കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച്. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. സുപ്രീംകോടതി ഉത്തരവിന്റെ സംരക്ഷണം ഉള്ളതിനാൽ തൃശ്ശൂർ പൂരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം ആരാധനാലയങ്ങളിൽ പരിശോധന നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് പൂർണമായും ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദേശവും പൂർണമായും റദ്ദാക്കി. സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ രാത്രി 10 മുതൽ രാവിലെ 6 വരെ വെടിക്കെട്ടിനുള്ള നിരോധനം തുടരും. എന്നാൽ സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാരിന് തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തുമുള്ള വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഹർജിയുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങൾ പരിഗണിച്ചെന്നും, സിംഗിൾ ബെഞ്ച് നിയമാനുസൃതം കേസുകൾ തീർപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു കക്ഷികളോട് സിംഗിൾ ബെഞ്ചിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. ഇതിന് നാലാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്.
സിംഗിൾ ബഞ്ച് ഉത്തരവിൽ അസമയം ഏതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിനെ വ്യക്തികൾ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനിടവരുമെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു സർക്കാർ അപ്പീലിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: