ഇംഫാല്‍: മണിപ്പൂരിലെ മോറെയില്‍ തീവ്രവാദികളുടെ വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു.മോറെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ചിങ്ങ്തം ആനന്ദാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി പട്ടണത്തിലെ ഈസ്റ്റേണ്‍ ഗ്രൗണ്ടില്‍ പുതുതായി നിര്‍മ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റ ചിങ്ങ്തം ആനന്ദിനെ മോറെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.തീവ്രവാദികളെ പിടികൂടാനുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ദുഃഖം രേഖപ്പെടുത്തി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് അദ്ദേഹം അറിയിച്ചു. കൊലപാതകം നടത്തിയവരെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
മേയ് 3 ന് ചുരാചന്ദ്പൂര്‍ പട്ടണത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായ ശേഷം മണിപ്പൂരില്‍ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. മെയ്തേയ് സമുദായത്തിന് പട്ടികവര്‍ഗ്ഗ (എസ്ടി) പദവി നല്‍കുന്നതിനെതിരെ ഗോത്ര വിഭാഗങ്ങള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.അക്രമം അതിവേഗം സംസ്ഥാനത്തുടനീളം വ്യാപിച്ചു.
അതിനുശേഷം സംസ്ഥാനത്ത് 175 പേരെങ്കിലും മരിക്കുകയും 50,000-ത്തിലധികം പേര് പലായനം ചെയ്യുകയും ചെയ്തു. നൂറുകണക്കിന് വീടുകളും ആരാധനാലയങ്ങളും കത്തിച്ചു. വാണിജ്യ-വ്യാപാരം തകര്‍ന്നു. സ്കൂളുകളും കോളേജുകളും അടച്ചിട്ടു. കൂടാതെ സംസ്ഥാനത്ത് മാസങ്ങളോളം ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ആയുധപ്പുരകളില്‍ നിന്നും 5669 ഇനം ആയുധങ്ങളും ഏകദേശം 500,000 വെടിയുണ്ടകളും ജനക്കൂട്ടം കൊള്ളയടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം വരെ ഇവയില്‍ 1300 എണ്ണമേ വീണ്ടെടുക്കാനായുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: