വിശക്കുന്നവന്റെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നത് അപ്പമായിട്ടാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ആ വിവേകാനന്ദന്‍ തന്നെയാണ് കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത്. അപ്പം വിറ്റ് കേരളത്തെ രക്ഷിക്കാം എന്നുപറഞ്ഞ എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം എന്ന ധൂര്‍ത്ത് സ്വാമി വിവേകാനന്ദന്റെ വാക്കുകളെയാണ് ഓര്‍മിപ്പിക്കുന്നത്. ശോഭനയുടെ നൃത്തവും ചിത്രയുടെ ഗാനമേളയും ശങ്കര്‍മഹാദേവന്റെയും എം. ജയച്ചന്ദ്രന്റെ പാട്ടും ഒന്നും മോശമായ കാര്യങ്ങളല്ല. പാട്ടുകേള്‍ക്കാനും നൃത്തം കാണാനുമൊക്കെ പോകും മുമ്പ് അരച്ചാണ്‍ വയറിന്റെ കാല്‍ഭാഗം എങ്കിലും നിറയ്‌ക്കാനുള്ള സംവിധാനമില്ലെങ്കില്‍ പച്ചവെള്ളം കുടിച്ച് ഒരു വെയിലത്തുനിന്ന് ഈ കലാപരിപാടികള്‍ കാണാന്‍ കഴിയുമോ?
കേരളീയം തിരുവനന്തപുരം നഗരത്തിന്റെ പുരോഗതിക്ക് വേണ്ടിയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടത്. ഏതാണ്ട് 27 കോടി രൂപ ചെലവഴിച്ച് 30 വേദികളിലായി 300 ഓളം കലാരൂപങ്ങളും നിരവധി സെമിനാറുകളും നിയമസഭയുടെ പുസ്തകോത്സവവും ഒക്കെ ചേര്‍ന്നുള്ള ബൃഹത്തായ സാംസ്‌കാരികോത്സവമാണ് കേരളത്തിന്റെ പേരില്‍ ആസൂത്രണം ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ മുറിവുകള്‍ കലയിലൂടെ ഉണക്കുക എന്ന ലക്ഷ്യത്തോടെ 1947 ല്‍ ആരംഭിച്ച എഡിന്‍ ബറോ രാജ്യാന്തര ഉത്സവം സ്‌കോട്ട് നഗരത്തിന്റെ സാമ്പത്തിക സ്രോതസ്സായി മാറിയെന്നും ബ്രിട്ടീഷ് സമ്പദ് ഘടനയ്‌ക്ക് 300 ദശലക്ഷം പൗണ്ട് സംഭാവന ചെയ്യുന്ന മഹാമേളയായി മാറിയെന്നുമാണ് മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞത്. രണ്ടാം ലോകമഹായുദ്ധം യൂറോപ്യന്‍ രാജ്യങ്ങളില്‍ വിതച്ച ഗുരുതരമായ മുറിവുകളെക്കാള്‍ ഭീകരമാണ് രണ്ടുതവണ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഭരിച്ച ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ മുറിവുണക്കാന്‍ കലോത്സവം നടത്തിയതു പോലെ തിരുവനന്തപുരത്ത് മാത്രമല്ല, കേരളം മുഴുവന്‍ ഇത്തരം കലോത്സവം സാധാരണക്കാരുടെ മനസ്സിന്റെ മുറിവുണക്കാനും അവരുടെ ഭീതി അകറ്റാനും സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. കേരളം എന്നാല്‍ തിരുവനന്തപുരം മാത്രമല്ല.
രണ്ടുതവണത്തെ ഭരണംകൊണ്ട് കേരളം എവിടെ എത്തിയിരിക്കുന്നു എന്നുകൂടി മുഖ്യമന്ത്രി പറയണമായിരുന്നു. കേരളത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള പാവപ്പെട്ടവര്‍ക്കാണ് സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ഏതാണ്ട് 50 ലക്ഷം പേരാണ് ഈ പട്ടികയിലുള്ളത്. 1600 രൂപയാണ് ഇവര്‍ക്ക് ഒരു മാസം പെന്‍ഷനായി കൊടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ അരിയും ഈ പെന്‍ഷനും ഒക്കെ കൂടി എങ്ങനെയെങ്കിലുമൊക്കെ സ്വന്തം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഈ പാവപ്പെട്ടവരുടെ ജീവിതം മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണില്‍ പെട്ടിട്ടില്ല. കഴിഞ്ഞ നാലുമാസമായി ഇവര്‍ക്ക് പെന്‍ഷന്‍ കിട്ടിയിട്ടില്ല. ഓണത്തിന് തൊട്ടുമുമ്പ് മെയ്ജൂണ്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. അതിനുശേഷം പെന്‍ഷന്‍ നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് രണ്ടാംലോകമഹായുദ്ധത്തിന്റെ മുറിവുണക്കാന്‍ 30 കോടി രൂപ ചെലവഴിച്ച് കേരളീയം കലോത്സവം നടത്തുമ്പോള്‍ ഈ 50 ലക്ഷം പേരുടെ വീടുകളില്‍ കഞ്ഞി വെക്കാന്‍ പണമില്ലാത്ത സാഹചര്യമുണ്ട് എന്നകാര്യം തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ മാത്രമല്ല ജനപ്രതിനിധി എന്ന നിലയിലും രാഷ്‌ട്രീയ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി സമ്പൂര്‍ണ്ണ പരാജയമാണ്. സ്‌കൂളില്‍ നിന്ന് കൊടുക്കുന്ന ഉച്ചക്കഞ്ഞി കൊണ്ട് മാത്രം വിശപ്പടക്കുന്ന ബാല്യങ്ങളെ നിങ്ങള്‍ കണ്ടില്ല. അവരുടെ ദൈന്യത അധ്യാപകര്‍ സ്വന്തം ശമ്പളം മുടക്കിയും ഭാര്യയുടെ കെട്ടുതാലി പണയം വെച്ചും തിരിച്ചറിഞ്ഞ് പരിഹരിച്ചതും നിങ്ങള്‍ അറിഞ്ഞില്ല. ആ സംഭവത്തില്‍ കോടതി ഇടപെടുകയും അതിനിശതമായി വിമര്‍ശിക്കുകയും ചെയ്തപ്പോഴാണ് തെല്ലെങ്കിലും അനക്കം വെച്ചത്.
നെല്ല് സംഭരണം തകര്‍ന്നതും സാധാരണ കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ പറ്റാത്ത സാഹചര്യം സംജാതമായതും കോടതിയുടെ ഇടപെടലില്‍ പരിഹരിക്കേണ്ടി വന്നു. വിലക്കയറ്റം നിയന്ത്രിക്കാനും വിപണി ഇടപെടല്‍ നടത്താനും വേണ്ടി ആരംഭിച്ച സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും മാവേലി സ്‌റ്റോറും നോക്കുകുത്തിയായി. സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിയിട്ട് എത്ര ആഴ്ചയായി? ഈ സാധനങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നതാണെന്ന് മനസ്സിലാകുന്ന സിപിഎം നേതാക്കള്‍ കേരളത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല.
രമ്യഹര്‍മ്മങ്ങളിലും സ്റ്റാര്‍ ഹോട്ടലുകളിലുമൊക്കെ ജീവിതം ആസ്വദിക്കുന്ന സിപിഎം നേതാക്കളും അനുയായികളും സാധാരണക്കാരന്റെ വേദന ഇന്ന് തിരിച്ചറിയുന്നുണ്ടെന്നു തോന്നുന്നില്ല. ക്ഷേമപെന്‍ഷനു പിന്നാലെ കെഎസ്ആര്‍ടിസിയിലെ ശമ്പളവും പെന്‍ഷനും മുടക്കി. കെഎസ്ഇബിയും ആ വഴിക്കാണ് നീങ്ങുന്നത്. സ്വയംപര്യാപ്തമായ പ്രവര്‍ത്തനസാഹചര്യം ഉണ്ടായിരുന്ന ഈ സ്ഥാപനങ്ങളൊക്കെ എങ്ങനെ മുരടിച്ചു എന്നുള്ളതിന് സമാധാനം പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്.കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ ഈടോടുകൂടി വാങ്ങിയ വായ്പകള്‍ തിരിച്ചു കൊടുക്കാത്ത സംഭവത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശം കേട്ടാല്‍ അന്തസ്സുള്ള ഒരാളും മുഖ്യമന്ത്രിസ്ഥാനത്തു തുടരില്ലായിരുന്നു.
പാലോറ മാതയും പി.കൃഷ്ണപിള്ളയും ഒക്കെ പ്രതിനിധാനം ചെയ്ത പഴയ കമ്മ്യൂണിസ്റ്റുകാരോ നേതാക്കളോ ഇന്ന് പാര്‍ട്ടിയുടെ പ്രതീകങ്ങളല്ല. അവര്‍ക്കാര്‍ക്കും സ്ഥാനവുമില്ല. കേരളീയത്തിന്റെ ഉദ്ഘാടനവേദിയില്‍ അണിനിരന്നവര്‍ ഒരു സൂചന കൂടിയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ശോഭനയും വന്നതിനെക്കുറിച്ച് എതിരഭിപ്രായമില്ല. പക്ഷേ, ദശാബ്ദങ്ങളായി മലയാള സിനിമാമേഖലയില്‍ നിറഞ്ഞുനിന്നിരുന്ന മധു എന്തുകൊണ്ട് അവഗണിക്കപ്പെട്ടു? ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സോമനാഥ് മാത്രമല്ല, മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരും പരിഗണിക്കപ്പെടേണ്ടിയിരുന്നില്ലേ. ലോക ബഹിരാകാശ സംഘടനയില്‍ അധ്യക്ഷത വഹിച്ച ഏക മലയാളിയും ഏക ഇന്ത്യക്കാരനും ഏക അമേരിക്കന്‍ ഇതരനുമല്ലേ ജി. മാധവന്‍ നായര്‍? ഇന്ത്യയുടെ അഭിമാനമായ മിസൈല്‍ വിമന്‍ ടെസി തോമസ്, കേരളം ഇന്നുവരെ കണ്ട ഏറ്റവും മികച്ച അത്‌ലറ്റ് പി.ടി.ഉഷ, തിരുവനന്തപുരക്കരാന്‍ തന്നെയായ ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍, ചലച്ചിത്ര മേഖലയില്‍ അടക്കം ലബ്ധപ്രതിഷ്ഠ നേടിയ ശ്രീകുമാരന്‍ തമ്പി ഇവരെയൊക്കെ അടയാളപ്പെടുത്താതെ എന്ത് കേരളീയം!
ക്ഷേമപെന്‍ഷനും ആനുകൂല്യങ്ങളും കൊടുക്കാനാവാതെ, വികസനത്തിന് പണം കണ്ടെത്താനാകാതെ കെടുതിയില്‍ നിന്ന് കെടുതിയിലേക്ക് പോകുന്ന സംസ്ഥാന സര്‍ക്കാരിന് 30 കോടി രൂപ ചെലവഴിച്ച് ഇങ്ങനെയൊരു രാഷ്‌ട്രീയ കലാമാമാങ്കം നടത്തുമ്പോള്‍ നട്ടപ്രാന്താണെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാനാകുമോ? ധനവകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സാമ്പത്തിക ഉപരോധം മൂലമാണ് സംസ്ഥാന സര്‍ക്കാരിന്റെ ധനഞെരുക്കം എന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞത്. സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാനുള്ള പരിധി നിശ്ചയിച്ചത് ധനകമ്മീഷന്റെ കൂടി ശുപാര്‍ശയിലാണ്. ഇത് കേരളത്തിന് മാത്രമല്ല, എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. എന്നിട്ടും അത് മറച്ചുവെച്ചുള്ള വര്‍ത്തമാനം പറഞ്ഞ കെ.എന്‍.ബാലഗോപാലിന് മറുപടി നല്‍കിയത് പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ്. അഞ്ചുവര്‍ഷം കൊണ്ട് റവന്യൂ കമ്മി നികത്താന്‍ കേന്ദ്രം കേരളത്തിന് 55,000 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇത്രയും തുക മുന്‍പൊരിക്കലും കേരളത്തിനുലഭിച്ചിട്ടില്ല. നികുതി പിരിക്കാത്തതുമാണ് കേരളം കടക്കണിയിലാകാന്‍ കാരണമെന്ന് സതീശന്‍ പറയുന്നു. സ്വര്‍ണം ഗ്രാമിന് 300 രൂപ മാത്രം വിലയുണ്ടായിരുന്ന കാലത്ത് 300 കോടിയുടെ നികുതി വരുമാനം കിട്ടിയിരുന്നിടുത്ത് ഇപ്പോള്‍ ഗ്രാമിന് 5500 രൂപ കടന്നിട്ടും പഴയ 300 കോടി തന്നെയാണ് വരുമാനം എന്നും സതീശന്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ തകര്‍ച്ച മറച്ചു പിടിക്കാനുള്ള ശ്രമമാണ് കേരളീയം എന്നാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞത്. ബാലഗോപാല്‍ പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. കേന്ദ്ര ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സുരേന്ദ്രന്‍ ബാലഗോപാലിനെ വെല്ലുവിളിച്ചു.
കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ഒരു സെമിനാറിലും പുറത്തുവന്നില്ല. പ്രൊഫസര്‍ എം.എ.ഉമ്മന്‍ മാത്രമാണ് കുറച്ചെങ്കിലും സത്യം പറഞ്ഞത്. രണ്ടുവര്‍ഷം മാത്രം സേവനമുള്ള പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കുന്നതിനെതിരെ അദ്ദേഹം സെമിനാറില്‍ തുറന്നടിച്ചു. ഇന്ന് കേരളത്തിന്റെ വരുമാനത്തിന്റെ 80 ശതമാനവും പെന്‍ഷനും ശമ്പളവും പലിശയും കൊടുക്കാന്‍ മാത്രം ഉപയോഗിക്കുകയും പ്രത്യുല്‍പാദനപരമായ മേഖലകളിലോ വികസനത്തിനോ പണം കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തെക്കുറിച്ച് കേരളീയം എവിടെയും ചര്‍ച്ച ചെയ്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ പാറക്കാല പ്രഭാകരന്‍ എന്നയാളെ തിരുവനന്തപുരത്ത് അവതരിപ്പിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവാണ് അദ്ദേഹം. കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞത്. പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാതെ ഏതെങ്കിലും നിയമം കൊണ്ടുവരാനോ നടപ്പിലാക്കാനോ കഴിയുമോ? കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ നിയമങ്ങളും പാര്‍ലമെന്റ് ചര്‍ച്ച ചെയ്താണ് കൊണ്ടുവന്നത്. പലതും സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും പൊതുജനങ്ങളുടെ കൂടി അഭിപ്രായം തേടുകയും ഉണ്ടായിട്ടുണ്ട്. അതൊന്നും മനസ്സിലാക്കാതെ പാറക്കാല പ്രഭാകരന്‍ വിമര്‍ശനം ഉയര്‍ത്തുന്നത് സ്വന്തം ഭാര്യയോടുള്ള അസൂയയോ അല്ലെങ്കില്‍ സ്ത്രീവിദ്വേഷപ്രകടനമോ ആകാം.
വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ മനസ്സില്‍ ഉയര്‍ന്നിട്ടുള്ള മുറിവ് ഉണക്കാനും ഒരു പുതിയ പ്രതിച്ഛായ സൃഷ്ടിക്കാനുമാണ് പിണറായി വിജയന്റെ ശ്രമം. മുഖ്യമന്ത്രി ഉദ്ദേശിച്ചതിന് കടകവിരുദ്ധമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. ഇതല്ല കേരളം ആഗ്രഹിക്കുന്നത്. കേരളത്തിന്റെ തനിമ, ഗോത്ര വനവാസി പട്ടികജാതി കലാരൂപങ്ങള്‍, ഓരോ ജില്ലയുടെയും തനിമയാര്‍ന്ന കലാരൂപങ്ങള്‍, നേരത്തെ പറഞ്ഞ രീതിയില്‍ കേരളത്തെ അടയാളപ്പെടുത്തിയ ശാസ്ത്രജ്ഞരും വ്യക്തിത്വങ്ങളും കലാകാരന്മാര്‍ അവരെയൊക്കെയാണ് രാഷ്‌ട്രീയ ജാതിമത വ്യത്യാസമില്ലാതെ കൊണ്ടുവരാന്‍ ശ്രമിക്കേണ്ടത്. ഒരു നേരമെങ്കിലും അന്നമുണ്ണാന്‍ പെന്‍ഷനും ശമ്പളവും കൊടുത്തിട്ട് പോരെ ഇത്തരം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള മാമാങ്കങ്ങള്‍. ഏതായാലും ഒരുകാര്യം വ്യക്തമായി, ഇടതുമുന്നണി വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി ഇനി ഒരിക്കലും കേരളത്തെ സമീപിക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി പിണറായിവിജയന് ഉണ്ടെന്ന് തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: