കോട്ടയം: ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തോടെ ജീവിക്കാന്‍ എന്നതാണ് കാലങ്ങളായുള്ള പ്രമാണം. എന്നാല്‍ ഭക്ഷണം മരണകാരണമാകുന്ന മാരണമായി മാറിയിരിക്കുന്നു.
ഒരു നേരത്തെ വിശപ്പ് അടക്കാനോ, അല്ലെങ്കില്‍ രുചികരമായ ഭക്ഷണം മനസ്സറിഞ്ഞ് ആസ്വദിക്കുന്നതിനോ ആവും ഒരാള്‍ ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ ഹോട്ടലുകളില്‍ നിന്നും റസ്റ്റോറന്റുകളില്‍ നിന്നും വാങ്ങുന്ന ഭക്ഷണസാധനങ്ങള്‍ എത്രത്തോളം വിശ്വാസമര്‍പ്പിച്ച് കഴിക്കാം എന്ന ആശങ്കയിലാണ് പൊതുജനം.
ചിക്കന്‍ കൊണ്ടുണ്ടാക്കുന്ന ഷവര്മയാണിപ്പോള് ഭക്ഷണ സാധനങ്ങളിലെ പ്രധാന വില്ലന്‍. ഈ അറബിക് വിഭവം പലപ്പോഴും പാകം ചെയ്യേണ്ട രീതിയില്‍ അല്ല കേരളത്തില്‍ തയ്യാറാക്കുന്നത്. അത് തന്നെയാണ് ഭക്ഷ്യവിഷബാധയ്ക്ക് പ്രധാന കാരണവും. കേരളത്തില്‍ ഷവര്‍മ്മയ്ക്ക് ആരാധകരും ഏറെയാണ്. പാഴ്സല്‍ വാങ്ങിപ്പോകുന്നവരും നിരവധിയുണ്ട്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങളുടെ പശ്ചാത്തലത്തില്‍ പാഴ്സല്‍ ഭക്ഷണത്തിന് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
ഫെബ്രുവരി ഒന്ന് മുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കിയെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങി. ജില്ലയിലെ മിക്ക ഹോട്ടലുകളും ഈ നിബന്ധന പാലിക്കുന്നില്ല. പാഴ്സലുകളില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, എത്ര സമയത്തിനകം ഭക്ഷണം കഴിക്കണം എന്നീ കാര്യങ്ങളെല്ലാം രേഖപ്പെടുത്തുന്ന സ്റ്റിക്കര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നും അല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരോധിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നത്.
ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമാക്കിയിരുന്നു. അല്ലാത്തവരെ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നും സര്‍ക്കുലറില്‍ ഉണ്ട്. പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ് നിയമമായി പ്രാബല്യത്തില്‍ വന്നാല്‍ ആരോഗ്യ വകുപ്പിന് കര്‍ശന നടപടികള്‍ എടുക്കാന്‍ സാധിക്കും. ട്രാവന്‍കൂര്‍-കൊച്ചിന് പബ്ലിക് ഹെല്‍ത്ത് ആക്ട്, 1955, മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ട്, 1939 എന്നിവയാണ് നിലവിലുള്ളത്. ഈ നിയമങ്ങള്‍ അനുസരിച്ച് ഭക്ഷ്യസുരക്ഷാ വീഴ്ച സംഭവിച്ചാല്‍ തുച്ഛമായ പിഴയേ ഈടാക്കാന്‍ സാധിക്കൂ.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സല്‍ ഭക്ഷണം എങ്ങനെ ഉപയോഗിക്കണം, എത്ര സമയത്തിനുള്ളില്‍ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണം എന്ന നിര്‍ദേശവും നല്‍കിയിരുന്നു. ഇതൊന്നും പാലിക്കാതെയാണ് പാഴ്സലുകള്‍ യഥേഷ്ടം പായ്ക്ക് ചെയ്ത് കൊടുക്കുന്നത്.
ഉദ്യോഗസ്ഥ അലംഭാവം വിനയാകുന്നു
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ചവരുത്തുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ അധികാരമുള്ളൂ. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റേയും ആരോഗ്യവകുപ്പിന്റേയും അലംഭാവമാണ് ഭക്ഷ്യവിഷബാധയ്ക്കും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും എല്ലാത്തിനും ഇടയാക്കുന്നത്.
താളം തെറ്റിയ പരിശോധന
നേരത്തെ ഒരോ ആഴ്ചയും ‘ഹെല്‍ത്തി കേരള’ പ്രോഗ്രാമിന്റെ ഭാഗമായി ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഒന്നിടവിട്ട് പരിശോധനകള്‍ നടത്തിയിരുന്നു. സംസ്ഥാനതലത്തില്‍ നടത്തിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ മാസത്തില്‍ ഒന്ന് നടത്തിയാല്‍ എന്ന മട്ടിലായി. ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പുകളും പഞ്ചായത്ത് സെക്രട്ടറിയും അടങ്ങുന്ന സംഘം പരിശോധനകള്‍ നടത്തിയിരുന്നു. ഉടനടി നടപടികളും എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പരിശോധന കാര്യക്ഷമമായി നടക്കുന്നില്ല. ഹോട്ടല്‍- റസ്റ്റോറന്റ് ഉടമകളുടെ സ്വാധീന ഫലത്താലാണ് ഇത് ഫലപ്രദമായി നടക്കാത്തതെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: