കൊളംബോ : ഏകദിന ലോകകപ്പില്‍ ഭാരതത്തോട് ദയനീയമായി പരാജയപ്പെട്ടതില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടു. ലോകകപ്പിലെ ശ്രീലങ്കന്‍ താരങ്ങളുടെ പ്രകടനം നിലവാരം പുലര്‍ത്തിയില്ലെന്ന് ആരോപിച്ച് സര്‍ക്കാരിന്റേതാണ് ഈ നടപടി. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടാനിരിക്കേയാണ് സര്‍ക്കാരിന്റെ ഈ നടപടി.
നിലവില്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയുടെ കീഴില്‍ ഇടക്കാല ഭരണ സമിതിക്കാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് സെക്രട്ടറി മോഹന്‍ ഡി സില്‍വ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഭാരതത്തോടേറ്റുമുട്ടി പരാജയപ്പെട്ട ശേഷം ലങ്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു രാജി. ലോകകപ്പില്‍ ഇനി നേരിയ സാധ്യത മാത്രമാണ് ശ്രീലങ്കയ്‌ക്കുള്ളത്. ഇന്ന് ബംഗ്ലാദേശിനോട് തോറ്റാല്‍ ടീം ലോകകപ്പില്‍ നിന്നും പുറത്തായേക്കും. ഈ ഗ്രൂപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഒരുമത്സരം കൂടി ശ്രീലങ്കയ്‌ക്കുണ്ട്. എന്നാല്‍ ശ്രീലങ്കയെ അപേക്ഷിച്ച് ന്യൂസിലാന്‍ഡ് ടീം ശക്തമാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേയുള്ള കളി ശ്രീലങ്കയ്‌ക്ക് നിര്‍ണായകമാണ്.
ഏഴ് മത്സരങ്ങളില്‍ രണ്ട് കളികള്‍ മാത്രം ജയിച്ചിട്ടുള്ള ശ്രീലങ്കയ്‌ക്ക് നാല് പോയിന്റ് മാത്രമാണ് നേടാനായത്. നിലവില്‍ ഏഴാം സ്ഥാനത്താണ് അവര്‍. വ്യാഴാഴ്ച ഭാരതത്തോട് 302 റണ്‍സിനാണ് ശ്രീലങ്ക തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഭാരതം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 55 റണ്‍സ് മാത്രം എടുക്കാനേ ശ്രീലങ്കയ്‌ക്ക് സാധിച്ചൊള്ളൂ. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: