തൃശ്ശൂര്‍: ഇവര്‍ ഈ വീടും സ്ഥലവും വില്‍ക്കുകയാണ്. ശരീരം തളര്‍ന്ന് ജീവിതത്തോട് മല്ലടിക്കുന്ന പ്രബുഷിന്റെ കുടുംബത്തിനു മുന്നില്‍ ഇനി വേറെ വഴികളില്ല. കാരണം, കടവും കടത്തിന്മേല് കടവുമായി ജപ്തിഭീഷണിയുടെ നടുവിലാണ് പട്ടികജാതിയില്‍പ്പെട്ട ഇവരുടെ കുടുംബം. ഈ കുടുംബത്തിന്റെ ദുരിത ജീവിതം തുടങ്ങുന്നത് ഏതാണ്ട് മൂന്നു വര്‍ഷം മുമ്പാണ്.
വെല്‍ഡിങ് തൊഴിലാളിയായ പ്രബുഷ് രോഗത്തിന്റെ പിടിയിലമര്‍ന്നത് കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതിനു ശേഷമാണെന്ന് കുടുബം ആരോപിക്കുന്നു. ആദ്യ ഡോസ് വാക്സിന് കുത്തിവയ്പ്പ് എടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ കൈകാലുകള്‍ തളര്‍ന്ന പ്രബുഷ് പിന്നീട് പല ആശുപത്രികള്‍, മരുന്നുകള്‍ ഫിസിയോതെറാപ്പി ഇവയിലൂടെയായി തുടര്‍ന്നുള്ള ജീവിതം. കുത്തിവയ്പ്പാണ് രോഗകാരണമെന്ന് പഞ്ചായത്ത് അധികൃതരെ ധരിപ്പിച്ചപ്പോള്‍ അടുത്ത വാക്സിന് സ്വീകരിക്കേണ്ടെന്ന് അറിയിച്ചതായും കുടുംബം പറയുന്നുണ്ട്. ഇതിനിടെ സ്ട്രോക്ക് വന്ന് അച്ഛനും, ഹൃദയസംബന്ധമായ അസുഖം മൂലം അമ്മയ്ക്കും അടിയന്തര ചികിത്സ ആവശ്യമായി വന്നു. ചികിത്സയ്ക്കു പണം തേടിയാണ് പ്രദേശത്തെ സഹ. ബാങ്കില്‍ വീടും സ്ഥലവും പണയപ്പെടുത്തി ഇവര്‍ ആറു ലക്ഷം രൂപ വായ്പ എടുത്തത്.
കൈകാലുകളുടെ തളര്‍ച്ച പൂര്‍ണമായും ഭേദമായില്ലെങ്കിലും പ്രബുഷ് എല്ലാം സഹിച്ചു. ചിലപ്പോഴൊക്കെ ജോലിക്കു പോകാന്‍ ശ്രമിക്കാറുമുണ്ടായിരുന്നു. എന്നാല്‍ അസുഖം ഹൃദയത്തെയും ബാധിച്ചതിനാല്‍ ഇപ്പോള്‍ ഒന്നിനും പറ്റാത്ത അവസ്ഥയിലുമായി. ജോലിയും വരുമാനവും നിലച്ചതോടെ മരുന്നു മാത്രമല്ല ആഹാരത്തിനുള്ള വക പോലുമില്ലാതെ ദുരിതജീവിതത്തിന്റെ നടുവിലാണ് പ്രബുഷിന്റെ കുടുംബം. സൗജന്യമായി കിട്ടിക്കൊണ്ടിരുന്ന ഇവര്‍ക്കുള്ള മരുന്നുകളും ഇപ്പോള്‍ മുടക്കം വന്നിട്ടുണ്ടെന്നും പറയുന്നു.
മാള പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കോല്‍കുന്നില്‍ ഷീറ്റു കൊണ്ട് മറച്ച ഷെഡ്ഡിലാണ് ഈ പട്ടിക ജാതി കുടുംബം താമസിക്കുന്നത്. ലൈഫ് മിഷന് പദ്ധതിയുടെ ആദ്യഗഡു ആനുകൂല്യം ലഭിച്ചത് ചികിത്സയ്ക്കു വേണ്ടി ചെലവായതിനാല്‍ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഇത് ഈ പദ്ധതിയുടെ മറ്റു ഗഡുക്കള്‍ അനുവദിക്കുന്നതിന് തടസമായെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കി ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന അപേക്ഷ പഞ്ചായത്ത് അവഗണിച്ചതായും പരാതിയുണ്ട്. നാട്ടുകാരുടെയും, സുഹൃത്തുക്കളുടെയും സഹായമാണ് ഇതുവരെയും ഈ കുടുംബത്തിനുള്ള താങ്ങും തണലും.
ടിടിസി യോഗത്യയുള്ള പ്രബുഷിന്റെ ഭാര്യ അമൃതയ്ക്ക് നാലും രണ്ടും വയസുള്ള കുട്ടികളെ വീട്ടിലാക്കി മറ്റൊരു ജോലിക്കും പോകാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. ഇതിനിടെ പലിശ സഹിതം 14 ലക്ഷത്തോളം രൂപ ഈ മാസം തിരിച്ചടച്ചിലെങ്കില് വീടും സ്ഥലവും ജപ്തി ചെയ്യുമെന്നുള്ള നോട്ടീസും ഇവര്‍ക്ക് ലഭിച്ചു കഴിഞ്ഞു. കോടികളുടെ തട്ടിപ്പിനും വെട്ടിപ്പിനും ഒത്താശ ചെയ്യുന്നതിന് ചുക്കാന്‍ പിടിക്കുന്ന സഹകരണ ബാങ്കുകള്‍ ഈ നിര്‍ദ്ധന പട്ടിക ജാതി കുടുംബത്തിന്റെ കണ്ണീര് കാണണമെന്നും പരസഹായമില്ലാതെ എഴുന്നേറ്റു നില്ക്കാന് പോലും പറ്റാത്ത വൃദ്ധരും രോഗിയുമായ മാതാപിതാക്കള്‍, തളര്‍ച്ച ബാധിച്ച ഭര്‍ത്താവിനെയും കുട്ടികളെയും തെരുവിലേക്ക് വലിച്ചിറക്കരുതെന്നുമാണ് അമൃതയുടെ പ്രാര്‍ത്ഥന. കനിവുള്ളവര്‍ ആഹാരത്തിനും മരുന്നിനുമുള്ള വകയെങ്കിലും നല്കി സഹായിക്കുമെന്നാണ് ഈ കുടുംബത്തിന്റെ പ്രാര്‍ത്ഥന. പ്രബുഷ് ഫോ. 8590049233.
പ്രതികരിക്കാൻ ഇവിടെ എഴുതുക: