീവ്രമായ മരുവല്‍ക്കരണവും അതിനൊപ്പം എത്തിയതാണ്. കോടാനുകോടി ലക്ഷം ലിറ്റര്‍ ശുദ്ധജലത്തിന്റെ അനന്തസ്രോതസായ മഞ്ഞുമലകളും ഹിമാനികളും ഉരുകിയൊലിച്ച് ഇല്ലാതായതിന്റെ കാരണവും മറ്റൊന്നല്ല. കാലാവസ്ഥയില്‍ നേരിയ മാറ്റം ക്രമാനുഗതമായി സംഭവിക്കുക എന്നത് സ്വാഭാവികം. പക്ഷേ മനുഷ്യന്റെ തോന്ന്യാസം അതിരുകടന്നാല്‍ സംഗതി കുഴപ്പമാകും. അങ്ങനെയാണ് 1800 കളില്‍ വ്യവസായ വിപ്ലവത്തിന്റെ ആവിര്‍ഭാവത്തോടെ മലിനീകരണത്തിന്റെ തേരോട്ടം തുടങ്ങിയത്. കല്‍ക്കരി, ഓയില്‍, പ്രകൃതിവാതകം തുടങ്ങിയ കാര്‍ബണ്‍ അധിഷ്ഠിത ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ച് ഊര്‍ജ്ജം ഉണ്ടാക്കിയതോടെ കാര്‍ബണ്‍ഡൈഓക്‌സൈഡും മീതേനും സള്‍ഫര്‍ നൈട്രജന്‍ സംയുക്തങ്ങളുമൊക്കെ പുറത്തു വന്നു തുടങ്ങി. അവയുടെ പേര് ഗ്രീന്‍ ഹൗസ് മലിനവാതകങ്ങള്‍ എന്നാണ്. പേരില്‍ ഗ്രീന്‍ ഉള്ളതുകൊണ്ട് അവയ്‌ക്ക് ഹരിതവുമായി യാതൊരു ബന്ധവും ഇല്ലെന്നും അതുകൊണ്ടുതന്നെ അവയെ ഹരിതഗൃഹ വാതകങ്ങള്‍ എന്ന് വിളിക്കുന്നത് അര്‍ത്ഥ ശൂന്യമാണെന്നും അറിയുക. ഗ്രീന്‍ഹൗസ് മലിനവാതകങ്ങളായ കാര്‍ബണ്‍ ഡൈഓക്‌സൈഡും മീതേനും ഒക്കെ അന്തരീക്ഷത്തില്‍ തങ്ങിനിന്നു വലിയൊരു പുതപ്പു പോലെ ഭൂമിക്ക് ചുറ്റും ആവരണം സൃഷ്ടിക്കുന്നു. ഈ ആവരണം ഭൂമിയില്‍ എത്തുന്ന സൂര്യതാപത്തെ പുറത്തു പോകാന്‍ അനുവദിക്കാതെ കുടുക്കിയിടുന്നു. അതോടെ ഭൂഗോളത്തിന്റെ ചൂട് വര്‍ദ്ധിക്കുന്നു. ഇതത്രെ ലളിതമായി പറഞ്ഞാല്‍ ആഗോളതാപനം. ഭൂമിയിലെ താപവര്‍ദ്ധനയ്‌ക്ക് ആനുപാതികമായി കാലാവസ്ഥ മാറിമറിയുന്നു എന്നത് പരിണിതഫലം.

ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോഴും മരങ്ങള്‍ തുരുതുരെ വെട്ടേറ്റ് നിലം പതിക്കുമ്പോഴുമൊക്കെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് സ്വതന്ത്രമാക്കപ്പെടുന്നു. കൃഷിയും മൃഗപരിപാലനവും മീഥേയ്ന്‍ പുറത്തുവിടാന്‍ വഴിയൊരുക്കുന്നു. നെല്‍വയലുകള്‍ പോലും മീഥൈന്‍ പുറത്തുവിടുന്നു. ഊര്‍ജ്ജ ഉല്പാദനത്തിനു പുറമേ വ്യവസായം, ഗതാഗതം, നിര്‍മ്മാണം, കൃഷി, ഭൂമിപരിപാലനം എന്നിവയൊക്കെ ഗ്രീന്‍ഹൗസ് മലിനവാതകങ്ങളെ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നു. മീഥേന്‍ അന്തരീക്ഷത്തില്‍ വിഘടിച്ച് നശിക്കാന്‍ 10 വര്‍ഷം വേണമത്രേ. ചിരിപ്പിക്കുന്ന വാതകം എന്ന ഓമനപ്പേരുള്ള നൈട്രസ്സ് ഓക്‌സൈഡിനെ അന്തരീക്ഷത്തില്‍ എത്തിക്കുന്നത് രാസവള നിര്‍മ്മാണവും ഉപയോഗവുമാണ്.

റഫ്രിജറേറ്ററുകളിലും മറ്റും ഉപയോഗിക്കുന്ന ഓസോണ്‍ നാശകാരികളായ ഫ്‌ളോറിന്‍ സംയുക്തങ്ങളും ചില സള്‍ഫര്‍ സംയുക്തങ്ങളും ഒക്കെ ഗ്രീന്‍ഹൗസ് പ്രഭാവത്തിന് കുടപിടിക്കുന്നു. കാര്‍ബണ്‍ ഇന്ധനങ്ങളുടെയും ജൈവ ഇന്ധനങ്ങളുടെയും ജ്വലനം പൂര്‍ണമാകാത്ത അവസരങ്ങളില്‍ പുറത്തുവരുന്ന ബ്ലാക്ക് കാര്‍ബണ്‍ എന്ന അതിസൂക്ഷ്മ കണികകളും അത്യന്തം അപകടകാരികളാണ്. തലമുടിയുടെ മുപ്പതിലൊന്ന് ഭാഗം മാത്രം കനമുള്ള ഇത്തരം കാര്‍ബണ്‍ കണങ്ങള്‍ക്ക് മനുഷ്യ ശ്വാസകോശത്തിന്റെ ഭിത്തികള്‍ ഭേദിച്ച് അകത്തു കടക്കാനും രക്ത പ്രവാഹത്തില്‍ വിലയം പ്രാപിക്കാനുമുള്ള ശേഷിയുണ്ട്. ഇവ അന്തരീക്ഷത്തില്‍ തങ്ങിനിന്ന് സൂര്യതാപം വലിച്ചെടുക്കും. കാറ്റിലും മഞ്ഞിലും പെട്ട് ഹിമാനികളിലും മഞ്ഞുമലകളിലും വീണാല്‍ ആ പ്രതലത്തില്‍ ചൂട് പ്രസരിപ്പിച്ച് ഹിമാനികളെ ഉരുക്കുകയും ചെയ്യും.

ആഗോളതാപനം ചെറുക്കുന്നതിന് ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തില്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്. 1994 ല്‍ ആരംഭിച്ച കാലാവസ്ഥ മാറ്റം സംബന്ധിച്ച ഫ്രെയിം വര്‍ക്ക് കണ്‍വെന്‍ഷനുകള്‍ അവയില്‍ പ്രധാനം. അംഗരാജ്യങ്ങളുടെ കൂട്ടായ്മയാണ് എല്ലാവര്‍ഷവും നടന്നുവരുന്ന ഇത്തരം ആഗോള സമ്മേളനങ്ങള്‍. അതില്‍ ഏറ്റവും പ്രധാനം പാരീസ് സമ്മേളനമത്രെ. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ 2015 ഡിസംബര്‍ മാസത്തില്‍ ചേര്‍ന്ന ആ സമ്മേളനമാണ് അംഗരാജ്യങ്ങള്‍ക്ക് നിയമപരമായി അനുസരിക്കാന്‍ ബാധ്യതയുള്ള ആദ്യ കാലാവസ്ഥാ കരാറിന് രൂപം നല്‍കിയത്. ആഗോള ശരാശരി താപവര്‍ദ്ധനയെ വ്യവസായവല്‍ക്കരണ കാലത്തിനു മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ രണ്ട് ഡിഗ്രി കുറച്ച് കൊണ്ടുവരണമെന്ന് ആയിരുന്നു നിശ്ചയം. അത് 1.5 ഡിഗ്രിയില്‍ കൂടാതെ പിടിച്ചു നിര്‍ത്തണമെന്നും കാലാവസ്ഥാ മാറ്റത്തിനെതിരെ കൂട്ടായി പൊരുതാനും അതിന്റെ കരുത്തിനെ കുറയ്‌ക്കാന്‍ നടപടി സ്വീകരിക്കാനും പാരീസ് കണ്‍വെന്‍ഷന്‍ തീരുമാനമെടുത്തു. കാലാവസ്ഥാ മാറ്റത്തിനെതിരെ ബഹുമുഖമായ കര്‍മ്മപരിപാടിക്ക് രൂപം നല്‍കി എന്നതായിരുന്നു പാരീസ് കണ്‍വെന്‍ഷന്റെ പ്രത്യേകത. യുഎന്‍ സംരംഭമായ ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ഇക്കാര്യത്തില്‍ ശക്തമായ പിന്തുണ നല്‍കി.

ഭൂമിയിലെ അന്തരീക്ഷ താപം ഒന്നര ഡിഗ്രി സെന്റിഗ്രേഡ് കുറയ്‌ക്കുക എന്ന ദൗത്യം പരാജയപ്പെട്ടാല്‍ ഭീകരമായ തിരിച്ചടിയാവും ഭൂഗോളം നേരിടേണ്ടി വരികയെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോയില്‍ നടന്ന സിഓപി 26 എന്ന കാലാവസ്ഥാ സമ്മേളനവും ഏറെ അര്‍ത്ഥവത്തായി. കാലാവസ്ഥാ മാറ്റം മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ നല്‍കിവരുന്ന സഹായം ഇരട്ടിപ്പിക്കാന്‍ ഗ്ലാസ്‌ഗോ കണ്‍വെന്‍ഷനാണ് തീരുമാനിച്ചത്. പല തീരുമാനങ്ങളിലും അമേരിക്കയും യൂറോപ്പ്യന്‍ യൂണിയനും എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും കല്‍ക്കരിയുടെ ഉപയോഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരാന്‍ അംഗരാജ്യങ്ങള്‍ തീരുമാനിച്ചു. ഇന്ധനക്ഷമത കുറഞ്ഞതും മലിനീകരണം ഉണ്ടാക്കുന്നതുമായ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് രാജ്യങ്ങള്‍ നല്‍കിവരുന്ന സബ്‌സിഡി എടുത്തു കളയാനും ഗ്ലാസ്‌ഗോ സമ്മേളനം തീരുമാനിച്ചു.

ഭൂഗോളത്തിന്റെ നാനാഭാഗത്തും കാലാവസ്ഥാ വ്യതിയാനം തടയാനും തന്മൂലം ഉണ്ടാവുന്ന ആഗോളതാപനത്തിന് മൂക്കുകയറിടാനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഗ്രീന്‍ഹൗസ് മലിനവാതകങ്ങളുടെ ഉത്‌സര്‍ജനത്തിലൂടെ കുപ്രസിദ്ധി നേടിയ അമേരിക്ക പോലും മാറി ചിന്തിക്കുന്നു. ഒന്നാം പ്രതിയായ ചൈനയില്‍ കാര്യമായ മനംമാറ്റം ഒന്നും സംഭവിച്ചിട്ടില്ല. എങ്കിലും വിവിധ കാലാവസ്ഥ കരാറുകളിലൂടെ രൂപപ്പെട്ട കര്‍മ്മ പദ്ധതികള്‍ ലോകത്തെമ്പാടുമുള്ള അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സ്വയം പര്യാപ്തത നല്‍കാനും ശ്രമിച്ചുവരുന്നു. കാലാവസ്ഥാമാറ്റത്തെ വെല്ലുവിളിയായി കണ്ടു ജീവിതശൈലിയിലും കാര്‍ഷിക മത്സ്യബന്ധന ശൈലിയിലും മാറ്റം വരുത്തി മുന്നോട്ടു പോകാന്‍ നിരവധി ജനവിഭാഗങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. പരമ്പരാഗത ജ്ഞാനവും ശാസ്ത്രസാങ്കേതികവിദ്യയും അതിനവര്‍ക്ക് കരുത്തേകുന്നു. മത്സ്യബന്ധനക്കാരും കോസ്റ്റാറിക്കയിലെ ചെറുകിട കര്‍ഷകരും ദ്വീപിലെ മീന്‍പിടുത്തക്കാരും ഹിമാലയന്‍ സാനുക്കളിലെ ഗ്രാമീണരും ഒക്കെ തനതായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്. സാന്‍സാല്‍വഡോറിന്റെ തലസ്ഥാനമായ എല്‍സാല്‍വഡോര്‍ നഗരം കാടുകളെ വ്യാപകമായി പുനരുജ്ജീവിപ്പിച്ചാണ് വെള്ളപ്പൊക്കവും മണ്ണൊലിപ്പും പിടിച്ചുനിര്‍ത്തിയത്. ഗ്ലാസ്‌ഗോയില്‍ നടന്ന 26 -ാമത് യു.എന്‍. കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പഞ്ചാമൃതം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയമാണ് ആ പ്രഖ്യാപനത്തില്‍ മുഴങ്ങിയത്.

ഇന്ത്യ 500 ജിഗാ ബൈറ്റ് ഫോസില്‍ ഇതര ഊര്‍ജ്ജ ഉല്പാദനം എന്ന ലക്ഷ്യം 2030 -ല്‍ കൈവരിക്കും. ഇന്ത്യയ്‌ക്ക് വേണ്ട ഊര്‍ജ്ജ ആവശ്യങ്ങളുടെ 50 ശതമാനവും പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളായ സൂര്യന്‍, കാറ്റ,് വെള്ളം തുടങ്ങിയവ നിന്ന് കൈവരിക്കും. ഈ ലക്ഷ്യം 2030 ല്‍ പൂര്‍ത്തീകരിക്കും. ഇന്ത്യ 2030 ഓടെ അന്തരീക്ഷത്തിലേക്ക് ഉള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ഒരു ബില്യണ്‍ മെട്രിക് ടണ്‍ കണ്ട് കുറയ്‌ക്കും. ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ കാര്‍ബണ്‍ തീവ്രത 2030 ഓടെ 45 ശതമാനം കണ്ട് കുറയ്‌ക്കും. ഇന്ത്യ 2070 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നു. പഞ്ചാമൃതം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതില്‍ ഭാരതം നേടിയത് വന്‍വിജയം. അത് ലോകരാഷ്‌ട്രങ്ങള്‍ക്ക് മാതൃകയുമായി. 2030 ല്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച ഫോസില്‍ ഇതര ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുത ഉല്‍പാദനം എന്ന ലക്ഷ്യം 2021 നവംബറില്‍ തന്നെ ഭാരതം കൈവരിച്ചു. നിശ്ചയിച്ചതിനും 9 വര്‍ഷം മുന്‍പ് തന്നെ. ശുദ്ധ വൈദ്യുതിയുടെ പ്രതീകമായ ദേശീയ ഹൈഡ്രജന്‍ ദൗത്യം പ്രവൃത്തിപഥത്തില്‍ എത്തിച്ചു.

പത്തുവര്‍ഷംകൊണ്ട് സ്ഥാപിത സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പാദനശേഷി 19 മടങ്ങ് കണ്ട് വര്‍ദ്ധിപ്പിച്ചു. ഫോസില്‍ ഇന്ധനങ്ങള്‍ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഇന്ധനത്തില്‍ എഥനോള്‍ മിശ്രിതം ചേര്‍ക്കാന്‍ തുടങ്ങി. അങ്ങനെ ആഗോളതാപനം കുറയ്‌ക്കുന്നതില്‍ ഭാരതം ലോകത്തിനാകെ മാതൃകയായി.

പക്ഷേ ലോകം ആകെ ഒറ്റക്കെട്ടായി നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയാല്‍ മാത്രമേ ആഗോളതാപനത്തെ ഒന്നര ഡിഗ്രി കുറച്ച് പഴയനിലയില്‍ നിലനിര്‍ത്താന്‍ കഴിയൂ. 2023 മധ്യത്തില്‍ ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥ വിഭാഗമായ വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ മേധാവി താലസ് പുറപ്പെടുവിച്ച മുന്നറിയിപ്പ് അതാണ് കാണിക്കുന്നത്. ആഗോള താപനില ഒന്നര ഡിഗ്രി താഴ്‌ത്തുമെന്ന വിശ്വാസം കേവലം അഞ്ചുവര്‍ഷംകൊണ്ടുതന്നെ പൊളിയുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. അതിനുള്ള സാധ്യത 66% എന്ന് വിലയിരുത്തുന്നു. തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. വല്ലാതെ ചൂടാക്കുന്ന പ്രതിഭാസം പസഫിക് സമുദ്ര മേഖലയില്‍ ജന്മമെടുക്കുന്നതോടെ ഭൂതാപം വീണ്ടും ഉയരും. ശീതജല പ്രവാഹമായ ലാ നിനോയുടെ കരുത്ത് കുറയും.

അതിനൊപ്പം ഗ്രീന്‍ഹൗസ് മലിന വാതകങ്ങളെ കൂടി നിയന്ത്രിച്ചില്ലെങ്കില്‍ കരുതലിന്റെ വേലിക്കെട്ടുകള്‍ തകരുമെന്ന് അദ്ദേഹം പറയുന്നു. ഇത് ആരോഗ്യം, ഭക്ഷ്യസുരക്ഷ, ജല വിനിയോഗം, പരിസ്ഥിതി എന്നീ മേഖലകളില്‍ ദൂരവ്യാപകമായ ഫലം ഉണ്ടാക്കുമെന്നും താലസ് മുന്നറിയിപ്പ് നല്‍കുന്നു. ചൂടിന്റെ ചൂതാട്ടം മൂലം ഏഷ്യന്‍ രാജ്യങ്ങളില്‍ ഉഷ്ണ തരംഗങ്ങളുടെ ആവൃത്തി 30 മടങ്ങുവരെ വര്‍ദ്ധിക്കുമെന്നും മീറ്റീയറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് തരുന്നു. ഓര്‍ഗനൈസേഷന്‍ പരമാധികാരസഭയായ വേള്‍ഡ് മീറ്റീയറോളജിക്കല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി പുറത്തുവിട്ട നിരീക്ഷണങ്ങളിലാണ് ഈ മുന്നറിയിപ്പ്.

ആഗോളതാപനം ഇതേ രീതിയില്‍ മുന്നോട്ടു തന്നെ പോയാല്‍ 2050 ഓടെ ഉഷ്ണ തരംഗങ്ങളുടെ ആധിക്യം വല്ലാതെ കൂടുമെന്നും അത് ആളുകള്‍ക്ക് വാതില്‍പ്പുറം ജോലികള്‍ ചെയ്യുന്നത് അസാധ്യമാക്കി തീര്‍ക്കുമെന്നും വലിയതോതില്‍ ജീവനാശത്തിന് ഇടയാക്കും എന്നുമുള്ള ഒരു പ്രൊജക്ഷന്‍ നാസയും പുറത്തുവിട്ടിട്ടുണ്ട്. കാര്‍ബണ്‍ ഉത്സര്‍ജനം തടയുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ് വനം വച്ചുപിടിപ്പിക്കുന്നതും വനനശീകരണം തടയുന്നതും. കാലാവസ്ഥാ വ്യതിയാനത്തിന് മൂക്കുകയറിടാനും ജൈവവൈവിധ്യം ഉറപ്പാക്കാനും ഗോത്ര ജീവിതം സുഖകരമാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഹരിത വത്കരണത്തിന് കഴിയും.

അതുകൊണ്ടാണ് 2021 ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കാലാവസ്ഥ ഉച്ചകോടി 2030 ഓടെ വനവല്‍ക്കരണം കരുത്തുറ്റതാക്കാന്‍ തീരുമാനിച്ചതും. എന്നാല്‍ 2022ലെ കണക്കുകള്‍ പ്രകാരം ഒറ്റവര്‍ഷംകൊണ്ട് ലോകത്ത് നശിച്ചത് 41 ലക്ഷം ഹെക്ടര്‍ വനമാണ്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ട് ഉപഗ്രഹ ചിത്ര വിശകലനത്തിലൂടെ കണ്ടെത്തിയതാണിത്. 2023 ജൂണ്‍ 27ന് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 41 ലക്ഷം ഹെക്ടര്‍ വനം നശിക്കുമ്പോള്‍ അന്തരീക്ഷത്തിലേക്ക് സ്വതന്ത്രമാക്കപ്പെടുന്നത് 270 കോടി ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ആണ്. ആകെ നശിച്ച 41 ലക്ഷം ഹെക്ടറില്‍ 17 ലക്ഷം ഹെക്ടര്‍ കാടുകളും നശിച്ചത് മഴക്കാടുകളുടെ നാടായ ബ്രസീലിലാണ്. കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം ബ്രസീല്‍ അടക്കമുള്ള ആമസോണ്‍ മഴക്കാടുകളിലെ മരങ്ങള്‍ സംഭരിച്ചു വച്ചിരിക്കുന്നത് ഒമ്പതിനായിരം കോടി ടണ്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ്. അപകടം പടിവാതിലില്‍ വന്ന് മുട്ടി വിളിച്ചിട്ടും ആലസ്യം നടിച്ച് കഴിയാനാണ് പല രാജ്യങ്ങളും ഇഷ്ടപ്പെടുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇനി വരുന്നൊരു തലമുറയെക്കാളും പ്രധാനം ഇന്നത്തെ തലമുറയുടെ സുഖസൗകര്യങ്ങള്‍ മാത്രമാണ്. ഭൂഗോളത്തിലെ കാണാമൂലകളില്‍ കഴിയുന്ന ദരിദ്ര ജനവിഭാഗങ്ങളെ അവര്‍ ഓര്‍ക്കുന്നില്ല. നശിക്കുന്ന ജൈവവൈവിധ്യത്തെ അറിയുന്നില്ല. ഇല്ലാതാകുന്ന ഭക്ഷ്യസുരക്ഷയെ ഓര്‍ത്ത് ആശങ്കപ്പെടുന്നില്ല. പരക്കുന്ന മഹാമാരികളെ ഭയക്കുന്നുമില്ല. പടര്‍ന്നുകയറുന്ന മരുവത്കരണത്തെ ചിന്തിക്കുന്നില്ല. ലോക സര്‍ക്കാരുകളുടെ നയം മാറ്റാന്‍ നമുക്കാവില്ല. കുത്തകകളുടെ ലാഭക്കൊതി തീര്‍ക്കാനും പറ്റില്ല. ഓരോരുത്തര്‍ക്കും ആവുംവിധം ആഗോളതാപനത്തെ ചെറുക്കാന്‍ ശ്രമിക്കാം. മരങ്ങള്‍ നടാം, മലിന വാതകങ്ങളെ നിയന്ത്രിക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts