Categories: India

എട്ടു സംസ്ഥാനങ്ങളുടെയും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപക ദിനങ്ങൾ ആഘോഷിച്ച് ബംഗാൾ രാജ്ഭവൻ

Published by

കൊൽക്കത്ത: കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളുടെയും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപക ദിനങ്ങൾ വർണാഭമായ പരിപാടികളോടെ ആഘോഷിച്ച് പശ്ചിമ ബംഗാൾ രാജ്ഭവൻ.

ഇതാദ്യമായാണ് ഇത്രയധികം സംസ്ഥാനങ്ങളുടെ സ്ഥാപകദിനാഘോഷം കൊൽക്കത്ത രാജ്ഭവനിൽ ഒരുമിച്ച് അരങ്ങേറുന്നത്. ഗവർണർ ഡോ. സിവി ആനന്ദബോസ് പരിപാടി ഉദ്ഘാടനം ചെയ്തു.

കേരളം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, ആൻഡമാൻ നിക്കോബർ, ചണ്ഡീഗഡ്, ഡൽഹി, ലക്ഷദ്വീപ്, പുതുച്ചേരി, ജമ്മു-കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ സ്ഥാപകദിനമാണ് ആഘോഷിച്ചത്.

കൊൽക്കത്ത രാജ്ഭവന്റെ നൂതനോദ്യമമായ ‘മിഷൻ കലാ ക്രാന്തി’യുടെ ഭാഗമായി ഏർപ്പെടുത്തിയ ഗവർണേഴ്‌സ് എക്സലൻസ് പുരസ്കാരം പ്രമുഖ സംഗീതജ്ഞൻ സന്തനു റോയ് ചൗധരി എഴുത്തുകാരി ബേബി ഹാൽഡർ, ബംഗാളി പർവതാരോഹക പിയാലി ബസക് എന്നിവർക്ക് ഗവർണർ സമ്മാനിച്ചു.

മോഹിനിയാട്ടവും കഥകളിയും കുച്ചിപ്പുടിയുമടക്കം വിവിധ പ്രദേശങ്ങളുടെ തനതു സംസ്കാരവും പാരമ്പര്യവും വൈവിധ്യവും വിളംബരം ചെയ്യുന്ന കലാപരിപാടികൾ ചടങ്ങിന് ചാരുത പകർന്നു.

സ്ഥാപകദിനമാചരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്കു പുറമേ ലഡാക്കിൽ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘവും കലാപ്രതിഭകളും ചടങ്ങിൽ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by