Categories: Kerala

മാതൃയാനം: കേന്ദ്രഫണ്ട് സംസ്ഥാനം വകമാറ്റി; നാലുമാസമായി ടാക്‌സിക്കാര്‍ക്ക് കൂലിയില്ല, സര്‍ക്കാരിലേക്ക് രേഖകള്‍ നല്‍കിയിട്ടും പണം കിട്ടിയില്ല

Published by

കോഴിക്കോട്: ആരോഗ്യ വകുപ്പിലെ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് ലഭിച്ച പണം കേരളം വകമാറ്റുന്നു. പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സൗജന്യ യാത്ര ലഭ്യമാക്കുന്ന ‘മാതൃയാനം’ പദ്ധതിയില്‍ വാഹനം ലഭ്യമാക്കുന്നവര്‍ക്ക് സംസ്ഥാന വ്യാപകമായി പ്രതിഫലം നാലുമാസമായി കേരളത്തില്‍ കൊടുത്തിട്ടില്ല. ഡ്രൈവര്‍മാര്‍ സ്വന്തം പണം മുടക്കി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തി തിരികെക്കിട്ടാന്‍ കാത്തിരിക്കുകയാണ്.

സ്ത്രീകള്‍ക്ക് സഹായകമായ മികച്ച പദ്ധതികളിലൊന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ‘മാതൃയാനം.’ മെഡിക്കല്‍ കോളജ്, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രസവം കഴിഞ്ഞാല്‍ കുഞ്ഞിനും അമ്മയ്‌ക്കും അവരുടെ വീട്ടിലേക്ക് മടങ്ങാനുള്ള യാത്രച്ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) വഴിയാണ് നടപ്പിലാക്കല്‍. വാഹന ഉടമകള്‍ക്ക് പ്രത്യേക മൊബൈല്‍ ആപ് വഴി ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. വണ്ടി ഓടിക്കഴിഞ്ഞാല്‍ നാലു ദിവസത്തിനുള്ളില്‍ പണം ബാങ്ക് അക്കൗണ്ടു വഴി നല്‍കണം എന്നാണ് വ്യവസ്ഥ.

നാലു വര്‍ഷമായി തടസമില്ലാതെ നടക്കുന്ന പദ്ധതിയില്‍ നാലുമാസമായി ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നില്ല. ആശുപത്രികളിലെ പിആര്‍ഒ മാരാണ് മൊബൈല്‍ ആപ് വഴി വിവരം അറിയിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം പ്രതിദിനം 20 വണ്ടികള്‍ ശരാശരി ഇങ്ങനെ സര്‍വീസ് നടത്തുന്നുണ്ട്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി നൂറോളം യാത്രകള്‍ വരെ പ്രതിദിനം ഉണ്ടാകുന്നു. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ പദ്ധതി.

നാലുദിവസമാണ് പണം നല്‍കാന്‍ സമയമെങ്കിലും 15 ദിവസം വരെ എടുക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ നാലു മാസമായി പണം കൊടുക്കുന്നില്ല. സംസ്ഥാനത്താകെ ഇതാണ് സ്ഥിതിയെന്നാണ് വിവരം. കേന്ദ്രഫണ്ട് സംസ്ഥാനത്തിന് നല്‍കിക്കഴിഞ്ഞതായാണ് കേന്ദ്ര ആരോഗ്യവകുപ്പില്‍ നിന്നുള്ള വിവരം. സംസ്ഥാനത്തെ എന്‍എച്ച്എം അധികൃതരും അത് ശരിവെക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണം പണം വിതരണം ചെയ്യാന്‍. ഇത് അതത് ആശുപത്രികളുടെ സൂപ്രണ്ടുമാരുടെ ഉത്തരവാദിത്വമാണ്. പക്ഷേ, സര്‍ക്കാരിലേക്ക് വേണ്ട രേഖകള്‍ നല്‍കിയിട്ടും പണം കൊടുക്കാത്തതിന്റെ കാരണമറിയില്ല എന്ന് ആശുപത്രികള്‍ ഡ്രൈവര്‍മാരോട് നിസ്സഹായത അറിയിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by