തൃശൂര്‍: പുതുക്കാട് റെയില്‍വേ സ്റ്റേഷനോട് തൊട്ടുകിടക്കുന്ന ലെവല്‍ ക്രോസില്‍ 41.6 കോടി രൂപ ചെലവില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് സാങ്കേതിക അനുമതി. പുതുക്കാട് റെയില്‍വെ സ്റ്റേഷനടുത്ത് നിലവില്‍ ഉള്ള ലെവല്‍ ക്രോസ്സിന് അറുപത് മീറ്റര്‍ മാറിയാണ് പുതിയ മേല്‍പ്പാലം നിര്‍മ്മിക്കുന്നത്.
മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് സംസ്ഥാനവും റെയില്‍വേ ട്രാക്കിനു മുകളിലുള്ള പാലത്തിന്റെ നിര്‍മ്മാണം റെയില്‍വേയും നിര്‍വ്വഹിക്കും. നിര്‍മ്മാണചെലവ് 50 ശതമാനം ഇരുകൂട്ടരും പങ്കിടുന്ന രീതിയിലാണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടത്തുക. കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഓഡിറ്റ് നടത്തി റെയില്‍വെക്ക് റിപ്പോര്‍ട്ട് നല്കുന്ന മുറക്ക് ചെലവഴിച്ച തുകയുടെ 50 ശതമാനം റെയില്‍വെ കൈമാറും.
ഭൂമിയേറ്റെടുക്കുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും മൂന്നും നാലും തീവണ്ടിപ്പാതകളുടെ സര്‍വ്വേ മൂലം റയില്‍വെ അനുമതി നല്‍കിയിരുന്നില്ല. കഴിഞ്ഞദിവസം തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എംപിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റെയില്‍വെ ഉന്നത തല യോഗത്തില്‍ ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ആര്.എന്‍. സിംഗ് പുതുക്കാട് മേല്‍പ്പാലത്തിന് സാങ്കേതികാനുമതി നല്കിയ വിവരം അറിയിക്കുകയായിരുന്നു.
റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. നിലവില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: