Categories: Vasthu

ഗൃഹനിര്‍മാണം മുതല്‍ ഗൃഹപ്രവേശം വരെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

വാസ്തുവിജ്ഞാനം

Published by

ദ്യമായി, വീടു വയ്‌ക്കുവാന്‍ അനുയോജ്യമായ ഭൂമി കണ്ടെത്തുകയാണു വേണ്ടത്.
ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ അല്‍പമെങ്കിലും വടക്കോട്ടോ കിഴക്കോട്ടോ ചരിവുള്ള ഭൂമി നല്ലതാണ്. സമചതുരമായിട്ടോ ദീര്‍ഘചതുരമായിട്ടോ വീടു വയ്‌ക്കുവാനുള്ള ഭൂമി എടുക്കാവുന്നതാണ്. എന്നാല്‍, ദീര്‍ഘചതുരമുള്ള ഭൂമി തെക്കുവടക്കായിട്ട് കിടക്കുന്നതാണ് നല്ലത്. ജലത്തിന്റെ ലഭ്യതയുള്ളതും, സൂര്യകിരണങ്ങള്‍ പതിയുന്നതും, എല്ലാവിധ വൃക്ഷലതാദികളും വളരുന്നതും, ഇളംകാറ്റ് വീശുന്നതും, കെട്ടിടം പണി ചെയ്യുന്നതിന് വാഹനസൗകര്യം ഉള്ളതുമായ ഭൂമി കണ്ടെത്തിക്കഴിഞ്ഞാല്‍ പ്രസ്തുത ഭൂമിയില്‍ ഭൂമിപൂജ ചെയ്ത് തറരക്ഷ സ്ഥാപിക്കണം. വെള്ളത്തിന്റെ ആവശ്യത്തിനുവേണ്ടി വടക്കുകിഴക്കു ഭാഗത്ത് കുംഭം രാശിയിലോ മീനം രാശിയിലോ കിണര്‍ എടുക്കേണ്ടതാണ്.

കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുവാന്‍ സൗകര്യത്തിന് ഭൂമിയുടെ ഒരു ഭാഗം ഒഴിച്ച് മറ്റ് മൂന്നുഭാഗവും മതില്‍ കെട്ടി വേര്‍തിരിക്കുക. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് പുറത്തുനിന്നുള്ള പ്രകൃതിയുടെ അദൃശ്യമായ ശക്തിയുടെ കടന്നുകയറ്റം ഒഴിവാക്കാന്‍ സാധിക്കും. നല്ല ദിവസം നോക്കി പ്ലാന്‍ പ്രകാരം സെറ്റ് ഔട്ട് ചെയ്യുക (കുറ്റിയടിക്കുക). നല്ല മുഹൂര്‍ത്തം കണക്കിലെടുത്ത് സ്ഥിരവാസ്തു എന്ന കണക്കില്‍ പ്രകാരം തെക്കുപടിഞ്ഞാറു ഭാഗത്ത് (കന്നിമൂല) തറക്കല്ലിടുക. ശിലാസ്ഥാപനം നിര്‍വഹിക്കുന്നത് കുടുംബത്തിലെ പ്രായമുള്ള കാരണവരോ സമൂഹത്തിലെ പ്രമുഖ വ്യക്തികളോ ആചാര്യന്മാരോ ആയിരിക്കുന്നത് ഉത്തമം. വിധിപ്രകാരം പൂജചെയ്ത ശില കൊണ്ടുവന്ന് ഗ്രാമക്ഷേത്രത്തില്‍ വഴിപാടു കഴിച്ച് ശുഭമുഹൂര്‍ത്തത്തില്‍ ശിലാസ്ഥാപനം നടത്തുക. ശിലയുടെ അടിയില്‍ നവരത്‌നക്കല്ല് ശുദ്ധമായത് പൂജചെയ്ത് സ്ഥാപിക്കണം. പ്രസ്തുത പൂജ പോറ്റിമാര്‍ക്കോ നമ്പൂതിരിശ്രേഷ്ഠന്മാര്‍ക്കോ അതല്ലെങ്കില്‍ പണി ചെയ്യാന്‍ നിയോഗിച്ചിട്ടുള്ള പ്രധാന മേസ്തിരിക്കോ ചെയ്യാവുന്നതാണ്. പിറ്റേദിവസംമുതല്‍ തന്നെ ഫൗണ്ടേഷന്‍ ബേസ്‌മെന്റ് പണി പൂര്‍ത്തിയായാല്‍ ഇതിന്റെ പുറത്ത് ബെല്‍റ്റ് അടിക്കുക. അതുകഴിഞ്ഞ് നല്ല മണ്ണ് ഫൗണ്ടേഷനകത്ത് നിറയ്‌ക്കുക. ചെറിയൊരു സമയം കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് ഫൗണ്ടേഷനകത്തിട്ട മണ്ണ് ഉറച്ചുകിട്ടുന്നതിനുവേണ്ടിയാണ്. ഈ സമയത്ത് കട്ടളയും ജനാലയും പണിചെയ്ത് പൂര്‍ത്തീകരിക്കാവുന്നതാണ്.

കട്ടളപ്പടി സ്ഥാപിക്കുമ്പോള്‍

ഇതിലേക്കുള്ള തടി ഒരു കാരണവശാലും പഴയത് ഉപയോഗിക്കരുത്. പുതിയ തടിതന്നെ പുതിയ കെട്ടിടത്തിന് അനുയോജ്യം. തേക്ക്, പ്ലാവ്, ആഞ്ഞിലി, മഹാഗണി തുടങ്ങിയ തടികള്‍ എടുക്കാവുന്നതാണ്. ഒരു വീടിന് ഒരിനം തടിയാണ് ഉത്തമം. ഇല്ലെങ്കില്‍ രണ്ടിനം തടിയായാലും തെറ്റില്ല. പ്രത്യേകിച്ച് മുന്‍വശത്തെ വാതിലിന്റെ കട്ടളപ്പടിയും വാതിലും ഒരിനം തടിതന്നെ ആയിരിക്കണം. കട്ടളപ്പടി സ്ഥാപിക്കുന്നതിന് നല്ല മുഹൂര്‍ത്തം നിശ്ചയിക്കണം. നിശ്ചിത മുഹൂര്‍ത്തത്തില്‍ പ്രധാനപ്പെട്ട മേസ്തിരി കട്ടളപ്പടി വയ്‌ക്കുന്നതിനുമുമ്പായി പൂജ ചെയ്ത്, ഊര്‍ജം പകരുന്ന ചില പ്രത്യേകതരം രത്‌നങ്ങള്‍ പടിക്ക് ഉയരെ സ്ഥാപിച്ച് പടി നിറുത്തുന്ന സമയത്ത് ഗൃഹനാഥനെയും മറ്റ് അംഗങ്ങളെയും പടിയില്‍ തൊട്ട് നില്‍ക്കാന്‍ അനുവദിക്കുക.

കട്ടളപ്പടി ഉറപ്പിച്ചശേഷം വീട്ടിലെ മൂന്നു സ്ത്രീകള്‍ നിറകുടവുമായി പ്രസ്തുത കട്ടളപ്പടിക്ക് അകത്തുകൂടി കയറി കുടത്തിലെ ജലം വടക്കുകിഴക്കേ മൂലഭാഗത്ത് ഒഴിക്കുക. ഇതോടുകൂടി കട്ടളപ്പടി വയ്‌ക്കുന്ന ചടങ്ങ് കഴിഞ്ഞു. അന്നുരാത്രി പ്രസ്തുത സ്ഥലത്തിരുന്ന് വാസ്തുബലി ചെയ്യേണ്ടതാണ്. അറുപത്തിയേഴ് പിണ്ഡങ്ങള്‍ വച്ച് വിപുലമായ രീതിയിലാണ് വാസ്തുബലി ചെയ്യേണ്ടത്. വൈഷ്ണവക്ഷേത്രത്തിലെ പൂജാരിമാരോ തന്ത്രിമാരോ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയനമ്പിമാരോ ചെയ്യുന്നത് ഉത്തമമാണ്. അടുത്ത ദിവസം മുതല്‍ കെട്ടിടം പണി തുടരാവുന്നതാണ്. പ്രധാനപ്പെട്ട ഡോറിനുനേരേ മറ്റ് ഡോറുകളോ സ്‌റ്റെയര്‍കെയ്‌സോ വരാന്‍ പാടില്ല. അകത്തെ മുറികളുടെ വാതിലുകള്‍ സ്ഥാപിക്കുമ്പോള്‍ നേര്‍ക്കുനേര്‍ വരാതിരിക്കുവാന്‍ ശ്രദ്ധിക്കണം. വീടിനകത്തെ സ്‌റ്റെയര്‍കെയ്‌സ് തെക്കുഭാഗത്ത് ക്ലോക്ക് വൈസില്‍ കൊടുക്കുന്നത് ഉത്തമമാണ്. പ്രധാന ബെഡ്‌റൂമിനെക്കാള്‍ വലുതായി അടുക്കള പണിയരുത്. സമചതുരമോ ദീര്‍ഘചതുരമോ ആയിരിക്കണം. കിഴക്കോട്ടു നിന്ന് ആഹാരം പാചകം ചെയ്യുന്ന രീതിയിലായിരിക്കണം ക്രമീകരി ക്കേണ്ടത്. അടുക്കളയ്‌ക്ക് സ്ഥാനങ്ങള്‍ തെക്കുകിഴക്കേ മൂല അഗ്‌നികോണ്‍, വടക്കുകിഴക്കേ മൂല ഈശാനകോണ്‍, വടക്കുപടിഞ്ഞാറേമൂല വായുകോണ്‍ എന്നിവിടങ്ങളില്‍ വരാവുന്നതും ഒരു കാരണവശാലും തെക്കുപടിഞ്ഞാറ് കന്നിമൂലയില്‍ വരാന്‍ പാടില്ലാത്തതുമാണ്. പ്രധാന ബെഡ്‌റൂമായി കന്നിമൂല (തെക്കുപടിഞ്ഞാറുഭാഗം) എടുക്കുക. ഇവിടെ വീട്ടിലെ ദമ്പതിമാര്‍ കിടക്കുവാന്‍ ഉപയോഗിക്കുക. രണ്ടാമത്തെ ബെഡ്‌റൂമിന്റെ ഉത്തമസ്ഥാനം വടക്കുപടിഞ്ഞാറ് വായുമൂലയിലുള്ള മുറിയാണ്. ഇവിടെയും ദമ്പതിമാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കൂടാതെ വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് പറ്റിയ മുറി ഇതാണ്. ആണ്‍കുട്ടികള്‍ക്ക് തെക്കുകിഴക്ക് അഗ്നികോണിലെ മുറി കൊടുക്കുക. ഈ മുറിയില്‍ കമ്പ്യൂട്ടര്‍ പോലുള്ള ഇലക്ട്രിക്ഉപകര ണങ്ങള്‍ ഉപയോഗിക്കുന്നത് ഉത്തമമാണ്. വടക്കുകിഴക്കുഭാഗത്ത് മുറിയുണ്ടെങ്കില്‍ പ്രായമായവര്‍ക്ക് കിടക്കുവാന്‍ കൊടുക്കുക. ഇവര്‍ക്ക് ആരോഗ്യസംരക്ഷണത്തിനും ദൈവികചിന്തയില്‍ കഴിയുന്നതിനും സുഖപ്രദമായ ഉറക്കത്തിനും ഈ മുറി നല്ലതാണ്.

പൂജാമുറിയുടെ സ്ഥാനം

വീട്ടില്‍ പൂജാമുറി കൊടുക്കുന്നുണ്ടെങ്കില്‍ ഒന്നാംസ്ഥാനം വടക്കുകിഴക്ക് മൂലഭാഗത്തിനാണ്. അതല്ലെങ്കില്‍ കിഴക്കിന്റെ ഭാഗങ്ങളിലോ ഗൃഹാന്തരീക്ഷത്തിന് അനുസരണമായ മറ്റു ഭാഗങ്ങളിലോ പൂജാമുറി സ്ഥാപിക്കാം. പൂമുഖവാതിലിനു നേരേ അടയത്തക്കരീതിയിലുള്ള നിര്‍മാണപ്രവര്‍ത്തനം പാടില്ല. സൂര്യകിരണങ്ങള്‍ കൂടുതല്‍ ഏല്‍ക്കുന്ന കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിവിടങ്ങളില്‍ ഡൈനിംഗ് ഹാള്‍ ക്രമീകരിക്കണം. വീട്ടിലെ കാര്‍പോര്‍ച്ചിന് ഉന്നത സ്ഥാനം തെക്കുകിഴക്ക് അഗ്നികോണാണ്. രണ്ടാംസ്ഥാനം വടക്കു പടിഞ്ഞാറ് വായുകോണാണ്. രണ്ടാ തത്തെ നില പണിയുമ്പോള്‍ തെക്കുപടിഞ്ഞാറ് കന്നിമൂല ഭാഗം ഒഴിച്ചിടാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നാല്‍, വടക്കുകിഴക്കേ ഭാഗം ഓപ്പണ്‍ സ്‌പേസാക്കി ഇടുന്നത് നല്ലതാണ്. ഭാരമേറിയ വാട്ടര്‍ ടാങ്ക്, സ്‌റ്റെയര്‍കെയ്‌സ് ടവര്‍ എന്നിവ തെക്കുഭാഗത്തു വരണം. ചെറിയ വാട്ടര്‍ ടാങ്കാണെങ്കില്‍ വടക്കുഭാഗത്ത് കൊടുക്കുന്നത് ഉത്തമമാണ്. വീടിനകത്ത് അങ്കണം സ്ഥാപിക്കുകയാണെങ്കില്‍ മധ്യഭാഗം ഒഴിവാക്കി വടക്കോട്ടോ കിഴക്കോട്ടോ മാറ്റി സ്ഥാപിക്കാവുന്നതാണ്. ഒരു കാരണവശാലും തെക്കുഭാഗത്ത് അങ്കണം എടുക്കരുത്. സൂര്യപ്രകാശം കിട്ടുന്നതിനു വേണ്ടിയുള്ള കോര്‍ട്ട്‌യാര്‍ഡ് പണിയുന്നത് വീടിന്റെ നാലുഭാഗത്തും വരുന്നതില്‍ തെറ്റില്ല. വലിയ ഫിഷ്ടാങ്ക് വയ്‌ക്കുന്നത് വടക്കു ഭാഗത്തോ കിഴക്കു ഭാഗത്തോ ആയിരിക്കുന്നത് നല്ലതാണ്.
(തുടരും)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by