Categories: Kerala

കേരളത്തില്‍ പാലസ്തീന്‍ വിഷയം ഉയര്‍ത്തി സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത് വര്‍ഗീയ ധ്രുവീകരണ നീക്കം: ബിജെപി

Published by

തൃശ്ശൂര്‍: കേരളത്തില്‍ പാലസ്തീന്‍ വിഷയം ഉയര്‍ത്തി വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഇരുമുന്നണികളും തീവ്രവാദശക്തികളുടെ പിന്തുണ നേടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ മുസ്ലിം മതസാമുദായിക ശക്തികളുടേയും വര്‍ഗീയ ശക്തികളുടേയും തീവ്രവാദ ശക്തികളുടേയും സഹായത്തോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സിപിഎമ്മും കോണ്‍ഗ്രസും ഈ ധ്രുവീകരണ രാഷ്‌ട്രീയത്തിനായി പരസ്പരം മത്സരിക്കുന്നത്. ലീഗ് എന്ന രാഷ്‌ട്രീയപാര്‍ട്ടിയോട് സിപിഎമ്മിന്റെ നിലപാടെന്താണെന്ന് അവര്‍ വ്യക്തമാക്കേണ്ടതാണ്.

ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന സിപിഎം നിലപാടില്‍ അവര്‍ നിലവില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രണ്ട് പാര്‍ട്ടികളും സംഘടിത മതസാമുദായിക ശക്തികളുടെ പിന്തുണ നേടാനാണ് പാലസ്തീന്‍ വിഷയം ഉപയോഗപ്പെടുത്തുന്നത്. അതിന്റെ ഭാഗമായാണ് ഹമാസ് അനുകൂല റാലികള്‍ക്ക് ഇവര്‍ നേതൃത്വം നല്കുന്നത്. എന്തുകൊണ്ടാണ് ഇവര്‍ കോഴിക്കോടും മലപ്പുറവും കേന്ദ്രീകരിച്ച് റാലി നടത്തുന്നത്? പാലസ്തീനിലെ മനുഷ്യാവകാശ പ്രശ്നങ്ങളിലുള്ള ഉത്കണ്ഠയാണ് സിപിഎമ്മിനെ വ്യാകുലപ്പെടുത്തുന്നതെങ്കില്‍ അത് കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലും ആവാമല്ലോ. ഇത് പാലസ്തീനോടും മനുഷ്യാവകാശത്തോടുമുള്ള പ്രേമമല്ല. മറിച്ച് ഈ വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്തെ ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ്. ആഗോളതലത്തിലുണ്ടാകുന്ന സംഭവങ്ങളോട് പ്രതികരിക്കാനുള്ള വല്ലാത്ത വെമ്പലാണ് സിപിഎമ്മിനെയും കോണ്‍ഗ്രസസിനെയും നയിക്കുന്നതെങ്കില്‍ അത് പാലസ്തീന്‍ വിഷയത്തില്‍ മാത്രം കണ്ടാല്‍ പോരല്ലോ, എം.ടി. രമേശ് ചോദിച്ചു.

സുരേഷ ഗോപിക്ക് നേരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ ഒരു വഷളനാക്കി ചിത്രീകരിക്കുവാനാണ് മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഒരു മനുഷ്യനെ സാധിക്കുന്ന മാര്‍ഗങ്ങളിലൂടെയെല്ലാം തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണ് ചിലര്‍. ബഹുമാനം, സ്നേഹം എന്നിവയൊന്നും വണ്‍വേ ട്രാഫിക് അല്ലായെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന സംഭവത്തിലെ കൃത്യമായ നിലപാട് സുരേഷ്‌ഗോപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും സത്യമറിയാം, അതുകൊണ്ട് തന്നെ കേസ് അതിന്റെ വഴിക്ക് നടക്കും. സുരേഷ് ഗോപി നടത്തുന്നത് സാമൂഹിക പ്രവര്‍ത്തനമാണ്. അതില്‍ അദ്ദേഹം കക്ഷി-രാഷ്‌ട്രീയം കലര്‍ത്താറില്ല. സ്വന്തം കൈയില്‍ നിന്നും കാശ് ചെലവഴിച്ച് മറ്റുള്ളവരെ സഹായിക്കുന്ന ഇത്തരത്തില്‍ മറ്റൊരു വ്യക്തിയെ കേരളത്തില്‍ താന്‍ കണ്ടിട്ടില്ല. രമേശ് കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, തൃശ്ശൂര്‍ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക