കേരളത്തില്‍ ആര്‍എസ്എസ്സിന്റെ കുലപതി മലയാളിയല്ലാത്ത ഭാസ്കര്‍ റാവു ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എങ്കിലും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. പഴയ തലമുറ കമ്യൂണിസ്റ്റുകാര്‍ ഇഎംഎസ്, എകെജി എന്നൊക്കെ കേള്‍ക്കുമ്പോള്‍ വികാരഭരിതരാകുന്നതുപോലെ കഴിഞ്ഞ തലമുറയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭാസ്കര്‍ റാവു എന്ന പേരുകേട്ടാല്‍ വികാരഭരിതരാകും.
ഭാസ്കര്‍ റാവു വളര്‍ത്തിയെടുത്ത ആര്‍എസ് എസ്സിന്റെ മൂന്ന് പ്രമുഖ നേതാക്കളായിരുന്നു പി. പരമേശ്വരന്, ആര്. ഹരി, എം. എ. കൃഷ്ണന് എന്നിവര്‍. എറണാകുളം നഗരത്തില്‍ പല തൊഴിലുകളും ചുമതലകളും ഉണ്ടായിരുന്നതുകൊണ്ട് മൂന്ന് പേരെയും എനിക്ക് പരിചയമുണ്ടായിരുന്നു.
അതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരമേശ്വര്‍ജി എന്നു വിശേഷിപ്പിച്ചിരുന്ന പി. പരമേശ്വരന് കുറച്ചുകാലം മുന്‍പ് മരിച്ചു. ഹരിയേട്ടന് എന്ന് എല്ലാവരും വിളിച്ചിരുന്ന ആര്. ഹരിയും കഴിഞ്ഞ ദിവസം അന്തരിച്ചു. ആ തലമുറയില്‍ ഇനി അവശേഷിക്കുന്നത് എം. എ. സാര്‍ എന്ന് വിളിക്കപ്പെടുന്ന എം. എ. കൃഷ്ണന് ആണ്.
ഹരിയേട്ടന് പഴയ മഹാരാജാസ് ആയിരുന്നു. ആ സ്നേഹവും അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നു. ആര്‍എസ്എസ്സിന്റെ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ് ആയിരുന്നു. ഒരുപാട് ഭാഷകള്‍ അദ്ദേഹത്തിന് അറിയാം. പതിനാല് ഭാഷകള്‍ എന്നാണ് എന്റെ ഓര്‍മ്മ.
പരസ്പരം കത്തെഴുത്തോ ഫോണ്‍ ബന്ധമോ ഇല്ലാതെയും സ്നേഹബന്ധം നിലനിര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം എന്നെ ബോദ്ധ്യപ്പെടുത്തി. ട്രെയിനില്‍ കൊച്ചിക്കാരനെ കണ്ടുമുട്ടിയാല്‍, നാഗ്പൂരില്‍ കൊച്ചിയില്‍ നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകനെ കണ്ടുമുട്ടിയാല്‍, അദ്ദേഹം എന്നെ സ്നേഹാന്വേഷണം അറിയിക്കാന്‍ ചുമതലപ്പെടുത്തും. അവരത് ആദരപൂര്‍വ്വം നിര്‍വ്വഹിക്കുകയും ചെയ്യും. ഞാന്‍ ആര്‍എസ്എസ് അല്ലെന്ന് അദ്ദേഹത്തിന് അറിയാം. എങ്കിലും വ്യക്തിപരമായ സ്നേഹബന്ധം ഞങ്ങള്‍ കാത്തുസൂക്ഷിച്ചു.
എന്റെ ഗുരുതരമായ വാഹനാപകട കാലത്ത് ഹരിയേട്ടന് എന്നെ കാണാന്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വന്നിരുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിച്ച കാലമായിരുന്നതുകൊണ്ട് അദ്ദേഹത്തിന് എന്നെ കാണാന്‍ കഴിഞ്ഞില്ല. എന്റെ ആശുപത്രിവാസക്കാലം കഴിഞ്ഞ് അദ്ദേഹം വീട്ടില്‍ വന്ന് എന്നെ കാണുകയും ചെയ്തു. എനിക്കൊരു ജ്യേഷ്ഠ സുഹൃത്തായിരുന്നു അദ്ദേഹം. ഹരിയേട്ടന് എന്റെ അന്ത്യാഞ്ജലി.
(എഴുത്തുകാരനും സമകാലിക മലയാളം
മുന്‍ എഡിറ്ററുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: