ന്യൂദല്‍ഹി: പ്രസവം, ശിശു സംരക്ഷണം,കുട്ടികളെ ദത്തെടുക്കല്‍ തുടങ്ങിയവയില്‍ വനിതാ സൈനികര്‍ക്ക് ഉദ്യോഗസ്ഥരുടേതിന് സമാനമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കേന്ദ്രം. സായുധ സേനയിലെ വനിതാ സൈനികര്‍, നാവികര്‍, വ്യോമസേനാംഗങ്ങള്‍ എന്നിവര്‍ക്ക് ഇക്കാര്യങ്ങളില്‍ നിയമപരമായ അവകാശം നല്കാന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അംഗീകാരം നല്കി.
നിയമം പ്രാബല്യത്തിലാകുന്നതോടെ സൈന്യത്തിലെ എല്ലാ സ്ത്രീകള്‍ക്കും അത്തരം അവധികള്‍ അനുവദിക്കുന്നത് ഒരുപോലെ ബാധകമാകുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. സായുധ സേനയിലെ എല്ലാ സ്ത്രീകളെയും അവരുടെ റാങ്കുകള്‍ പരിഗണിക്കാതെ ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സായുധ സേനയിലെ സ്ത്രീകളുടെ പ്രത്യേക കുടുംബ, സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവധി നിയമങ്ങളുടെ വിപുലീകരണം വളരെയധികം ഗുണം ചെയ്യും. ഇത് വനിതാ സൈനികരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും തൊഴില്‍ മേഖലയേയും കുടുംബജീവിതത്തേയും സന്തുലിതമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
നിലവില്‍, വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഓരോ കുട്ടിക്കും മുഴുവന്‍ ശമ്പളത്തോടെ 180 ദിവസത്തെ പ്രസവാവധിയാണ് ലഭിക്കുന്നത്. പരമാവധി രണ്ട് കുട്ടികള്‍ എന്നത് അനുസരിച്ചാണിത്. മൊത്തം സര്‍വീസില്‍ (കുട്ടിക്ക് 18 വയസ്സിന് താഴെ പ്രായമുണ്ടെങ്കില്‍) 360 ദിവസത്തെ ശിശു സംരക്ഷണ അവധിയും അനുവദിച്ചിട്ടുണ്ട്. ഒരു വയസ്സില്‍ താഴെയുള്ള കുട്ടിയെ ദത്തെടുത്താല്‍ സാധുവായ ദത്തെടുക്കല്‍ തീയതിക്ക് ശേഷം 180 ദിവസത്തെ അവധി അനുവദിക്കും.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നാരി ശക്തി കാഴ്ചപ്പാടിനോടുള്ള പ്രതിബദ്ധത പ്രകാരം കര, നാവിക, വ്യോമ മേഖലകളില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കിയത് മൂന്ന് തലങ്ങളിലും മാതൃകാപരമായ മാറ്റത്തിന് നേതൃത്വം നല്കി. വനിതാ അഗ്നിവീറുകളെ സേനയിലേക്ക് റിക്രൂട്ട് ചെയ്തതിലൂടെ അവരുടെ ധൈര്യവും, അര്‍പ്പണബോധവും, രാജ്യസ്നേഹവും കൊണ്ട് രാഷ്ട്രത്തിന്റെ കര, നാവിക, വ്യോമ അതിര്‍ത്തികളിലെ പ്രതിരോധം ശക്തമാക്കുമെന്നും പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പില്‍ വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായി സിയാച്ചിനില്‍, യുദ്ധക്കപ്പലുകളില്‍, യുദ്ധവിമാനങ്ങളിലെല്ലാം വിന്യസിച്ചതിലൂടെ രാഷ്ട്രത്തിന്റെ സായുധ സേനയിലെ എല്ലാ മേഖലകളിലെയും അതിര് വരമ്പുകള്‍ ഭേദിച്ചിരിക്കുകയാണ് ഭാരതത്തിലെ സ്ത്രീകള്‍. 2019ല്‍ സൈന്യത്തിലെ സ്ത്രീകളെ മിലിട്ടറി പോലീസ് അംഗങ്ങളായി റിക്രൂട്ട് ചെയ്തത് മറ്റൊരു നാഴികക്കല്ലാണ്. സൈന്യത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ പുരുഷന്മാര്ക്കൊപ്പം തുല്യരായിരിക്കണമെന്ന കാഴ്ചപ്പാടാണ് പ്രതിരോധ മന്ത്രിക്കുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: