തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. 55 പ്രതികളാണുളളത്. സിപിഎം കൗണ്‍സിലര്‍ പി ആര് അരവിന്ദാക്ഷന് പതിനാലാം പ്രതിയാണ്. കള്ളപ്പണ കേസിലെ ഉന്നത ഇടപെടലില്‍ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആദ്യത്തെയാളെ അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകും മുമ്പാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 90 കോടി രൂപയുടെ കള്ളപ്പണ ഇടപാടിലാണ് 12,000 പേജുള്ള പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്.പ്രതിപ്പട്ടികയില്‍ 50 പ്രതികളും അഞ്ച് കമ്പനികളുമാണുളളത്.പതിനഞ്ച് കോടിയിലേറെ രൂപ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത റബ്കോ കമ്മീഷന് ഏജന്റ് കൂടിയായ എ കെ ബിജോയാണ് കേസില്‍ ഒന്നാം പ്രതി.
ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായി പി പി കിരണിന്റെ ഉടമസ്ഥയിലുള്ള രണ്ട് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ള ഒന്ന് മുതല്‍ 12 വരെയുള്ള പ്രതികളാണ് ഇഡിയുടെ കുറ്റപത്രത്തിലുമുളളത്. കള്ളപ്പണ കേസിന്റെ മുഖ്യആസൂത്രകന് സതീഷ്കുമാറാണ് 13ാം പ്രതി.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണന്, മുന്‍ മന്ത്രി എ സി മൊയ്തീന് എന്നിവരെ ഇഡി കേസില്‍ ചോദ്യം ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: