ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സമരപോരാട്ടങ്ങളും സമരപരമ്പരകളും കണ്ട് തഴമ്പിച്ച മഹാനഗരമാണ് തിരുവനന്തപുരം. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം നല്കുന്ന, കേന്ദ്രത്തിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണം നടത്തുന്ന എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ നടന്ന സെക്രേട്ടറിയറ്റ് വളയല്‍ ജനപങ്കാളിത്തംകൊണ്ടും അലയടിച്ചുയര്‍ന്ന പ്രതിഷേധംകൊണ്ടും ശ്രദ്ധേയമായിരുന്നു. പിണറായി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനും ധൂര്‍ത്തിനും അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കും, ജനങ്ങളുടെ സമാധാനജീവിതം നശിപ്പിച്ച് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ വര്‍ഗീയ-ഭീകരവാദ ശക്തികളെ പിന്തുണയ്ക്കുന്ന നയത്തിനുമെതിരെ രാജ്യം മുഴുവനുമുള്ള ജനങ്ങളുടെ പ്രതിഷേധമാണ് സെക്രേട്ടറിയറ്റ് വളയല്‍ സമരത്തില്‍ പ്രതിധ്വനിച്ചത്. ഈ സമരം പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പോലീസിനെ ഉപയോഗിച്ച് സെക്രട്ടേറിയറ്റിലേക്കുള്ള മുഴുവന്‍ വഴികളും സര്‍ക്കാര്‍ അടച്ചെങ്കിലും അതിനെയൊക്കെ മറികടന്ന് പതിനായിരക്കണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. സമരം പരാജയപ്പെടുത്താന്‍ എന്തു ജനാധിപത്യവിരുദ്ധ നടപടിക്കും സര്‍ക്കാര്‍ തയ്യാറാവുമെന്ന് മുന്‍കൂട്ടി കണ്ട് രണ്ടുദിവസം മുന്‍പു തന്നെ ബിജെപിയുടെയും എന്‍ഡിഎയുടെയും പ്രവര്‍ത്തകര്‍ ഒറ്റയ്ക്കും കൂട്ടായും എത്തിക്കൊണ്ടിരുന്നു. സെക്രട്ടേറിയറ്റ് ഉപരോധ ദിവസമായ തിങ്കളാഴ്ചയോടെ അതൊരു മഹാസാഗരമായി മാറുകയായിരുന്നു. അധികാരത്തിന്റെ മത്തുപിടിച്ച് കണ്ണുകാണാതായിപ്പോയ ഒരുപറ്റം ചെമ്പന്‍ ഭരണാധികാരികള്‍ക്കും, അവര്‍ നേതൃത്വം നല്കുന്ന ജനവിരുദ്ധ ഭരണത്തിനും എതിരായ പ്രതിഷേധം ഇരമ്പിയാര്ക്കുന്നതാണ് പിന്നീട് കണ്ടത്.
സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയും, ജനങ്ങളെ അഭിസംബോധന ചെയ്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞ കാര്യങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ തുറന്നുകാട്ടുന്നതായിരുന്നു. പിണറായി സര്‍ക്കാര്‍ ഭീകരവാദികളോട് സ്വീകരിക്കുന്ന മൃദുസമീപനമാണ് കേരളം ഭീകരവാദത്തിന്റെ ഹബ്ബായി മാറാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടിയ നദ്ദ, ഇക്കാര്യത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും പറയുകയുണ്ടായി. ഭീകരസംഘടനയായ ഹമാസിന്റെ നേതാക്കള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ഒത്താശ ചെയ്ത് വിദ്വേഷം പ്രചരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പിണറായി സര്‍ക്കാരിന്റേതെന്നും, ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒത്താശ ചെയ്യുന്നത് രാജ്യരക്ഷയെപ്പോലും ബാധിക്കുമെന്നും നദ്ദ വിമര്‍ശിച്ചു. അഴിമതിയുടെയും വര്‍ഗീയപ്രീണനത്തിന്റെയും സ്ത്രീ-ദളിത് പീഡനങ്ങളുടെയും എല്‍ഡിഎഫ് ഭരണത്തിനെതിരെ നിഴല്‍യുദ്ധം മാത്രം നടത്തി സഹായിക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്ന് കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി. സാധാരണ ജനങ്ങളും ഈ ഒത്തുകളി കണ്ടുകൊണ്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളിലെ പാവപ്പെട്ട നിക്ഷേപകരെ കൊള്ളയടിക്കുന്നതില്‍ ഇരുകൂട്ടരും പരസ്പരം മത്സരിക്കുകയാണെന്നു പറഞ്ഞ സുരേന്ദ്രന്, ഇതിനു തെളിവായി നിരവധി ബാങ്കുകളിലെ അഴിമതികള്‍ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുകയുണ്ടായി.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന ഓരോ ദിവസവും ഓരോ നിമിഷവും സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും ജനങ്ങളുടെ ക്ഷേമത്തിനും ഈ ഭരണം എതിരായിരിക്കും. അധികാര ദുരുപയോഗത്തിലൂടെയുള്ള ധൂര്‍ത്തും ആര്‍ഭാടവും, വര്‍ഗീയ -ഭീകരവാദ ശക്തികളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയവും സര്‍വനാശത്തിലേക്ക് നയിക്കും. അഴിമതികൊണ്ടും അധികാരപ്രമത്തതകൊണ്ടും ജനങ്ങള്‍ സര്‍ക്കാരില്‍നിന്നും അകന്നു എന്നു ബോധ്യമായതോടെ ഒരു പ്രത്യേക മതവിഭാഗത്തെ പ്രീണിപ്പിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് ഉറപ്പാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നത്. ഇതിനുവേണ്ടി ഏതറ്റംവരെ പോകാനും മടിയില്ലെന്ന് കളമശ്ശേരിയില്‍ യഹോവസാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ നടന്ന ഭീകരാക്രമണത്തെ വെള്ളപൂശുന്നതില്നിന്ന് വ്യക്തമാവുന്നു. സത്യസന്ധവും വസ്തുനിഷ്ഠവുമായ അന്വേഷണം നടത്തി പ്രതികളെയും ഗൂഢാലോചനക്കാരെയും പിടികൂടുന്നതിനു പകരം പ്രശ്നം പെട്ടെന്ന് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേസില്‍ എന്‍ഐഎ അന്വേഷണം മുന്നില്‍ കണ്ട് നിര്‍ണായകമായ തെളിവുകള്‍ നശിപ്പിക്കുകയാണ്. പിടിയിലായ പ്രതിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലെ വിവരങ്ങള്‍ പോലീസ് ഡിലീറ്റ് ചെയ്തുവെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിരിക്കുന്നു. പ്രതിയുടെ ഭീകരവാദബന്ധം മറച്ചുപിടിക്കാനുള്ള ശ്രമമാണോ പോലീസ് നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്തും വര്‍ഗീയ-ഭീകരവാദ ശക്തികളെ പ്രീണിപ്പിക്കാന്‍ നോക്കുന്നു. ഇതിനെതിരെ കേരളമെമ്പാടും ഉയര്‍ന്നുവരാനിരിക്കുന്ന വന്‍ ജനകീയ പ്രതിഷേധത്തിന്റെ തുടക്കമാണ് എന്‍ഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: