ഹൈദരാബാദ്: തെലങ്കാനയില്‍ മത്സരിക്കാനില്ലെന്ന് തെലുഗുദേശം പാര്‍ട്ടി. രാജി പ്രഖ്യാപിച്ച് സംസ്ഥാന പ്രസിഡന്റ് കസാനി ജ്ഞാനേശ്വര്‍. നവംബര്‍ 30ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടിയുടെ തീരുമാനം നിരാശാജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമികാംഗത്വമടക്കം എല്ലാം രാജിവയ്ക്കുകയാണെന്ന് കസാനി ജ്ഞാനേശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ തീരുമാനത്തില്‍ തെലങ്കാനയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. അവരോട് പറയാന്‍ ഒരു ന്യായവും ഇല്ലാത്തതുകൊണ്ടാണ് രാജിതീരുമാനമെടുത്തതെന്ന് ജ്ഞാനേശ്വര്‍ പറഞ്ഞു. ഞങ്ങള്‍ പൂര്‍ണമായും സജ്ജരായിരുന്നു. എന്തുകൊണ്ടാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് എന്നതിനെക്കുറിച്ച് നേതൃത്വം ഒന്നും പറയുന്നില്ല. അണികളോട് അനീതി കാണിക്കാന്‍ ഞാനില്ല. അതുകൊണ്ട് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നു, അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അടുത്ത നടപടികളെക്കുറിച്ച് പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡുവാണ് തെലങ്കാനയില്‍ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. ജ്ഞാനേശ്വറിനെ ജയിലില്‍ വിളിച്ചുവരുത്തിയാണ് ചന്ദ്രബാബു നായിഡു തീരുമാനം അറിയിച്ചത്.
എപി സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്നുള്ള ഫണ്ട് ദുരുപയോഗം ചെയ്ത് സംസ്ഥാന ഖജനാവിന് 300 കോടി രൂപയിലധികം നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് നായിഡു സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്. തെലങ്കാനയില്‍ 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രം നേടിയ ടിഡിപി 3.51 ശതമാനം വോട്ടുകള്‍ നേടിയിരുന്നു.
കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയാണ് കഴിഞ്ഞ കുറി മത്സരിച്ചത്. അതേസമയം ആന്ധ്രാപ്രദേശില്‍ ടിഡിപിയുമായ സഖ്യമുണ്ടാക്കിയ നടന് പവന് കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാര്‍ട്ടി തെലങ്കാനയില്‍ 32 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: