പട്ന: ഇന്‍ഡി മുന്നണിക്ക് അനക്കമില്ലെന്ന് സഖ്യത്തിനു ചുക്കാന്‍ പിടിച്ച ജെഡിയു നേതാവ് നിതീഷ് കുമാറും. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജന ചര്‍ച്ച പൊളിഞ്ഞതിനെത്തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയും ജെഡിയുവും ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് നിതീഷ് കുമാറിന്റെ കടുത്ത വിമര്‍ശനം. ഇന്‍ഡി മുന്നണിക്കെതിരേ പിഡിഎ കൂട്ടായ്മ സൃഷ്ടിച്ചു മത്സരിക്കുമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന് സഖ്യത്തില്‍ താത്പര്യമില്ലെന്ന് പരസ്യമായി പറഞ്ഞാണ് അഖിലേഷും വഴിപിരിഞ്ഞത്.
ഇന്‍ഡി സഖ്യം മുന്നോട്ടുപോകുന്നതില്‍ കോണ്‍ഗ്രസിനു താത്പര്യമില്ലെന്ന് നിതീഷ് കുമാര്‍ തുറന്നടിച്ചു. മുന്നണി രൂപീകരിച്ചെന്നല്ലാതെ ഒരിഞ്ച് നീങ്ങിയിട്ടില്ല. സഖ്യമൊട്ടും സജീവമല്ല. കോണ്‍ഗ്രസിനു സമയമില്ലെന്നാണ് തോന്നുന്നത്. അവര്‍ക്ക് ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പാണ് മുഖ്യം, മുന്നണിയിലെ മറ്റു കക്ഷികളെപ്പോലും അവര്‍ പരിഗണിക്കുന്നില്ല, നിതീഷ് പറഞ്ഞു. പട്നയിലെ മിലന് സ്കൂള്‍ ഗ്രൗണ്ടില്‍ സിപിഐ സംഘടിപ്പിച്ച ‘ഭാജപ ഹഠാവോ ദേശ് ബചാവോ’ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ചേര്‍ത്ത് മുന്നണിയുണ്ടാക്കാന്‍ മുന്‍കൈയെടുത്തത് നിതീഷ് കുമാറാണ്. എന്നാല്‍ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍പ്പോലും ഒരുമിച്ചു നില്ക്കാന് മുന്നണിക്കു കഴിയാത്ത സാഹചര്യമാണ്. ഇതില്‍ നിരാശയുണ്ടെന്നു വ്യക്തമാക്കുന്നതാണ് നിതീഷിന്റെ പ്രതികരണം. സഖ്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം എല്ലാ പാര്‍ട്ടികളും അംഗീകരിച്ചതാണ്. പക്ഷേ അവര്‍ ഒരുയോഗം വിളിക്കാന്‍ പോലും തയാറാകുന്നില്ല, നിതീഷ് കുറ്റപ്പെടുത്തി.
അതിനിടെ, രാഹുലിനിത് ഒരു ഇന്‍ഡി ജോഡോ യാത്രയ്ക്കുള്ള അവസരമാണെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനാവാല പ്രതികരിച്ചു. ഇന്‍ഡി മുന്നണി ഒരു തുക്ഡേ തുക്ഡേ ഗാങ്ങാണ്. മധ്യപ്രദേശില്‍ എസ്പിയും കോണ്‍ഗ്രസും തമ്മില്‍ അടിയാണ്. ഇപ്പോള്‍ നിതീഷ് കുമാര്‍ കോണ്‍ഗ്രസിനെ ആക്രമിക്കുന്നു, ദല്‍ഹിയിലും പഞ്ചാബിലും ആപ്പും കോണ്‍ഗ്രസും തമ്മില്‍ത്തല്ലാണ്. ബംഗാളില്‍ അധീര്‍ രഞ്ജന്‍ ചൗധരിയും മമതയും തമ്മില്‍ ചേരില്ല. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ മത്സരമാണ്. വൈരുധ്യങ്ങളും ആശയക്കുഴപ്പങ്ങളും അഴിമതിയും അത്യാര്‍ത്തിയും അതൃപ്തിയും കൊണ്ട് പരസ്പരം പോരടിക്കുകയാണ് അവരെന്ന് ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: