ദുബായ് : എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ അബുദാബി വിമാനത്താവളത്തിലെ പ്രവർത്തനം നവംബർ 1 മുതൽ ടെർമിനൽ ‘എ’യിൽ നിന്നാരംഭിച്ചു. വിമാനക്കമ്പനി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനലായ ‘ടെർമിനൽ എ’ നവംബർ 1 മുതൽ പ്രവർത്തനമാരംഭിക്കുന്ന സാഹചര്യത്തിലാണിത്.
നവംബർ 1 മുതൽ നവംബർ 14 വരെ മൂന്ന് ഘട്ടങ്ങളിലായാണ് പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിൽ നവംബർ 1-നുള്ള ആദ്യ ഘട്ടത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ഉൾപ്പടെ 15 വിമാനകമ്പനികൾ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ എയിലൂടെ തങ്ങളുടെ സേവനങ്ങൾ ആരംഭിക്കുന്നതാണെന്ന് അറിയിച്ചത്.
742,000 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയ ഉൾക്കൊള്ളുന്ന ടെർമിനൽ എ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നാണ്. യുഎഇയിൽ ദുബായ് പോലെ തന്നെ ഏറെ തിരക്കേറിയതാണ് അബുദാബി വിമാനത്താവളം. പുതിയ ടെർമിനൽ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും അളവ് ഗണ്യമായി വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്.
പുതിയ ടെർമിനലിലൂടെയുള്ള സേവനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ഇത്തിഹാദ് എയർവേസിന്റെ പ്രത്യേക വിമാന സർവീസ് (അബുദാബിയിൽ നിന്ന് ന്യൂദൽഹിയിലേക്കുള്ള EY224 വിമാനം) ഒക്ടോബർ 31-ന് നടന്നിരുന്നു. പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ ഈ പുതിയ ടെർമിനൽ പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ വരെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. മണിക്കൂറിൽ 11,000 യാത്രക്കാരെ പ്രോസസ്സ് ചെയ്യാനും ഏത് സമയത്തും 79 വിമാനങ്ങൾ പ്രവർത്തിപ്പിക്കാനും ഈ ടെർമിനലിലൂടെ സാധിക്കുന്നതാണ്.
ഇതിനു പുറമെ 2024 ഫെബ്രുവരി 9 മുതൽ അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് മാറ്റാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: