പെരുമ്പാവൂര്‍ (കൊച്ചി): പെരുമ്പാവൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ പാലാ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. വിദ്യാര്‍ത്ഥിയുടെ മൊഴിയില്‍ പോലീസ് കേസ് എടുത്തു.
വളയന്‍ചിറങ്ങര കണിയാക്കപറമ്പില്‍ മധുവിന്റെ മകന് കെ.എം. പാര്‍ഥിപനെയാണ് (19) വാഹന പരിശോധനയ്ക്കിടെ 29ന് പാലായില്‍ വച്ച് കസ്റ്റഡിയിലെടുത്തത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി പോളിടെക്നിക് കോളജിലെ മെക്കാനിക്കല്‍ വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പാര്ഥിപന് കൂട്ടുകാരനെ കാണാന്‍ കാറില്‍ പോവുകയായിരുന്നു. വാഹന പരിശോധനയ്ക്കു പോലീസ് കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. പിന്നാലെ പോയി പിടികൂടിയ പോലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ചു ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
കാറില്‍ രാസലഹരിയുണ്ടെന്ന സംശയത്തിലായിരുന്നുവത്രേ മര്‍ദനം. എന്നാല്‍, പരിശോധനയില്‍ ഒന്നും കണ്ടത്താനായില്ല. കാറില്‍ ലഹരിവസ്തുക്കള്‍ ഉള്ളതിനാലാണ് നിര്‍ത്താതെ പോയത് എന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍, ലൈസന്‍സ് ഇല്ലാത്തതിനാലാണ് വാഹനം നിര്‍ത്താതിരുന്നത്. മര്‍ദനത്തില്‍ നട്ടെല്ലു പൊട്ടിയ പാര്ഥിപന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
മര്‍ദനകാര്യം പുറത്തു പറഞ്ഞാല്‍ മറ്റു കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിദ്യാര്‍ത്ഥിയെ പോലീസ് വിട്ടയച്ചത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കോട്ടയം എസ്പി കെ. കാര്‍ത്തിക് പാലാ ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടി.
പാലാ പോലീസ് വിദ്യാര്‍ഥിയുടെ മൊഴിയെടുത്തിട്ടുണ്ട്. പോലീസുകാര്‍ തെറ്റു ചെയ്തിട്ടുണ്ടങ്കില്‍ നടപടിയടുക്കുമെന്ന് കാര്‍ത്തിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: