കണ്ണൂർ: പ്രതിയെ പിടികൂടാനെത്തയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തിന് പിന്നാലെ പ്രതി പോലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടം എസ്.ഐ നിഥിന്റെ നേതൃത്വത്തിലുള്ള സംഘം ചിറക്കല്‍ചിറയിലെ ഇയാളുടെ വീട്ടിലെത്തിയത്. രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പോലീസ് സംഘം മുകള്‍ നിലയിലെത്തി. റോഷന്റെ മുറിയ്ക്ക് മുന്നില്‍ നിന്ന് വാതിലില്‍ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പോലീസിന് നേരെ വെടിയുതിര്‍ത്തത്.
സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഈ സമയം കൊണ്ട് പ്രതി റോഷന് ഓടി രക്ഷപ്പെട്ടു. വെടിയുതിര്‍ത്ത ബാബു തോമസിനെ പിന്നീട് പോലീസുകാര്‍ കീഴ്പ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: