കൊച്ചി : കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിന്റെ വീഡിയോയും മറ്റും ഇയാള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
ബോംബ് നിര്‍മിച്ചതും അത് കണ്വെന്ഷന് ഹാളില്‍ സ്ഥാപിച്ചതുമെല്ലാം മാര്ട്ടിന് ഒറ്റയ്ക്കാണെന്നാണ് ഇയാള്‍ പറയുന്നത്. ഇതുസംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. അതേസമയം പ്രതിയുടെ തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ വൈകിട്ടോടെ കോടതിയില്‍ സമര്‍പ്പിക്കും.
നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്. സാക്ഷികളെ ജയിലില്‍ എത്തിച്ചാകും തിരിച്ചറിയല്‍ പരേഡ് നടത്തുക. ഇതിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും. മാര്ട്ടിന് ബോംബ് നിര്‍മാണം പഠിച്ചത് വിദേശത്തുവെച്ചാണെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടാതെ ഇയാള്‍ ഒറ്റയ്ക്കാണ് സ്ഫോടനത്തിനായി ആസൂത്രണം നടത്തിയതെന്ന മൊഴിയും വിശ്വസനീയമല്ല. ഇത് ഉറപ്പിക്കുന്നതിനായാണ് വിദേശത്തു നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്.
അത്താണിയിലെ വീട്ടില്‍ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതി പോലീന് മൊഴി നല്‍കിയത്. ഐഇഡി നിര്‍മിച്ചതിന്റെ അവശിഷ്ടങ്ങളും പെട്രോള്‍ സൂക്ഷിച്ച കുപ്പിയും പ്രതിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതിനിടെ ഉന്നത ഉദ്യോഗസ്ഥറുടെ നേതൃത്വത്തില്‍ അന്വേഷണം സംഘം കളമശ്ശേരിയില്‍ യോഗം ചേര്‍ന്നു. തിരിച്ചറിയല്‍ പരേഡും മറ്റ് അന്വേഷങ്ങളും വിലയിരുത്തുന്നതിനായി എആര്‍ ക്യാമ്പിലാണ് യോഗം ചേര്‍ന്നത്. നവംബര്‍ 29 വരെയാണ് മാര്‍ട്ടിനെ എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: