ന്യൂദല്‍ഹി: ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ബംഗ്ലാദേശ്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്കുയരാന്‍ ടീമിന് സാധിച്ചു.
സ്കോര്‍: ശ്രീലങ്ക 279/10(49.3), ബംഗ്ലാദേശ്-282/07(41.1)
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മുന്നില്‍വച്ച 280 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. തന്‍സിദ് ഹസനെ(ഒമ്പത്) നഷ്ടപ്പെട്ടു. ഏഴാം ഓവറില്‍ മികച്ച ബാറ്റര്‍ ലിറ്റന്‍ ദാസിനെയും ദില്ഷന് മധുഷന്‍ക പുറത്താക്കി. തകരുമെന്ന് കരുതിയ ഇടത്തു നിന്നും ബംഗ്ലാ ടീമിനെ നായകന് ഷാക്കിബ് അല്‍ ഹസനും നജ്മുല്‍ ഹൊസെയ്ന്‍ ഷാന്റോയും ചേര്‍ന്ന് വിജയമാര്ഗത്തിലേക്ക് തെളിച്ചു. ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റില്‍ നേടിയ 169 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് ബംഗ്ലാ വിജയത്തിന്റെ അടിത്തറയായി.ഹൊസെയ്ന്‍ ഷാന്റോ 90 റണ്‍സെടുത്തും ഷാക്കിബ് അല്ഹസന് 82 റണ്‍സെടുത്തുമാണ് പുറത്തായത്. ടൗഹിദ് ഹ്രിദോയും(15) തന്‍സിം ഹസനും(അഞ്ച്) പുറത്താകാതെ ബംഗ്ലാദേശിനെ വിജയതീരത്തെത്തിച്ചു.
പരാജയത്തോടെ ലങ്കന്‍ പ്രതീക്ഷ പൂര്‍ണമായും അസ്തമിച്ചു. ജയിച്ചെങ്കിലും മുന്നേറാനുള്ള പോയിന്റ് നില ബംഗ്ലാദേശിനുമില്ല.
നേരത്തെ ചരിത് അസ്ലങ്ക നേടിയ സെഞ്ചുറി ബലത്തിലാണ് ലങ്ക പൊരുതാവുന്ന സ്കോര്‍ കണ്ടെത്തിയത്. ടോട്ടല്‍ സ്കോര്‍ നൂറ് റണ്‍സ് എത്തും മുമ്പേ മൂന്ന് വിക്കറ്റ് വീണ ശ്രീലങ്കയെ അസ്ലങ്ക സെഞ്ചുറി(108) പ്രകടനത്തിലൂടെ മുന്നോട്ടു നയിച്ചു. 41 റണ്‍സ് വീതമെടുത്ത് ഓപ്പണര്‍ പതും നിസ്സങ്കയും സദീര സമരവിക്രമയും മികവ് കാട്ടി. ധനഞ്ജയ ഡി സില്‍വ (34) മഹീഷ് തീക്ഷണ(22) എന്നിവരുടെ ബാറ്റിങ്ങും ലങ്കന്‍ ഇന്നിങ്സിന് കരുത്തേകി.
ബംഗ്ലാനിരയില്‍ തന്‍സിം ഹസന് സാക്കിബ് മൂന്ന് വിക്കറ്റ് നേടി. ഷൊറിഫുല്‍ ഇസ്ലാമും ഷാക്കിബ് അല്‍ ഹസനും രണ്ട് വീതം വിക്കറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: