ഗാസ: ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ ഉപാധ്യക്ഷനായ സാലെ അല്‍-അറൂറിയുടെ വീട് ബോംബ് സ്ഫോടനത്തില്‍ തകര്‍ത്ത് ഇസ്രയേല്‍. റാമള്ളയ്ക്കടുത്തുള്ള വെസ്റ്റ് ബാങ്ക് ടൗണിലുള്ള അറൂറയിലെ വീട് ചൊവ്വാഴ്ചയാണ് ബോംബ് സ്ഫോടനത്തില്‍ നശിപ്പിച്ചത്. ഹമാസ് എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണെന്ന ബോര്‍ഡും വീടിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ഉയര്‍ത്തി. വീട് തകര്‍ക്കുന്നതിന്റെ വീഡിയോയും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
WATCH : pic.twitter.com/VQlicken0H
— Times Algebra (@TimesAlgebraIND) October 31, 2023
നിയന്ത്രിത സ്ഫോടനം വഴിയാണ് വീട് തകര്‍ത്തതെന്നും ഇസ്രയേല്‍ സേന അറിയിച്ചു.വീട് ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കല്ലേറ് നടത്തിയ ചില വെടിവെച്ച് കൊന്നതായും ഇസ്രയേല്‍ സേന അറിയിച്ചു.
വീട് തകര്‍ക്കുന്നതിനുള്ള ഉത്തരവ് ഇസ്രയേല്‍ സേനയുടെ സെന്‍ട്രല്‍ കമാന്റ് ഹെഡ് മെജര്‍ ജനറല്‍ യെഹൂദ ഫോക്സ് ഒക്ടോബര്‍ 27നാണ് ഒപ്പുവെച്ചത്. സ്ഫോടനം നടത്തുന്നതിന് മുന്‍പ് വീടിനകത്ത് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു. വെസ്റ്റ് ബാങ്കിലെ ഹമാസ് മിലിറ്ററി വിംഗിന്റെ നേതാവായ സാലെ അല്‍-അറൂറി ഹമാസ് രാഷ്ട്രീയ വിഭാഗത്തിന്റെ ഉപാധ്യക്ഷന്‍ കൂടിയാണ്. ഇദ്ദേഹം ലെബനനില്‍ ഒളിവില്‍ കഴിയുകയാണ്.
വീട് തകര്‍ത്തതിന് ശേഷം അതിന്റെ അവശിഷ്ടങ്ങള്‍ക്ക് മേലാണ് ഇസ്രയേല്‍ ഒരു പോസ്റ്റര്‍ ഉയര്‍ത്തിയത്. ഹമാസിന്റെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും പതാകകള്‍ ഒന്നിപ്പിച്ചുകൊണ്ടുള്ള ആ കൊടിയില്‍ ഹമാസ് സമം ഐഎസ് എന്ന് എഴുതിയിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് വന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണ ഇസ്രയേലി പൗരന്മാരെ വെടിവെച്ച് കൊന്ന ഹമാസ് ഭീകരതയ്ക്ക് പിന്നില്‍ സാലെ അല്‍-അറൂറി പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രയേല്‍ പറയുന്നു. 2014ജൂണില്‍ മൂന്ന് ഇസ്രയേലികളായ മൂന്ന് കൗമാരപ്രായക്കാരെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത സംഭവത്തിലും സാലെ അല്‍ അറൂറിയ്ക്ക് പങ്കുണ്ട്. 2006ല്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ കോര്‍പറലായ ഗിലാഡ് ഷാലിറ്റിനെ ഹമാസ് പിടികൂടിയിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കാന്‍ ഇസ്രയേലില്‍ നിന്നും ആയിരം പലസ്തീനി തടവുകാരെ മോചിപ്പിക്കേണ്ടിവന്നിരുന്നു. ഈ കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ചതും സാലെ അല്‍ അറൂറിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: