അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പ് കഴിയുന്നതോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിരമിക്കുമെന്ന് ഇംഗ്ലണ്ട് പേസ് ബോളര്‍ ഡേവിഡ് വില്ലി. കളി ജീവിതം അവസാനിപ്പിക്കാന്‍ സമയമായെന്ന് പറഞ്ഞ താരം തന്റെ തീരുമാനവും ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രകടനവുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചു. വില്ലി തന്റെ സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് വിരമിക്കല്‍ വിവരം ലോകത്തെ അറിയിച്ചത്.
കൊച്ചുപ്രായത്തിലേ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുകയെന്ന സ്വപ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്, ഇങ്ങനെയൊരു ദിവസം വന്നുചേരണമെന്ന് ആഗ്രഹിച്ചതല്ല. എങ്കിലും ഇതാണ് കളി അവസാനിപ്പിക്കാന്‍ ഏറ്റവും പറ്റിയ സമയം എന്ന് കരുതുന്നു-വില്ലി പോസ്റ്റിട്ടു. ഇംഗ്ലണ്ടിനായി ഇത്തവണ മൂന്ന് മത്സരങ്ങളിലാണ് ഈ ഇടംകൈയ്യന്‍ ബൗളര്‍ കളിച്ചത്. അഞ്ച് വിക്കറ്റുകള്‍ നേടി. 42 റണ്‍സെടുത്തു.
ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പ്രകടനവുമായി തന്റെ വിരമിക്കല്‍ തീരുമാനത്തിന് യാതൊരു ബന്ധവുമില്ലെന്ന് പോസ്റ്റില്‍ താരം പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.
33കാരനായ ഡേവിഡ് വില്ലി 2015ലാണ് ഇംഗ്ലണ്ടിനായി ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അതേവര്‍ഷം തന്നെ ട്വന്റി20 ക്രിക്കറ്റിലും അരങ്ങേറി. 70 ഏകദിനങ്ങള്‍ കളിച്ച താരം 94 വിക്കറ്റുകള്‍ നേടി. 625 റണ്‍സെടുത്തു. 43 ട്വന്റി20യില്‍ നിന്ന് 51 വിക്കറ്റുകളും സ്വന്തമാക്കി. 2016ല്‍ ഭാരതം ആതിഥേയരായ ട്വന്റി20 ലോകകപ്പില്‍ ഫൈനലിലെത്തിയ ഇംഗ്ലണ്ട് ടീമിനൊപ്പം വില്ലിയും ഉണ്ടായിരുന്നു. 2022ല്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ട്വന്റി20 ലോക കിരീടം സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീമിലും ഡേവിഡ് വില്ലി ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: