പ്രൊഫ. പി.ജി. ഹരിദാസ്
തപസ്യ സംസ്ഥാന അധ്യക്ഷന്‍
ഹരിയേട്ടന്‍ ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു എന്നാണ് മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ വ്യസനത്തോടെ മനസ്സില്‍ കുറിച്ചത്. ഏതു കാര്യത്തിനും കൃത്യമായ മുന്നൊരുക്കങ്ങള്‍ ശീലമാക്കിയ ഒരു മഹാ വ്യക്തിത്വമായിരുന്നല്ലോ. ഓരോന്നിനും സമയം പാലിച്ച് ജീവിതത്തെ സാര്‍ത്ഥകമാക്കിയ ഈ കര്‍മ്മയോഗിയുടെ മാതൃക ഒരിക്കലും മറക്കാനാവില്ല. അസാമാന്യ ധിഷണാ വൈഭവത്തിന്റെയും അനിതരസാധാരണമായ ഓര്‍മ്മശക്തിയുടെയും അനേകം ദൃഷ്ടാന്തങ്ങളാണ് മനസ്സിലേക്ക് കടന്നുവരുന്നത്.
എണ്‍പതുകളുടെ മധ്യത്തില്‍ എച്ച്.വി. ശേഷാദ്രിജി ഒരു യോഗത്തില്‍ സംസാരിക്കാന്‍ എറണാകുളത്ത് എത്തി. ‘വിഭജനത്തിന്റെ ദുഃഖകഥ’യുടെ പ്രകാശനമാണെന്നാണ് ഓര്‍മ. ശേഷാദ്രിജി സംസാരിച്ചുതുടങ്ങി. മൂന്നുനാലു വാചകം പറഞ്ഞ് പരിഭാഷയ്‌ക്ക് തയ്യാറായിരുന്ന ഹരിയേട്ടന്റെ നേരെ നോക്കുന്നു. തുടര്‍ന്നുകൊള്ളാന്‍ ആംഗ്യം കാണിച്ച് ഹരിയേട്ടന്‍ ആജ്ഞാചക്ര സ്ഥാനത്ത് വിരലമര്‍ത്തി കസേരയില്‍ ശിരസ്സ് നമിച്ചിരുന്നു. അരമണിക്കൂറോളം എടുത്ത ഹിന്ദി പ്രഭാഷണം സാരാംശം ഒട്ടും നഷ്ടമാകാതെ ഹരിയേട്ടന്‍ അത്രയുംതന്നെ സമയമെടുത്ത് പരിഭാഷ ചെയ്തത് വലിയ അത്ഭുതത്തോടെയാണ് സദസ്സ് കേട്ട് ആസ്വദിച്ചത്.
ഏറ്റവും ശ്രേഷ്ഠമായ അറിവിന്റെ ഉറവകളായി ഹരിയേട്ടന്റെ പ്രഭാഷണങ്ങളും രചനകളും ഇന്ന് നമുക്ക് ചുറ്റും നിറയുമ്പോള്‍ അദ്ദേഹം വ്യാപരിച്ച മേഖലകളുടെ വൈപുല്യം അമ്പരപ്പിക്കുന്നു. സ്വാഭിമാനികളായി വളരുവാനും, ദീക്ഷയും തപസ്സും ജീവിതവ്രതമായി ശീലിക്കുവാനും സ്വയംസേവകരോടും സമാജപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും പറയുമ്പോള്‍ അദ്ദേഹം ഒരു ജീവിത മാതൃകയായി നമുക്കു മുന്‍പിലുണ്ടായിരുന്നു. അലങ്കാര ഭാഷയുടെ അകമ്പടിയില്ലാതെ സത്യസന്ധമായി ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ വലിയ അനുഭൂതിയോടെ സ്വീകരിക്കാന്‍ കഴിഞ്ഞ എത്രയോ സദസ്സുകളാണ് നമ്മുടെ ഓര്‍മ്മയില്‍ വരുന്നത്.ആ മഹാതപസ്വി തെളിച്ചുതന്ന മാര്‍ഗ്ഗത്തെ തിരിച്ചറിഞ്ഞ് അതിലൂടെ മുന്നേറുവാന്‍ അഞ്ജലീബദ്ധരായി നില്‍ക്കുകയല്ലാതെ നമുക്ക് മറ്റെന്ത് ചെയ്യാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: