തൊടുപുഴ: ഏറെ കൊട്ടി ഘോഷിച്ച് ഉദ്ഘാടനം നടത്തിയ മലങ്കര ടൂറിസം ഹബ്ബ് നാലാം വര്‍ഷത്തിലേക്ക് കടന്നു. 2019 നവംബര്‍ 2നാണ് ഏതാനും ചില പ്രവര്‍ത്തികള്‍ മാത്രം പൂര്‍ത്തീകരിച്ച് മലങ്കര ടൂറിസം ഹബ്ബ് ഉദ്ഘാടനം നടത്തി നാടിന് സമര്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മലങ്കര ടൂറിസം ഹബ്ബിന്റെ വികസനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിച്ചില്ല എന്ന് ജനങ്ങള്‍ ഒന്നടങ്കംപറയുന്നു.
സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഇല്ലാതെ ഇവിടെ വികസന പദ്ധതികള്‍ സജ്ജമാക്കാന്‍ നോക്കിയിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള വിവിധ ഏജന്‍സികളും പൊതുമേഖല, സഹകരണ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും വിവിധ പദ്ധതികള്‍ പ്ലാന്‍ചെയ്ത് അനുമതിക്ക് സമര്‍പ്പിച്ചു. എന്നാല്‍ ഇവ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് ഇടത് സര്‍ക്കാരില്‍ നിന്നും തുടര്‍ച്ചയായിട്ടുണ്ടാകുന്നത്.
സംസ്ഥാന ടൂറിസം വികസനത്തിന് നാഴികക്കല്ലായി മാറും വിധത്തില്‍ ഏറെ കൊട്ടിഘോഷിച്ച് വന്‍ പദ്ധതികളോടെയാണ് മലങ്കര ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. ആദ്യ ഘട്ടത്തില്‍ അനുവദിച്ച 4 കോടിയില്‍ 3 കോടിയോളം മുടക്കി എന്‍ട്രന്‍സ് പ്ലാസയും പദ്ധതി പ്രദേശത്തെ ചുറ്റ് പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തുകയും ചെയ്തു.
ദുബായിയിലെ എന്‍ട്രന്‍സ് പ്ലാസയുടെ മോഡലില്‍ ഇവിടെ കെട്ടിപ്പൊക്കിയ എന്‍ട്രന്‍സ് പ്ലാസ ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ വെറും നോക്കുകുത്തിയുടെ അവസ്ഥയിലാണ്. എന്‍ട്രന്‍സ് പ്ലാസയില്‍ 200 ആളുകള്‍ക്ക് ഇരിക്കാവുന്ന സീറ്റുകളോടെ ഓപ്പണ്‍ സ്റ്റേജ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാടക ഈടാക്കി പൊതുപരിപാടികള്‍ക്ക് നല്കാന് പോലും സര്‍ക്കാര്‍ താല്പര്യപ്പെടുന്നില്ല. ഇവിടെ നിന്ന് ലഭിക്കുന്ന വാടക സര്‍ക്കാരിലേക്കാണ് ലഭിക്കുന്നത്.
കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെ ഏതാനും ചില സൗകര്യങ്ങള്‍ മാത്രമാണ് ഹബ്ബില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളു. എങ്കിലും ശനി, ഞായര്‍ ഉള്‍പ്പെടെ അവധി ദിവസങ്ങളില്‍ ആയിരങ്ങളാണ് ഇവിടേക്ക് എത്തുന്നത്. മലങ്കര ടൂറിസം പദ്ധതിയുടെ വികസനത്തിന് സര്‍ക്കാരിന് പണത്തിന്റെ അപര്യാപ്തതയുണ്ടെങ്കില്‍ സര്‍ക്കാരും- പൊതുജനങ്ങളും ചേര്‍ന്നുള്ള പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ പ്രോജക്റ്റ് (പിപിപി)ല്‍ ഉള്‍പ്പെടുത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയും. കൂടാതെ സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ പദ്ധതികള്‍ക്ക് അനുമതി നല്‍കണം.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുമതി നല്കിയാല് സര്‍ക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ ഇവിടേക്ക് വികസന പദ്ധതികള്‍ എത്തും.
പിപിപിയുടേയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും പദ്ധതികള്‍ മലങ്കര ഹബ്ബില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ നൂറ് കണക്കിന് ആളുകള്‍ക്ക് തൊഴിലും ലഭ്യമാകും. മലങ്കര ഹബ്ബ് വിഭാവനം ചെയ്ത കാലം മുതല്‍ ഇടക്കിടക്ക് ലക്ഷങ്ങളുടേയും കോടികളുടേയും പ്രഖ്യാപങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന പ്രവര്‍ത്തികളാണ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ആദ്യഘട്ടത്തില്‍ അനുവദിച്ച 4 കോടിക്ക് ശേഷം 26 കോടിയുടെ പദ്ധതി മലങ്കരയില്‍ നടപ്പിലാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്ശന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കിയിലേക്ക് എത്തുന്ന 182 കോടിയില്‍ 102 കോടിയുടെ വികസന പ്രവര്‍ത്തങ്ങള്‍ മലങ്കരയില്‍ നടപ്പിലാക്കുമെന്ന് പി.ജെ. ജോസഫ് എംഎല്‍എയും പ്രഖ്യാപിച്ചിരുന്നു.
98.70 ലക്ഷത്തിന്റെ വികസന പദ്ധതികളുടെ ഡീറ്റെയില്‍ഡ് പ്രോജക്റ്റ് റിപ്പോര്‍ട്ട് സംസ്ഥാന ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മലങ്കര ഹബ്ബിന്റെ ചെയര്‍പേഴ്സണായ കളക്ടറും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇടുക്കി പാക്കേജില്‍ ജില്ലക്ക് ലഭിച്ച ഫണ്ടില്‍ ഉള്‍പ്പെടുത്തി 67 ലക്ഷത്തിന്റെ പദ്ധതി ഇവിടെ നടപ്പിലാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ അധികൃതര്‍ എല്ലാവരും ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപനം നടത്തിയിരുന്നു.
മലങ്കര ഹബ്ബിലും അതിനോട് അനുബന്ധിച്ചുള്ള മൂലമറ്റം വരെയുള്ള പ്രദേശങ്ങള്‍ ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലാണ് ഇവിടങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ മറ്റ്
ഏജന്‍സികളെ അനുവദിക്കില്ല എന്ന് പറഞ്ഞ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് രംഗത്ത് വന്നു.
കുടയത്തൂര്‍ വയനക്കാവ്, മലങ്കര ഹബ്ബ് എന്നിങ്ങനെ പ്രദേശങ്ങള്‍ ബന്ധപ്പെടുത്തി വാട്ടര്‍ തീം പാര്‍ക്ക് പദ്ധതി സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുമെന്നും
റോഷി അഗസ്റ്റിന് പ്രഖ്യാപിച്ചു. മലങ്കര ഹബ്ബിനോട് അനുബന്ധിച്ച് 3 കോടിയുടെ വികസനപദ്ധതികള്‍ നടപ്പിലാക്കാന്‍ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനെ (കിട്ക്ക് ) ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് മറ്റൊരു പ്രഖ്യാപനവും മന്ത്രി റോഷി അഗസ്റ്റിന് അടുത്ത നാളില്‍ നടത്തി.
എന്നാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന വെറും പ്രഖ്യാപനങ്ങളുടെ പരമ്പരയല്ല വികസനപദ്ധതികളാണ് ആവശ്യമെന്ന് ജനങ്ങള്‍ പറയുന്നു. ആളുകളുടേയും വാഹനങ്ങളുടേയും പ്രവേശന ഫീസ് ഇനത്തില്‍ 26 ലക്ഷത്തോളം രൂപയാണ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ മുട്ടം ശാഖയില്‍ കെട്ടി കിടക്കുന്നുണ്ട്. ഹബ്ബിന്റെ ചെയര്‍പേഴ്സണായ കളക്ടറുടേയും കണ്‍വീനറായ എംവിഐപിയുടെ മേവാറ്റുപുഴ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെയും ജോയിന്റ് അകൗണ്ടിലാണ് ഇത് നിക്ഷേപിച്ചിരിക്കുന്നത്.
ഈ തുക ഉപയോഗിച്ചും ഇവിടെ നിരവധി പദ്ധതികള്‍ക്ക് സാധ്യതയുണ്ടെങ്കിലും അതിലൊന്നും അധികൃതര്‍ക്ക് യാതൊരു താല്പര്യവുമില്ല. സമീപ ജില്ലകളിലെ വന്‍കിട സ്വകാര്യടൂറിസം കേന്ദ്രങ്ങളെ സഹായിക്കാനാണ് മലങ്കരയെ സര്‍ക്കാര്‍ അവഗണിക്കുന്നതെന്നുള്ള ആരോപണം പദ്ധതിയുടെ ആരംഭ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. ഇത് ശരി വെക്കുന്ന തരത്തിലാണ് നിലവിലുള്ള അവസ്ഥ. ഹബ്ബിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണയില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: