കോട്ടയം: തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പണിയുന്നതിന്റെ ഭാഗമായി അടച്ച വഴി തുറന്ന് നല്കി. ഗാന്ധി സ്ക്വയര്‍ മഹാദേവ ക്ഷേത്രം റോഡിലെ വാഹന ഗതാഗതം വ്യാഴാഴ്ച വൈകിട്ടോടെ പുനരാരംഭിക്കുകയായിരുന്നു. ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പണിയുന്നതിന്റെ ഭാഗമായി വഴി അടച്ചത് വലിയഗതാഗത കുരുക്കുണ്ടാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തില്‍ ഇതു വലിയ പ്രതിഷേധത്തിനു കാരണമായി. ഇതേത്തുടര്‍ന്നു നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ പോലീസിനും കളക്ടര്‍ക്കും കത്തു നല്കി. ബസുകള്‍ക്കു പോകാന്‍ കഴിയുന്ന വിധത്തിലാണ് വഴിതുറന്ന് നല്‍കിയത്. പൊളിക്കുന്ന കെട്ടിടത്തില്‍നിന്നു കല്ലും മണ്ണും വീഴാത്തവിധം നിശ്ചിത അകലത്തില്‍ സുരക്ഷാ സംവിധാനം ഒരുക്കി.
കരാര്‍ വ്യവസ്ഥ അനുസരിച്ച് കെട്ടിടം പൊളിക്കല്‍ രാത്രി 8 മുതല്‍ പുലര്‍ച്ചെ 5 വരെ മാത്രമാക്കിയിട്ടുണ്ട്. റോഡ് അടച്ചിട്ട് 14 ദിവസം പിന്നിട്ടിരുന്നു. മൂന്നുദിവസത്തിനുശേഷം ഗതാഗതം പഴയരീതിയിലാക്കുമെന്ന ഉറപ്പിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.പഴയ കല്പക സൂപ്പര്‍ മാര്‍ക്കറ്റിന്റെ കെട്ടിടം പൊളിക്കുമ്പോള്‍ ഗാന്ധി സ്ക്വയറിനു സമീപം എംസി റോഡ് അടയ്ക്കേണ്ടി വരും. നഗരസഭയും പൊലീസും പൊതുമരാമത്ത് വകുപ്പും ചേര്‍ന്നാകും തീരുമാനമെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: