ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ആദ്യമായി ക്ഷേത്രപൂജാരിമാരായി വനിതകളെ നിയോഗിച്ചു. പിത്തോരാഗഡ് ജില്ലയിലെ ചന്ദക്ക് സിക്രദാനി യോഗേശ്വര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലാണ് വനിതാ പൂജാരിമാരെ നിയോഗിച്ചത്. ക്ഷേത്രസമിതിയാണ് വനിതാ പൂജാരിമാരെ നിയമിക്കാന്‍ തീരുമാനിച്ചത്.
പ്രധാന പൂജാരിമാരെയും സഹായികളെയും പുഷ്പവൃഷ്ടി നടത്തിയാണ് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. ക്ഷേത്രസമിതി ചെയര്മാന് ആചാര്യ ഡോ. പീതാംബര്‍ അവസ്തി മുഖ്യപൂജാരിയുടെ ചുമതല മഞ്ജുള അവസ്തിക്കും സഹപൂജാരിയുടെ പൂജാരി സുമന് ബിഷ്ടിനും കൈമാറി.
കുടുംബത്തിന്റെ ഐശ്വര്യത്തിനായി പുരുഷന്മാരേക്കാള് കൂടുതല്‍ വ്രതാനുഷ്ഠാനങ്ങള്‍ സ്ത്രീകള്‍ ആചരിക്കുന്നുവെന്ന് ക്ഷേത്രസമിതി വിശ്വസിക്കുന്നു. എന്നിട്ടും അവര്‍ക്ക് പൂജാകാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ചുമതലകള്‍ നല്‍കിയിട്ടില്ല. സ്ത്രീകളാണ് കുടുംബത്തെയും സമൂഹത്തെയും നിലനിര്‍ത്തുന്ന ശാശ്വതമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതെന്ന് പീതാംബര്‍ അവസ്തി പറഞ്ഞു. യാഥാസ്ഥിതിക നിലപാടുകളെ മറികടന്ന് സംസ്കൃതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഭാവിയിലും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: