നെടുങ്കണ്ടം: നെടുങ്കണ്ടത്തെ ഇടുക്കി ജില്ല ഡീലേഴ്സ് സഹകരണ സംഘത്തിലെ ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വിജിലന്‍സ് കേസെടുത്തു. 4.5 കോടി തട്ടിയെന്ന പരാതിയില്‍ മുന്‍ സെക്രട്ടറി എന്‍.പി. സിന്ധു, മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, ബാങ്ക് പ്രസിഡന്റ് ടോമി ജോസഫ് ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് കേസ്.
തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഞ്ച് മുതല്‍ 30 ലക്ഷം വരെ നിക്ഷേപിച്ചിരുന്നു. പണം പിന്‍വലിക്കാനെത്തിയവര്‍ക്ക് തുക കിട്ടാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അംഗങ്ങളുടെ സമ്മതമില്ലാതെ വ്യാജ ഗ്രൂപ്പ് നിക്ഷേപ പദ്ധതിയും വ്യാജ സ്വയം സഹായ സംഘങ്ങളും രൂപീകരിച്ച് പണംതട്ടിയെന്നാണ് കേസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കുന്നതാണ് ഡീലേഴ്സ് കോ- ഓപ്പറേറ്റീവ് ബാങ്ക്. കട്ടപ്പന, കുമളി, അടിമാലി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുമുണ്ട്.
സ്ഥിര നിക്ഷേപ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തിയും പണം തട്ടിയെടുത്തിട്ടുണ്ട്. ഇതോടൊപ്പം നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്‍കിയും വായ്പകളില്‍ ക്രമക്കേട് നടത്തിയും പണം തട്ടിയതായും സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: