നവംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ച വൈദ്യുതിനിരക്ക് നിലവില്‍ വന്നിരിക്കുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ കേരളപ്പിറവിദിന സമ്മാനം. ശരാശരി 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താവിന് ഇനിമുതല്‍ രണ്ടു മാസം കൂടുമ്പോള്‍ 100 രൂപയോളം വര്‍ദ്ധനയുണ്ടാകും. ശവപ്പറമ്പായി മാറിയ വ്യവസായ മേഖല ഇത്തവണയും വര്‍ദ്ധനവില്‍ നിന്നൊഴിവായില്ല. യൂനിറ്റിന് 15 പൈസ വരെ കൂട്ടി. എന്നു മാത്രമല്ല പ്രതിമാസം 120 യൂനിറ്റ് വരെ ഉയോഗിക്കുന്ന 50 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന സബ്സിഡിയും ജനകീയസര്‍ക്കാര്‍ നിര്‍ദ്ദാക്ഷിണ്യം ഇല്ലാതാക്കി. വിവാദമായപ്പോള്‍ സര്‍ക്കാര്‍ സബ്സിഡി പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്സഡ് ചാര്‍ജ് 5 മുതല്‍ 40 രൂപ വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഏറ്റവും ഒടുവിലത്തെ നിരക്കു വര്‍ദ്ധനയിലൂടെ അടിച്ചേല്‍പ്പിച്ച ആയിരം കോടിക്കു പുറമെയാണ് ഈ ഇരുട്ടടി. അധികാരത്തില്‍ വന്നാല്‍ ഒരു നിരക്കും വര്‍ദ്ധിപ്പിക്കില്ലെന്ന് കട്ടായം പറഞ്ഞ ഇടതുമുന്നണി അനുദിനം വാഗ്ദാനലംഘനങ്ങളുടെ ഘോഷയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്.
ബോര്‍ഡ് നടത്തുന്ന തീവെട്ടിക്കൊള്ളയെ പഴുതടച്ച് ന്യായീകരിച്ച വകുപ്പുമന്ത്രി കൃഷ്ണന്‍കുട്ടിയുടെ നിലപാട് ഇടതു സര്‍ക്കാരിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവലായി. വര്‍ഷംതോറും നിരക്ക് വര്‍ദ്ധിപ്പിക്കും. വര്‍ദ്ധന താങ്ങാനായി ജനങ്ങള്‍ തയ്യാറായി നിന്നു കൊള്ളണമെന്നാണ് മന്ത്രിയുടെ ഉത്തരവ്. റൊട്ടി വാങ്ങാന്‍ പണമില്ലെങ്കില്‍ കേക്ക് വാങ്ങിത്തിന്നരുതോ എന്നു ചോദിച്ച ബ്ലഡിമേരിയുടെ യഥാര്‍ത്ഥഅനന്തരാവകാശി! പ്രശ്ന പരിഹാരത്തിന് മറ്റ് പോംവഴിയൊന്നുമില്ലെന്നും റഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശമംഗീകരിക്കുകയെ മാര്‍ഗ്ഗമുള്ളുവെന്നുമാണ് മന്ത്രിയുടെ ഭീഷണി. ബോര്‍ഡ് മുന്നോട്ടുവക്കുന്ന ഏത് തീരുമാനവും മുന്‍കൂര്‍ പ്രാബല്യത്തോടെ നടപ്പാക്കിക്കൊടുക്കാന്‍ റഗുലേറ്ററി കമ്മീഷന് തയ്യാറായി നില്ക്കുമ്പോള് ഭയപ്പെടാനൊന്നുമില്ല. എങ്കില്‍പ്പിന്നെ ജനങ്ങളുടെ ചെലവില്‍ തീറ്റിപ്പോറ്റുന്ന ഒരു വകുപ്പ്മന്ത്രി എന്തിനാണ് നോക്കുകുത്തിയായി നില്‍ക്കുന്നത് എന്നതാണ് ചോദ്യം. വിലക്കയറ്റം സര്‍വ്വസാധാരണമായ കേരളത്തില്‍ വൈദ്യുതിനിരക്ക് വര്‍ദ്ധനവിനെ മാത്രം വിമര്‍ശിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് മന്ത്രിയുടെ വാദം. ഇടതു ഭരണത്തില്‍ ബന്ദികളാക്കപ്പെട്ട ഒരു ജനതയ്ക്ക് മറ്റൊന്നിനുമാവില്ലല്ലൊ?
ഈ വര്‍ദ്ധനക്ക് ഒരു കാണാപ്പുറം കൂടിയുണ്ട്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ അടിസ്ഥാനത്തില്‍ നിരക്കു നിശ്ചയിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ സ്ലാബ് മാറുമ്പോള്‍ യൂനിറ്റ് വൈദ്യുതിയുടെ അടിസ്ഥാന നിരക്കും കൂടുന്നതിന്റെ ന്യായമെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. സ്ലാബ് മാറുമ്പോള്‍ നിരക്കും മാറുമെന്നാണ് മറുപടി. മിതമായ ഭാഷയില്‍ ഇവിടെ സ്ലാബ് ജനങ്ങളെ കൊള്ളയടിക്കാനുള്ള മറയായി മാറുന്നു. കഴിഞ്ഞ നവംബറില്‍ അടിച്ചേല്‍പ്പിച്ച 19പൈസ സര്‍ച്ചാര്‍ജ് ഇപ്പോഴും തുടരുന്നു. 9 പൈസ പിന്നീട് 19 പൈസയായി ഉയര്‍ത്തുകയാണുണ്ടായത്. ഇതിനെച്ചൊല്ലി നിയമസഭയിലരങ്ങേറിയ പ്രക്ഷോഭങ്ങള്‍ മറക്കാറായിട്ടില്ല.
വിലക്കയറ്റത്തിന്റെ വേലിയേറ്റത്തില്‍ മുങ്ങിത്താഴുന്ന സാധാരണക്കാരന് ഈ നിരക്കുവര്‍ദ്ധന താങ്ങാനാവില്ല. കൊവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കേരളം ഇന്നും കരകയറിയിട്ടില്ല. നിരക്ക് വര്‍ധനയില്‍ ഗവേഷണം നടത്തുന്ന ഇടതുപക്ഷം കടന്നു കയറാത്ത മേഖലകളില്ല. വീട്ടു നികുതി, ഭൂനികുതി, പാല്, പരീക്ഷാ ഫീസ് തുടങ്ങി കുടിവെള്ളത്തിനു വരെ റിക്കാര്‍ഡ് നിരക്ക് വര്‍ദ്ധനയാണ് വരുത്തിയത്. വ്യവസായ മേഖലയിലെ വൈദ്യുതി നിരക്ക് വര്‍ദ്ധനയും ആത്യന്തികമായി വന്നു പതിക്കുന്നത് സാധാരണക്കാരന്റ തലയില്‍ത്തന്നെയാണ്. തുടര്‍ച്ചയായി ഇങ്ങനെ നിരക്കു വര്‍ദ്ധിപ്പിച്ചാല്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് ഇന്‍ഡസ്ട്രിയല്‍ ഇലട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന് മുന്നറിയിപ്പ് നല്‍കിയത് ഗൗരവത്തോടെ കാണണം.
ഉല്‍പ്പാദനച്ചെലവുവര്‍ദ്ധിക്കുമ്പോള്‍ ഉല്പന്നത്തിനു വില കൂടുന്നത് സ്വാഭാവികം. അത് പൊതു വിപണിയിലെ വിലക്കയറ്റത്തിന് ആക്കം കൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൃഷി, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകള്‍ ആശുപത്രികള്‍ ആരാധനാലയങ്ങള്‍ എന്നീ മേഖലകളില്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്സഡ് ചാര്‍ജ് പോലും വര്‍ദ്ധിപ്പിച്ചു.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം നിരക്കു വര്‍ദ്ധനയുടെ കാര്യത്തില്‍ മുന്നിലും സേവനത്തിന്റെ കാര്യത്തില്‍ പിന്നിലുമാണെന്നു കാണാം. നിരന്തരം നിരക്കുകൂട്ടി പൊതു ജനത്തെ കൊള്ളയടിക്കുന്നതിന്നുപകരം പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനായി മുന്നില്‍ തുറന്നു കിടക്കുന്ന മറുമാര്‍ഗ്ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും ഇക്കൂട്ടര്‍ തയ്യാറല്ല. ജനങ്ങളുടെ ചെലവില്‍ ഗുജറാത്ത് മാതൃക പഠിക്കാന്‍ പോയതും വെറുതെയായി. ഇവിടെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആവശ്യമായ കാഴ്ചപ്പാടാണ് വേണ്ടത്. ഇല്ലാതെ പോയതും അതു തന്നെ.
മുല്ലപ്പെരിയാര്‍ പോലെ ഭൂകമ്പ സാദ്ധ്യതയും സര്‍വനാശവും ക്ഷണിച്ചു വരുത്തുന്ന പദ്ധതികള്‍ക്കുപകരം പുതിയ ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവച്ച ജലവൈദ്യുത പദ്ധതികള്‍ പലതും ഇപ്പോഴും പാതി വഴിയിലാണ്. പ്രവൃത്തി അനന്തമായി നീളുന്നതിനാല്‍, കമ്മീഷന് ചെയ്തപ്പോള്‍ നിശ്ചയിച്ച അടങ്കല്‍ തുക പലതവണ പുതുക്കി നിശ്ചയിച്ചതു കാരണം നിര്‍മ്മാണച്ചെലവ് പതിന്മടങ്ങ് വര്‍ദ്ധിച്ച അനുഭവം നമ്മുടെ മുമ്പാകെയുണ്ട്. അതിന്റെ ബാദ്ധ്യയും ജനങ്ങളുടെ ചുമലില്‍ തന്നെയാണ് വന്നു പതിക്കുന്നത്.
പുതിയ ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്താനും പ്രസരണ നഷ്ടം, കുടിശ്ശിക, വൈദ്യുതിമോഷണം എന്നിവ തടയാനുമായാല്‍ ബോര്‍ഡ് ലാഭത്തിലാകും. പിന്നീട് ജനങ്ങളെ കൊള്ളയടിക്കേണ്ടിവരില്ല. അതിന് മേലനങ്ങിപണിയെടുക്കണം. ഭാരിച്ച ശമ്പളം പറ്റുന്നവര്‍ക്ക് അതിനൊന്നും നേരമില്ല. നിരക്കു കൂട്ടാനുള്ള ഉത്തരവിറക്കാന്‍ ബുദ്ധിമുട്ടേണ്ടതുമില്ലല്ലൊ. കാറ്റില്‍ നിന്നും സൗരോര്‍ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കേരളത്തിന്റെ കാലാവസ്ഥ ഏറെ അനുയോജ്യമാണ്. നടപടിയില്ല. പ്രസരണനഷ്ടം ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ബോര്‍ഡിന് കോടികളുടെ നഷ്ടമാണ് ഇതു വഴി ഉണ്ടാവുന്നത്. പുതിയ സാങ്കേതികവിദ്യയിലേക്ക് ഉത്പാദന വിതരണ മേഖല മാറണമെന്ന റഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശം വന്നിട്ടു കാലമേറെയായി. നടപടിയുണ്ടായില്ല. ഇതിനെല്ലാം പുറമെയാണ് വൈദ്യുതി മോഷണം. ഉന്നതരുടെ ഒത്താശയോടെ കോടിക്കണക്കിന് രൂപയുടെ വൈദ്യുതി വന്‍കിട കമ്പനികള്‍ക്ക് മറിച്ച് നല്‍കുന്നവെന്ന പരാതി വ്യാപകമാണ്. പക്ഷേ, നടപടിയില്ല. മുന്നണിയുടെ തണലില്‍ ഇവര്‍ എന്നും സുരക്ഷിതര്‍. ഇതിനെല്ലാം പുറമെയാണ് പിരിഞ്ഞു കിട്ടാനുള്ള കോടികളുടെ കുടിശ്ശിക. പിരിച്ചെടുക്കാന്‍ നടപടിയില്ല. സാധാരണക്കാരന് ബില്ല് അടയ്ക്കാന്‍ വൈകിയാല്‍ ഫ്യൂസ് ഊരുന്നവര്‍ ബോധപൂര്‍വ്വം ലക്ഷങ്ങള്‍ കുടിശ്ശിക വരുത്തുന്നവരുടെ മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണ്. അടിക്കടി അധികബാദ്ധ്യത അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ കാഴ്ചപ്പാടും നടപടിയുമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: