ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഗ്വാദറില്‍ സുരക്ഷാ സേന സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 14 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് പാകിസ്ഥാന് ആസ്ഥാനമായുള്ള ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പസ്നിയില്‍ നിന്ന് ഗ്വാദര്‍ ജില്ലയിലെ ഒര്‍മാരയിലേക്ക് പോകുമ്പോഴാണ് സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. ഈ ഹീനമായ പ്രവൃത്തിയുടെ കുറ്റവാളികളെ വേട്ടയാടുകയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് സൈന്യം പ്രതികരിച്ചു.
പാകിസ്ഥാനില്‍ നിന്ന് തീവ്രവാദ ഭീഷണി ഇല്ലാതാക്കാന്‍ സുരക്ഷാ സേന തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സുരക്ഷാ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ പാകിസ്ഥാന്റെ താത്കാലിക വിദേശകാര്യ മന്ത്രി ജലീല്‍ അബ്ബാസ് ജിലാനി അപലപിച്ചു.
14 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. അത്തരം പ്രവൃത്തികള്‍ അങ്ങേയറ്റം അപലപനീയമാണ്. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും മരണപ്പെട്ടവരുടെ പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കൊപ്പമാണ്. ഭീകരര്‍ക്കെതിരെ പാകിസ്ഥാന് ഉറച്ചുനില്‍ക്കുന്നുവെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: