ന്യൂദൽഹി : കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മതം മാത്രം ചർച്ചയാക്കാതെ സുരക്ഷയെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻസാധിക്കാത്ത സർക്കാരാണ് കേരളത്തിൽ ഭരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ഒരുകാര്യവും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞില്ല. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ നിരപരാധികൾ കൊല്ലപ്പെടുന്ന സാഹചര്യം ആവർത്തിക്കുന്നു. ട്രെയിനുകളിലും പ്രാർത്ഥനാലയത്തിലും ആളുകൾ ആക്രമിക്കപ്പെടുന്നു. നിരപരാധികളുടെ ജീവന് കേരളത്തിൽ ഒരു സുരക്ഷയും നൽകാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മതമേതായാലും വിദ്വേഷം കൊണ്ടു നടക്കുന്ന ആർക്കും ആരെയും അപായപ്പെടുത്താമെന്ന അവസ്ഥ നിലനിൽക്കുന്നു. കേരളത്തിൽ ഒരു വ്യക്തിക്ക് ഒറ്റയ്‌ക്ക് വന്ന് സ്ഫോടനം നടത്താമെന്ന അപകടകരമായ സാഹചര്യമാണ് കേരളത്തിൽ ഇപ്പോഴുള്ളത്. ഇതുവളരെ അപകടകരമായ അവസ്ഥയാണ്. കേരളത്തിന്റെ ഐക്യം പോലെ തന്നെ പ്രധാനപെട്ടതാണ് കേരളത്തിന്റെ സുരക്ഷയും. ഇങ്ങനൊരു സംഭവം ഉണ്ടായിട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷവും ഇതിനെക്കുറിച്ച് മിണ്ടുന്നില്ല. മതധ്രുവീകരണം ലക്ഷ്യം വച്ചുള്ള പരാമർശങ്ങൾ പിണറായി വിജയൻ നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും മുരളീധരൻ വിമർശിച്ചു.
ആക്രമം സംഭവിച്ചതിനു ശേഷം പ്രതി 30 കിലോമീറ്റർ യാത്ര ചെയ്തു കീഴടങ്ങുന്നതു വരെ കേരളത്തിലെ പോലീസിന് ഒരു വിവരവും ലഭിച്ചില്ല . ഭീകര പ്രവർത്തനങ്ങൾക്കു വളരെ സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. എലത്തൂർ ട്രെയിൻ തീ വയ്‌പ് സംഭവത്തിൽ അത് വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു. മതധ്രുവീകരണം ലക്ഷ്യമിട്ടാണ് രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത്. അത് കണ്ട് പേടിച്ചോടുമെന്ന് കരുതേണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: