ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ ദര്‍ഭാ ബ്ലോക്കിലെ ഒരു ഗ്രാമമാണ് ചന്ദാമെത്ത. ആ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഇത്തവണ വോട്ടു ചെയ്യാന്‍ ഏഴു കിലോമീറ്റര്‍ നടന്നു പോകേണ്ടതില്ല. സ്വാതന്ത്ര്യം കിട്ടി ഇതാദ്യമായി ചന്ദാമെത്ത ഗ്രാമത്തില്‍ പോളിങ് സ്റ്റേഷന് സ്ഥാപിച്ചിരിക്കുന്നു. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഗ്രാമത്തിലെ 335 വോട്ടര്‍മാര്‍ ഇത്തവണ സ്വന്തം ഗ്രാമത്തില്‍ നിന്ന് വോട്ടു ചെയ്യും.
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വെല്ലുവിളി ഇടതു ഭീകരരായ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള ബസ്തര്‍ ജില്ലയിലെ വോട്ടടുപ്പാണ്. കാലങ്ങളായി ഇത്തരം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയാറില്ല. എന്നാല്‍ ഇത്തവണ ഇതാദ്യമായി നക്സല്‍ സ്വീധീന ഗ്രാമങ്ങളിലും പോളിങ് ബൂത്തുകള്‍ സ്ഥാപിച്ച് ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ എല്ലാ ജനങ്ങളേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്.
ബസ്തര്‍ ഡിവിഷനിലെ നാല്‍പ്പത് ഉള്‍ഗ്രാമങ്ങളിലായി 126 പോളിങ് ബൂത്തുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേന്ദ്ര സേനയും പോലീസും നക്സല്‍ വിരുദ്ധ സ്ക്വാഡും നടത്തുന്ന നീക്കങ്ങളുടെ വിജയമാണിത്. മുന്‍ വര്‍ഷങ്ങളില്‍ ഈ മേഖലയിലെ ചില ഗ്രാമങ്ങിലെ ജനങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശത്ത് പോളിങ് ബൂത്തുകള്‍ തയാറാക്കിയിരുന്നെങ്കിലും നക്സലുകളുടെ ഭീഷണിയെത്തുടര്‍ന്ന് വോട്ടു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നത്. നാലു വര്‍ഷത്തിനിടെ ബസ്തര്‍ ഡിവിഷനില്‍ അറുപതു സൈനിക ക്യാമ്പുകളാണ് സ്ഥാപിച്ചത്.
വീടുകളില്‍ വോട്ടിങ് സ്ലിപ്പുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മുണ്ടാഗാവ് ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ മദന്‍ലാല്‍ നാഗ്. ഈ ഗ്രാമത്തില്‍ 638 വോട്ടര്‍മാരുണ്ട്. 512 പേര്‍ക്കും വീടുകളില്‍ എത്തി സ്ലിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. ലോക്സഭയിലേക്കാണോ നിയമസഭയിലേക്കാണോ തെരഞ്ഞെടുപ്പ് എന്നു പോലും പലര്‍ക്കും അറിയില്ല. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇത്രയും കാലമായി അവര്‍ തെരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായിരുന്നില്ല, മദന്‍ലാല്‍ നാഗ് പറയുന്നു. പതിനെട്ടു വയസു തികഞ്ഞവരെ ഉള്‍പ്പെടുത്തി പുതിയ വോട്ടര്‍ പട്ടിക തയാറാക്കാനും ഇത്തവണ കഴിഞ്ഞു.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇതൊന്നും നടന്നിരുന്നില്ല. ഭീഷണിയെത്തുടര്‍ന്ന് നക്സല്‍ സംഘടനയില്‍ അംഗങ്ങളാകേണ്ടി വന്നിട്ടുണ്ട് ചന്ദാമെത്ത ഗ്രാമത്തിലെ ചെറുപ്പക്കാരില്‍ പലര്‍ക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ത്തന്നെ നക്സലുകളുടെ മുന്നറിയിപ്പു വരും, വോട്ടിങ് ബഹിഷ്കരിക്കുക, വോട്ടു ചെയ്യാന്‍ പോയാല്‍ ജീവനെടുക്കും. എന്നാല്‍ നാലുവര്‍ഷമായി നക്സല്‍ സ്വാധീനമുള്ള ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കേന്ദ്ര സര്‍ക്കാരും സൈന്യവും നടത്തിയ നീക്കങ്ങള്‍ ഒരു പരിധി വരെ വിജയിച്ചു.
സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. റോഡുകള്‍ നിര്‍മിച്ചു, വൈദ്യുതി എത്തിച്ചു, സ്കൂളുകള്‍ സ്ഥാപിച്ചു.
ചന്ദാമെത്ത ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സൈനിക ക്യാംപ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. പരിപൂര്‍ണമായും നക്സല്‍ ഗ്രാമം എന്നറിയപ്പെട്ടിരുന്ന ചന്ദാമെത്തയില്‍ ഇപ്പോള്‍ വലിയ മാറ്റമുണ്ട്. അതാണ് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നത്. ജനങ്ങള്‍ക്ക് സിആര്‍പിഎഫിനെ വിശ്വാസമായി, ക്യാംപ് കമാന്‍ഡര്‍ രാജു വാഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: