കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുമാറ്റിയ മരടിലെ എച്ച2ഒ ഫ്ലാറ്റിന്റെ നിര്‍മാണ കമ്പനി, പാര്‍പ്പിടം നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായര്‍ കമ്മിറ്റി നിശ്ചയിച്ച 44 ലക്ഷം രൂപ കൂടാതെ, നിര്‍മാണ കമ്പനിയുടെ അധാര്‍മിക വ്യാപാര രീതി മൂലം ഉപഭോക്താവ് എന്ന നിലയില്‍ വഞ്ചിക്കപ്പെട്ടതിനും മാനസിക സാമ്പത്തിക നഷ്ടം ഉണ്ടായതിനും ഇരുപത്തിമൂന്ന്ലക്ഷത്തി പന്ത്രണ്ടായിരം രൂപ കൂടി നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോതൃ തര്‍ക്ക പരിഹാര കമ്മിഷന് ഉത്തരവ് നല്‍കിയത്.
കമ്മിഷന് പ്രസിഡന്റ് ഡി.ബി. ബിനു മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്, ടി. എന്‍. ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
നേവിയില്‍ നിന്നും വിരമിച്ച ക്യാപ്റ്റന്‍ കെ.കെ. നായരും ഭാര്യ ഗീതാ നായരും കൊച്ചിയിലെ ഹോളി ഫെയ്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കോടതി ഉത്തരവിനെ തുടര്‍ന്ന് ഫ്ലാറ്റ് പൊളിച്ച് നീക്കിയതിനാല്‍ പരാതിക്കാരന് പാര്‍പ്പിടവും നിക്ഷേപിച്ച തുകയും നഷ്ടപ്പെട്ടു. കെട്ടിട നിര്‍മാണത്തിന് ആവശ്യമായ അനുമതികളെല്ലാം ലഭിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് നിര്‍മാണ കമ്പനി പരാതികാരന് ഫ്ലാറ്റ് വില്പന നടത്തിയത്.
എന്നാല്‍, ബില്‍ഡര്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ചത് കോസ്റ്റല്‍ റഗുലേഷന് സോണ്‍ നോട്ടിഫിക്കേഷന്‍ ലംഘിച്ചാണെന്ന്, മരട് ഫ്ലാറ്റ് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബില്‍ഡറുടെ പ്രവര്‍ത്തികള്‍ വഞ്ചനാപരവും സേവനത്തിലെ പോരായ്മയും ആണെന്ന് കോടതി വിലയിരുത്തി.
ഫ്ലാറ്റ് നിര്‍മാതാക്കളുടെ ഇത്തരം നിലപാടുകള്‍ മൂലം നിരവധി ആളുകളാണ് സാമ്പത്തിക മാനസിക ബുദ്ധിമുട്ടുകളുമായി കഷ്ടത അനുഭവിക്കുന്നത്. ഫ്ലാറ്റിന് നിയമപ്രകാരം ലഭിക്കേണ്ട എല്ലാ അനുമതികളും ഉണ്ടെന്ന് ചില നിര്‍മാതാക്കള്‍ തെറ്റിദ്ധരിപ്പിക്കുന്നു. സാധാരണക്കാരുടെ വീടിടെന്ന സ്വപ്നം തകര്‍ത്ത് അധാര്‍മിക വ്യാപാരരീതി അനുവര്‍ത്തിക്കുന്ന കെട്ടിട നിര്‍മാതാക്കളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കാഴ്ചക്കാരായി നോക്കി നില്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. ടി.ജെ ലക്ഷ്മണ അയ്യര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: