തിരുവനന്തപുരം : തൃശൂര്‍ കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര് ബിന്ദുവിന്റെ വസതിയിലേക്കുള്ള കെഎസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും പൊലീസിന്റെ ലാത്തിവീശലുമുണ്ടായി. ജലപീരങ്കിയും പ്രയോഗിച്ചു.
സംഘര്‍ഷത്തില്‍ വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രതിഷേധം.
ഇതിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഹൈക്കോടതി നിരീക്ഷണത്തെ തുടര്‍ന്നാണ് തീരുമാനം.
തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെ.എസ്.യുവിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിടാന്‍ വിസമ്മതിച്ച കോടതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. ചെയര്‍മാനായി എസ്.എഫ്.ഐയുടെ അനിരുദ്ധ് സത്യപ്രതിജ്ഞ ചെയ്താലും അത് കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
കേരളവര്‍മ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചാണ് കെഎസ്.യുവിന്റെ ചെയര്മാന് സ്ഥാനാര്‍ഥി ശ്രീക്കുട്ടന് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഒരു വോട്ടിന് ശ്രീക്കുട്ടന് ജയിച്ച ശേഷം വീണ്ടും വോട്ടെണ്ണി എസ് എഫ് ഐ സ്ഥാനാര്‍ത്ഥി ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ മതിയായ രേഖകളില്ലാതെ ഇടക്കാല ഉത്തരവിടാന്‍ കഴിയില്ലെന്നാണ് കോടതി നീലപാടെടുത്തത്.വ്യാഴാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: