ന്യൂദല്‍ഹി: ഛത്തീസ്ഗഡിലെ ഇരുപത് നിയമസഭാ മണ്ഡലങ്ങളും മിസോറാമും ചൊവ്വാഴ്ച വിധിയെഴുതും. മിസോറാമിലെ 40 നിയമസഭാ സീറ്റുകളിലാണ് ഏഴിന് വോട്ടെടുപ്പ് നടക്കുന്നത്. ഇരുസംസ്ഥാനങ്ങളിലും എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കേര്‍, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുക. കേന്ദ്രത്തിന്റെ അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പോലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. നാരായണ്‍പൂര്‍ ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ ഉപാധ്യക്ഷനുമായ രത്തന്‍ ദുബെയെ ശനിയാഴ്ച വൈകിട്ട് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു.
കുശാല്‍പൂര്‍ ഗ്രാമത്തിലെ മാര്‍ക്കറ്റില്‍ പ്രചാരണത്തിനിടെയായിരുന്നു കൊലപാതകം. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ കീഴില്‍ മാവോയിസ്റ്റുകള്‍ ആളുകളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ സാവു ആരോപിച്ചു. നാരായണ്‍പൂര്‍ സംഭവത്തിന് പുറമേ കഴിഞ്ഞ ദിവസം രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി നാലു വനവാസികളെയാണ് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്.
മിസോമാറിലെ 1,275 പോളിങ് ബൂത്തുകളിലായി 8.52 ലക്ഷം വോട്ടര്‍മാരാണുള്ളത്. മിസോ നാഷണല്‍ ഫ്രണ്ടും പ്രതിപക്ഷ സഖ്യമായ സോറം പീപ്പിള്‍സ് മൂവ്മെന്റുമാണ് പ്രധാന എതിരാളികള്‍. കോണ്‍ഗ്രസും ബിജെപിയും മത്സരരംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: