തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് നല്‍കിവന്ന സബ്സിഡിയും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നല്‍കിവന്ന സബ്സിഡിയാണ് നിര്‍ത്തിയത്.
എല്ലാ വര്‍ഷവും നിരക്ക് കൂട്ടേണ്ടിവരുമെന്നും ജനങ്ങള്‍ അതിന് തയാറെടുക്കണമെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി മുന്നറിയിപ്പ് നല്‍കുന്നത്.
കെ എസ് ഇ ബി ഇലക്ട്രിസിറ്റി ഡ്യൂട്ടി പിരിച്ചെടുത്ത് സര്‍ക്കാരില്‍ അടയ്‌ക്കുമ്പോള്‍ ജനങ്ങള്‍ക്ക് വൈദ്യുതി സബ്സിഡിയായി നല്‍കിയ തുക കഴിഞ്ഞുള്ളതാണ് അടച്ചിരുന്നത്. എന്നാല്‍ മുഴുവന്‍ തുകയും അടയ്‌ക്കണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.
മാസം 120യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 85 പൈസയായിരുന്നു ശരാശരി സബ്സിഡിയുളളത്. ആദ്യത്തെ 40 യൂണിറ്റിന് 35 പൈസ, 41മുതല്‍ 120 യൂണിറ്റ് വരെ 50 പൈസ എന്ന നിരക്കിലായിരുന്നു സബ്‌സിഡി. മാസം കുറഞ്ഞത് 100യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ശരാശരി 44 രൂപയോളം കിട്ടിയ സബ്സിഡിയാണ് ഒഴിവാക്കിയത്. ഇതോടെ 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപ കൂടുതല്‍ നല്‍കേണ്ട സ്ഥിതി വരും.പത്ത് വര്‍ഷത്തോളമായി നല്‍കിവന്ന സബ്സിഡിയാണ് നിര്‍ത്തലാക്കിയത്.
ജനങ്ങള്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് വര്‍ദ്ധിപ്പിച്ചത്.പ്രതിമാസം 40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ദ്ധനയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: